പുലർവെട്ടം 429

{പുലർവെട്ടം 429}

എന്തുകൊണ്ടാണ് ശ്വാസം മുട്ടിക്കുന്ന പറ്റുവരവിൽ സങ്കടം മാത്രം അടയാളപ്പെടുത്തുന്ന ബന്ധങ്ങളിൽ നിന്ന് മനുഷ്യരിനിയും പുറത്തുകടക്കാത്തത്? അവർക്ക് അഭയസ്ഥലികളില്ലാത്തതുകൊണ്ടല്ല. അവർ കൂടി വാതിലടച്ചാൽ പിന്നെ അയാൾക്ക് എന്ത് സംഭവിക്കുമെന്ന ശുദ്ധമായ ബോധത്തിൽ നിന്നാണത്. സേവിയേഴ്സ് കോംപ്ലക്സ്, White Knight Syndrome തുടങ്ങിയ വിശേഷണങ്ങൾ കൊണ്ട് അപഹസിക്കപ്പെടേണ്ട ഒന്നല്ല ഈ വിചാരം. ചുറ്റുമുള്ളവരുടെ രക്ഷകനായി ഒടുവിൽ മുങ്ങി മരിച്ചു പോകുന്ന മനുഷ്യരെ സൂചിപ്പിക്കാനാണത്.

സിനിമയാണ്, എന്നാലുമത് നന്നായി ഉള്ളിൽ പതിഞ്ഞിട്ടുണ്ട്. ഏകയോഗത്തിൽ ഇടർച്ചയുണ്ടായ ഒരു പുരുഷൻ- അയാൾക്കത് അവളോട് ഏറ്റുപറയണമെന്നുണ്ട്. അത് കേൾക്കുന്ന മാത്രയിൽ നിലത്തുവീണ ചില്ലുപാത്രം പോലെ അവൾ ഉടഞ്ഞുപോയേക്കുമെന്ന് അയാൾക്കറിയാം. എന്നിട്ടും അവൾ ചെയ്തത് അവളേക്കാൾ പല മടങ്ങ് ആകാരവലിപ്പമുള്ള അയാളെ ചേർത്ത് പിടിക്കുകയായിരുന്നു. കണ്ണീർ തുടയ്ക്കാതെ അവൾ പറഞ്ഞതിങ്ങനെയാണ്: “നിനക്ക് ഞാൻ മാപ്പ് നൽകിയില്ലെങ്കിൽ മറ്റാരാണ് അത് ചെയ്യുക?”

ദസ്തോവ്സ്കിയുടെ ഭാഷയിൽ സന്തോഷം കൊണ്ട് മരിച്ചു കളയാൻ തോന്നുന്ന ചില നിമിഷങ്ങൾ സ്നേഹത്തിന്റെ പിരിയൻഗോവണിയിൽ കാത്ത് നിൽപ്പുണ്ട്. മടങ്ങിവരാനല്ലെങ്കിൽ നിരത്തിനെന്തിനാണിത്രയും യുടേണുകൾ എന്ന് പറയാൻ തയ്യാറുള്ള അത്തരം മനുഷ്യരാണ് സ്നേഹകൂദാശയുടെ ശരിയായ വൈദികർ. മണൽഘടികാരത്തിലെന്നപോലെ കാലം വിരലുകൾക്കിടയിലൂടെ ചൊരിഞ്ഞു പോകുമ്പോൾ തിരുത്താനോ പരിഭവം നടിക്കാനോ പകയ്ക്ക് കപ്പം കൊടുക്കാനോ നേരമില്ലെന്ന് കണ്ടെത്തിയതുകൊണ്ട് സ്നേഹത്തിലായിരിക്കുകയല്ലാതെ മറ്റ് വഴികളൊന്നും അവരുടെ മുൻപിലില്ല. അരനാഴികനേരത്തിൽ പരാതിക്കോ തർക്കത്തിനോ പ്രസക്തിയില്ല. അതുകൊണ്ടുതന്നെ അനന്തതയുടെ പൊൻപരാഗങ്ങൾ പുരണ്ട മാത്രകൾ നിലനിർത്തി കടന്നുപോവുകയാണ് അവരുടെ ധർമ്മം.

പഴയകാല കലാകാരൻമാർ തങ്ങളുടെ വേഷമണിഞ്ഞ് അരങ്ങിൽ പൊലിഞ്ഞുപോകണമെന്ന് കിനാവുകണ്ടത് പോലെ. സ്നേഹത്തേക്കാൾ ഭംഗിയുള്ള കലയും സാധനയുമില്ല. അതിലേർപ്പെട്ട ഒരാൾക്കും ഇതിനേക്കാൾ നിറമുള്ള സങ്കല്പമുണ്ടാവില്ല.കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയോട് പണ്ടൊരു പുണ്യവാൻ ചോദിച്ചു, ഇപ്പോൾ മരിച്ചാൽ നീ എന്തു ചെയ്യും? I will keep on playing എന്നായിരുന്നു മറുപടി. അതുപോലെ ചിലർ കണ്ണടയുമ്പോഴും keep on loving. കടന്നുപോയിട്ടും ഒരു പോസ്റ്റ് സ്ക്രിപ്റ്റ് എഴുതി വയ്ക്കുവാൻ അവർ ആഗ്രഹിക്കുന്നുണ്ട്. ഉവ്വ്, ആ പേരിൽ ഒരു ചലച്ചിത്രമുണ്ടായിരുന്നു: P.S. I Love You.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

4 responses to “പുലർവെട്ടം 429”

  1. Reblogged this on Love and Love Alone.

    Liked by 1 person

      1. You are most Welcome as always

        Liked by 1 person

Leave a reply to Nelson Cancel reply