അനുദിനവിശുദ്ധർ – ജനുവരി 5

♦️♦️♦️ January 05 ♦️♦️♦️
വിശുദ്ധ ജോണ്‍ ന്യുമാന്‍
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️


1811 മാര്‍ച്ച് 28ന് ബൊഹേമിയയിലെ പ്രചാറ്റിറ്റ്സ് ഗ്രാമത്തിലുള്ള ഒരു കാലുറ നെയ്ത്തുകാരന്റെ ആറു മക്കളില്‍ ഒരാളായാണ് വിശുദ്ധ ജോണ്‍ ന്യുമാന്‍ ജനിച്ചത്. തന്റെ അമ്മയില്‍ നിന്നുമാണ് വിശുദ്ധന്‍ ദൈവഭക്തി ശീലിച്ചത്. അവളുടെ പ്രേരണയാല്‍ ജോണ്‍ ബഡ് വെയിസിലെ സെമിനാരിയില്‍ ചേര്‍ന്നു.

സെമിനാരി ജീവിതത്തിനിടക്ക് ഒരു സുവിശേഷകനായി അമേരിക്കയില്‍ പോകണമെന്നായിരുന്നു ജോണ്‍ ആഗ്രഹിച്ചിരുന്നത്. അങ്ങിനെ അദ്ദേഹം തന്റെ ജന്മദേശം വിടുകയും, 1836-ല്‍ ന്യൂയോര്‍ക്കിലെ മെത്രാനായിരുന്ന ജോണ്‍ ഡുബോയിസില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. ദേവാലയങ്ങള്‍ പണിയുകയും, സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഏതാണ്ട് നാലു വര്‍ഷത്തോളം അദ്ദേഹം ബുഫാലോയിലും, പരിസര പ്രദേശങ്ങളിലുമായി ചിലവഴിച്ചു.

1840-ല്‍ വിശുദ്ധന്‍ ‘ഹോളി റെഡീമര്‍’ സഭയില്‍ അംഗമായി. എട്ടു വര്‍ഷത്തിനു ശേഷം അദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. പിയൂസ്‌ ഒമ്പതാമന്‍ പാപ്പായുടെ ഉത്തരവ്‌ പ്രകാരം വിശുദ്ധന്‍ ഫിലാഡെല്‍ഫിയായിലെ നാലാമത്തെ മെത്രാനായി വാഴിക്കപ്പെട്ടു. എട്ടോളം ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം തന്റെ സുവിശേഷ വേലകളില്‍ അദ്ദേഹത്തിന് തുണയായി. പൊതു വിഷയങ്ങള്‍ക്ക്‌ പുറമേ മതപരമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സഭാ സ്കൂളുകള്‍ക്ക് (the Parochial School System in America) വേണ്ടി പ്രവര്‍ത്തിച്ചവരില്‍ ഒരു പ്രഥമ സ്ഥാനം വിശുദ്ധനുണ്ട്.

വിശുദ്ധന്റെ ജീവിതത്തില്‍ പ്രത്യേകമായി എടുത്ത് പറയേണ്ട ഒരു കാര്യമാണ് റോമില്‍ വെച്ച് പരിശുദ്ധ മാതാവിന്റെ അമലോല്‍ഭവ പ്രമാണ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ് നാല്‍പ്പതു മണി ആരാധനാരീതി ഫിലാഡെല്‍ഫിയാ രൂപതയില്‍ ആരംഭിച്ചത്‌. ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കായി അമേരിക്കയിലെ ആദ്യത്തെ ദേവാലയം ഇദ്ദേഹമാണ് നിര്‍മ്മിച്ചത്‌. വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയിലെ ഗ്ലെന്‍ റിഡിള്‍ സന്യാസിനീ വിഭാഗത്തിന്റെ സ്ഥാപകനും വിശുദ്ധ ജോണ്‍ ന്യുമാനാണ്.

1860 ജനുവരി 5ന്, തന്റെ 48-മത്തെ വയസ്സില്‍ വിശുദ്ധന്‍ തെരുവില്‍ തളര്‍ന്ന്‍ വീഴുകയും, തന്റെ സുവിശേഷ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിച്ച് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുകയും ചെയ്തു.. ഫിലാഡെല്‍ഫിയായിലെ സെന്റ്‌ പീറ്റേഴ്സ് ദേവാലയത്തിലെ താഴത്തേ പള്ളിയുടെ അള്‍ത്താരക്ക് കീഴെ വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നു.

Advertisements

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1. അപ്പോളിനാരിസു സിന്‍ക്ക്ലെത്തിക്കാ

2. ഐറിഷു മഠാധിപയായ ചേരാ

3. ബ്രിട്ടനിലെ കോണ്‍ വോയോണ്‍

4. റോമന്‍ വനിതയായ എമീലിയാനാ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

Advertisements

🙏പ്രഭാത പ്രാർത്ഥന..🙏


എന്റെ ഹൃദയം തിന്മയിലേക്കു ചായാൻ സമ്മതിക്കരുതേ.. (സങ്കീർത്തനം:141/4)
പരിശുദ്ധനായ ദൈവമേ..
തന്നെ ഭയപ്പെടുന്നവരെയും, തന്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുന്നവരെയും അങ്ങ് കടാക്ഷിക്കുന്നു. അങ്ങ് ഞങ്ങളുടെ പ്രാണനെ മരണത്തിൽ നിന്നും രക്ഷിക്കുകയും,ക്ഷാമത്തിൽ ഞങ്ങളുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്നു. പലപ്പോഴും സങ്കടങ്ങൾ ഇങ്ങനെ ഒന്നിനു പിറകേ ഒന്നായി വന്നു ചേരുമ്പോൾ പ്രാർത്ഥനയിൽ വല്ലാതെ മടുപ്പ് തോന്നാറുണ്ട്. എത്ര പ്രാർത്ഥിച്ചിട്ടും ദൈവം കേൾക്കുന്നില്ലല്ലോ, ഇത്ര നാളും പ്രാർത്ഥിച്ചിട്ടും ദൈവം കേട്ടില്ലല്ലോ.. അപ്പോൾ പിന്നെ പ്രാർത്ഥനയ്ക്കു വേണ്ടി വെറുതെ സമയം കളയുന്നതെന്തിനാ..അത്ര സമയം വേറേ എന്തെങ്കിലും കാര്യം ചെയ്യാമല്ലോ എന്നൊക്കെ കരുതി അലസതയുടെയും, മടുപ്പിന്റെയുമൊക്കെ വലിയ ചതുപ്പു നിലത്തേക്ക് ഞാനും വീണു പോകാറുണ്ട്. മിക്കപ്പോഴും ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും അതിനു കാരണമായി തീരാറുമുണ്ട്. പ്രാർത്ഥിച്ചില്ലെങ്കിലും ഞങ്ങളുടെ ജീവിതങ്ങൾക്ക് യാതൊരു കുഴപ്പവുമില്ല എന്ന വാക്കുകളിൽ ചിലപ്പോഴെങ്കിലും എന്റെ മനസ്സുടക്കാറുമുണ്ട്.
എന്റെ നല്ല ദൈവമേ.. അവിടുത്തെ വചനവഴിയേ, വിശ്വാസസത്യത്തിൽ അടിയുറച്ചു ഞാൻ ജീവിക്കണമെന്നാണ് അവിടുത്തെ ഹിതമെങ്കിൽ എന്നെ കാരുണ്യപൂർവം കാടാക്ഷിക്കേണമേ.. പ്രാർത്ഥനയിൽ എന്നും അവിടുത്തെ തിരുവിഷ്ടം തേടാനും, അതുവഴി എന്നിലെ സന്തോഷങ്ങളിൽ വേരാഴ്ത്തി നിൽക്കുന്ന പാപസുഖങ്ങളെ പിഴുതെറിയാനും അവിടുന്ന് എന്നെ സഹായിക്കേണമേ. അപ്പോൾ തിന്മയിലേക്ക് ചായാതെ സഹനങ്ങളിലും ദൈവേഷ്ടം തിരയുന്ന നന്മയുടെ വിളനിലമായി എന്റെ ഹൃദയവും രൂപപ്പെടുകയും, എല്ലാ തിന്മകളിൽ നിന്നും എന്നെ വീണ്ടെടുത്ത് തന്റെ സ്വർഗ്ഗരാജ്യത്തിലേക്ക് എന്നെ കാത്തു കൊള്ളുന്ന കർത്താവിനെ ഞാൻ എന്നും എപ്പോഴും മഹത്വപ്പെടുത്തുകയും ചെയ്യും..
വിശുദ്ധ അൽഫോൺസാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment