അനുദിനവിശുദ്ധർ – ഡിസംബർ 31

🎄🎄🎄 December 31 🎄🎄🎄
വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പ
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

314 ജനുവരിയില്‍ മെല്‍ക്കിയാഡ് പാപ്പാ അന്തരിച്ചതോടെയാണ് റോമന്‍ നിവാസിയായിരുന്ന വിശുദ്ധ സില്‍വെസ്റ്ററിനെ സഭയെ നയിക്കുവാന്‍ തിരഞ്ഞെടുത്തത്. തിരുസഭക്ക് അവളുടെ അടിച്ചമര്‍ത്തല്‍ നടത്തുന്നവരുടെ മേല്‍ താല്‍ക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പാ പദവിയിലെത്തുന്നത്. ഏതാണ്ട് 21 വര്‍ഷത്തോളം അദ്ദേഹം തിരുസഭയെ നയിച്ചു. സഭയില്‍ അച്ചടക്കം കൊണ്ടു വരികയും, നാസ്തികത്വത്തിനെതിരേയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്ത പാപ്പ നിഖ്യാ സമിതിയില്‍ പങ്കെടുക്കുകയും, ആദ്യത്തെ എക്യുമെനിക്കല്‍ സമിതിയില്‍ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലത്താണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ റോമില്‍ പ്രശസ്തമായ പല ദേവാലയങ്ങളും സ്ഥാപിതമായത്. ബസലിക്കയും അതിന്റെ ജ്ഞാനസ്നാന പീഠവും, സെസ്സോറിയന്‍ കൊട്ടാരത്തിലെ ബസലിക്ക (Santa Croce), വത്തിക്കാനിലെ സെന്റ്‌ പീറ്റര്‍ ദേവാലയം, കൂടാതെ രക്തസാക്ഷികളുടെ കല്ലറകള്‍ക്ക് മുകളില്‍ അനേകം സെമിത്തേരി പള്ളികളും ഇതില്‍പ്പെടുന്നു. ഇവയുടെ നിര്‍മ്മിതിയില്‍ വിശുദ്ധ സില്‍വെസ്റ്റര്‍ സഹായിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം. അദേഹം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഒരു സുഹൃത്തായിരുന്നു.

325-ല്‍ ഇദ്ദേഹം നിഖ്യായിലെ ആദ്യ പൊതു സമിതി സ്ഥിരീകരിച്ചു. തിരുസഭക്ക് സമാധാനത്തിന്റെ ഒരു പുതിയ യുഗം ഈ വിശുദ്ധന്‍ വാഗ്ദാനം ചെയ്തു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം വന്ന “സമാധാനത്തിന്റെ ആദ്യത്തെ പാപ്പാ” എന്ന് ഇദ്ദേഹം വിളിക്കപ്പെട്ടിരുന്നിരിക്കാം. റോമന്‍ സംഗീത സ്കൂള്‍ ഇദ്ദേഹമാണ് സ്ഥാപിച്ചത്. വിശുദ്ധ പ്രിസില്ലയുടെ കല്ലറക്ക് മുകളില്‍ അദ്ദേഹം ഒരു സെമിത്തേരി പള്ളി പണിതു. 335 ഡിസംബര്‍ 31ന് മരണമടയുമ്പോള്‍ വിശുദ്ധനേയും ഈ പള്ളിയിലാണ് അടക്കം ചെയ്തത്.

ഇദ്ദേഹത്തിന്റെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച് നാടകീയമായ പല ഐതിഹ്യങ്ങളും കേള്‍ക്കുവാനുണ്ട്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ കുഷ്ഠരോഗത്തില്‍ നിന്നും വിമുക്തനാക്കിയതും, ശ്വസിക്കുമ്പോള്‍ വിഷം വമിക്കുന്ന ഭീകര സത്വത്തെ വധിച്ചതും അവയില്‍ ചിലത് മാത്രമാണ്. മാമോദീസയുടെ ശക്തിയേയും, വിഗ്രാഹാരാധനക്ക് മേല്‍ ക്രിസ്തുമതത്തിന്റെ വിജയത്തേയും വരച്ച് കാട്ടുകമാത്രമാണ് ഇത്തരം ഐതിഹ്യങ്ങള്‍ കൊണ്ടു ഉദ്ദേശിക്കുന്നത്.

Advertisements

ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄

1. അന്തിയോക്യയില്‍ നിന്ന്‍ റോമയില്‍ താമസമാക്കിയ ബാര്‍ബേഷ്യല്‍

2. സ്പാനിഷ് പെണ്‍കുട്ടിയായ സെന്‍സിലെ കൊളുമ്പാ

3. ദെണാത്താ, പൗളിന, റുസ്റ്റിക്കാ, നോമിനാന്താ, സെറോത്തിനാ, ഹിലാരിയാ

4. ബെല്‍ജിയത്തിലെ വാലെമ്പര്‍ട്ട്

5. ഹെര്‍മെസ്

6. റോമന്‍ വനിതയായ മേലാനിയാ ജൂനിയറും അവളുടെ ഭര്‍ത്താവ് പിനിയനും
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

Advertisements

🙏പ്രഭാത പ്രാർത്ഥന..🙏

വിദ്വേഷം കലഹം ഇളക്കി വിടുന്നു.. സ്നേഹമോ എല്ലാ അപരാധങ്ങളും പൊറുക്കുന്നു.. (സുഭാഷിതങ്ങൾ :10/12)
ആരാധനയ്ക്ക് ഏറ്റവും യോഗ്യനായ എന്റെ ദൈവമേ..

അവിടുത്തെ എല്ലാ സൃഷ്‌ടികളോടുമൊത്ത് അങ്ങേയ്ക്കു കൃതജ്ഞതയർപ്പിക്കാൻ ദാനമായി ലഭിച്ച ഈ പ്രഭാതത്തിന്റെ അനർഘനിമിഷങ്ങളിൽ ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. വിദ്വേഷത്തിന്റെ വേര് വളർന്ന് ഉപദ്രവം ചെയ്യുമെന്ന് വചനം പറഞ്ഞു തന്നിട്ടുണ്ടെങ്കിലും പലപ്പോഴും അറിഞ്ഞും അറിയാതെയും അപരനോടുള്ള വിദ്വേഷത്തെ മനസ്സിൽ സൂക്ഷിക്കുന്നവരായി ഞങ്ങളും മാറിയിട്ടുണ്ട്. എത്രയൊക്കെ അനുതാപത്തോടെ കൂദാശകൾ സ്വീകരിച്ചിരുന്നവരായാലും പൂർണമായി ഉപേക്ഷിച്ചു കളയാതെ മനസ്സിന്റെ ഉള്ളറയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന എന്നിലെ വിദ്വേഷത്തിന്റെ മുള്ളുകൾ എന്റെ ആത്മാവിലേക്കും പടർന്നു കയറി ആന്തരീക മുറിവായ് തീരുന്നത് പലപ്പോഴും ഞാൻ പോലും അറിയാറില്ല. ഒടുവിൽ ഒരു ചെറിയ തീപ്പൊരി കൊണ്ട് കൊടുങ്കാടു പോലും ചാരമാകുന്നതു പോലെ അനവസരത്തിൽ നാവിൻ തുമ്പിൽ നിന്നും പുറപ്പെടുന്ന ഒരു വാക്കിൽ പിടിച്ചു കയറി എന്നിലെ വിദ്വേഷം അപരനോടുള്ള കലഹമായി മാറി എന്നിൽ പൂർണമായും ആധിപത്യം സ്ഥാപിച്ചെടുക്കുകയും ചെയ്യും.

എന്റെ നല്ല ദൈവമേ.. ഹൃദയത്തെ മുറിപ്പെടുത്തുന്ന വിദ്വേഷത്തിന് എന്റെ ജീവിതത്തിൽ ഇടം നൽകാൻ ഞാൻ അനുവദിക്കില്ല. ഒരിക്കലും ഞാനത് ആഗ്രഹിക്കുന്നില്ല ഈശോയേ.. ഒരു കലഹപ്രിയനായി മാറി നിന്റെ ആത്മാവിനെ എന്നിൽ നിന്നും നഷ്ടപ്പെടുത്തി ഞാൻ എവിടേക്കു പോയ്‌ മറയും.. തിരുസന്നിധിയാണ് എന്നും എന്റെ അഭയം എന്നു വിശ്വസിക്കുന്ന എന്നിലേക്ക് എല്ലാം പൊറുക്കാൻ പഠിപ്പിക്കുന്ന ദൈവസ്നേഹമായി വന്ന് അങ്ങു കുടികൊള്ളേണമേ നാഥാ.. അപ്പോൾ എന്റെ ജീവൻ അപഹരിക്കാൻ പോലും തുനിയുന്ന അപരനോടും എനിക്ക് നിഷ്പ്രയാസം ക്ഷമിക്കാൻ സാധിക്കുകയും, പാപിയായ എനിക്കുവേണ്ടി കുരിശിലേറിയ എന്റെ ഈശോയുടെ നിസ്വാർത്ഥ സ്നേഹത്തോളം ഞാനും വളരുകയും ചെയ്യും. അപ്പോൾ വിദ്വേഷത്തിന്റെ വേരുകളെ പിഴുതെറിഞ്ഞു കൊണ്ട് എല്ലാ അപരാധങ്ങളെയും പൊറുക്കുകയും സകലത്തെയും അതിജീവിക്കുകയും ചെയ്യുന്ന സ്നേഹമെന്ന പുണ്യത്തിൽ അനുദിനം വളരാനും, സ്നേഹത്തിന്റെ നിറവായി തീർന്നു ഫലമണിയാനും ഞങ്ങളും യോഗ്യരാവുകയും ചെയ്യും..
വിശുദ്ധ പീറ്റർ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ 🙏


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment