എല്ലാം നിൻ്റെ മാതൃക വഴി വിശുദ്ധ യൗസേപ്പിതാവേ!

ജോസഫ് ചിന്തകൾ 29

എല്ലാം നിൻ്റെ മാതൃക വഴി വിശുദ്ധ യൗസേപ്പിതാവേ!

 
തിരുസഭയുടെ ചരിത്രത്തിലെ 266 മാർപാപ്പമാരിൽ ജോസഫ് എന്ന ജ്ഞാനസ്നാന നാമം ഉണ്ടായിരുന്നത് മൂന്നു പേർക്കു മാത്രമാണ്. വിശുദ്ധ പത്താം പീയൂസ്. (ജുസെപ്പെ സാർത്തോ) വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ ( അൻഞ്ചെലോ ജുസെപ്പെ റോങ്കാലി) ബനഡിക് പതിനാറാമൻ ( ജോസഫ് റാറ്റ്സിംഗർ) എന്നിവരായിരുന്നു അവർ.
“എല്ലാം ഈശോയ്ക്കു വേണ്ടി, എല്ലാം മറിയം വഴി, എല്ലാം നിൻ്റെ മാതൃക വഴി വിശുദ്ധ യൗസേപ്പിതാവേ! ജിവിതത്തിലും മരണത്തിലും എൻ്റെ മുദ്രവാക്യം അതായിരിക്കണം.” വിശുദ്ധ പത്താം പീയൂസിൻ്റെ സ്വകാര്യ പ്രാർത്ഥനയിൽ നിന്നുള്ള വാക്കുകളാണിവ.
 
വിശുദ്ധ യൗസേപ്പിതാവിനോടു തികഞ്ഞ ഭക്തി പുലർത്തിയിരുന്ന പത്താം പീയൂസ് പാപ്പ പത്രോസിൻ്റെ പിൻഗാമിയെന്ന നിലയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി തിരുസഭയിൽ പ്രചരിപ്പിക്കാൻ നിരന്തരം ശ്രദ്ധിച്ചിരുന്നു. 1909 ൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനിയ സഭയിൽ ഔദ്യോഗികമായി അംഗീകരിച്ചത് പത്താം പീയൂസ് പാപ്പയാണ്. 1913 ഇറ്റാലിയൻ വൈദീകനായിരുന്ന ഡോൺ ലൂയിജി ഗ്വാനെല്ലയുടെ (Don Luigi Gunanella നിർദേശ പ്രകാരം മരിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാൻ ജോസഫിൻ്റെ സാഹോദര്യ കൂട്ടായ്മ ( Pious Union of Saint Joseph) എന്ന പ്രാർത്ഥനാ കൂട്ടായ്മയ്ക്കു രൂപം നൽകി. പിയൂസ് പാപ്പ ഈ ഈ കൂട്ടായ്മയിലെ ആദ്യ അംഗവും അതിൻ്റെ
അഭ്യുദയകാംക്ഷിയുമായിരുന്നു.
 
ഇതിലെ അംഗങ്ങൾ രാവിലെയും വൈകുന്നേരവും ” ഈശോ മിശിഹായുടെ വളർത്തു പിതാവും കന്യകാമറിയത്തിൻ്റെ യഥാർത്ഥ മണവാളനമായ വിശുദ്ധ യൗസേപ്പേ , ഞങ്ങൾക്കു വേണ്ടിയും ഈ പകലും രാത്രിയിലും മരിക്കുന്നവർക്കു വേണ്ടിയും പ്രാർത്ഥിക്കണമേ ” എന്നു പ്രാർത്ഥിക്കുന്നു.
 
വിശുദ്ധ പത്താം പീയൂസ് മാർപാപ്പയെപ്പോലെ എല്ലാത്തിലും യൗസേപ്പിതാവിനെ നമുക്കു മാതൃകയാക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment