പുലർവെട്ടം 430

{പുലർവെട്ടം 430}


“മായാ, വിൽ യു ലുക് ആഫ്റ്റർ യുവേഴ്സ്സെൽഫ്?” ഇതായിരുന്നു അച്ഛന്റെ അവസാനത്തെ ആശങ്ക. ‘മരണം ദുർബ്ബല’ത്തിൽ നിന്നാണ്. മരണത്തിലും പരിഹരിക്കപ്പെടാതെ പോകുന്ന അത്തരം ആകുലതകളിലാണ് അനായാസേന മൃത്യു എന്ന പ്രാർത്ഥന ചിതറിപ്പോകുന്നത്. യേശുവിനെക്കുറിച്ച് പലരും പലതും കരുതുന്നുണ്ടാവും എന്ന് കുസൃതി പറയുന്ന ഒരു കവിതയുടെ ഭാഷാന്തരം വായിച്ചതോർമ്മയുണ്ട്. ഓരോരുത്തർക്കും യേശു തങ്ങളുടേതാണെന്ന് പറയാനായി ഓരോരോ കാരണങ്ങളുണ്ട്. യേശു ഒരു സ്ത്രീ ആയിരുന്നു എന്ന് കരുതുന്നവരുടെ കാരണം മരിച്ചിടത്തുനിന്ന് വീണ്ടും എഴുന്നേറ്റു വന്ന് ചെയ്തു തീർക്കാനാവാത്ത പണികളിൽ തിരക്കിട്ട് ഏർപ്പെട്ടു എന്നുള്ളതാണ്. ശിമയോന്റെ പ്രാർത്ഥനയിലെന്നപോലെ സമാധാനത്തിലല്ല മിക്കവാറും പേരുടെ കടന്നുപോകൽ. സ്വയം ശ്രദ്ധിക്കാനാവുമോ എന്നാണ് വിയോഗനേരത്ത് തെളിഞ്ഞും മറഞ്ഞും അവർ ഉറ്റവരോട് ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം പറഞ്ഞുനിർത്തിയ P.S.: I Love You എന്ന സിനിമയുടെയും അതിനാധാരമായ അതേ പേരിലുള്ള നോവലിന്റേയും കഥാതന്തു ഒരു ശൈത്യകാലത്ത് ഹോളിയുടെ ജെറി എന്ന പുരുഷൻ കടന്നുപോവുകയാണ്. അയാളുടെ അഭാവത്തിലാണ് തങ്ങൾക്കിടയിലെ തർക്കങ്ങളും ഭിന്നതകളും എത്ര കിളുന്തു കാര്യങ്ങളായിരുന്നുവെന്ന് ഹോളിയ്ക്ക് ബോധ്യപ്പെടുന്നത്. അവളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി അവളുടെ പിറന്നാളാഘോഷിക്കുവാൻ കൂട്ടുകാർ തീരുമാനിക്കുന്നു. അവൾക്കായി ആരോ ഒരു കേക്ക് കൊടുത്തയച്ചിട്ടുണ്ട്. അതിന്റെ കൂടെ ഒരു കത്തും ഉണ്ടായിരുന്നു; ജെറിയുടേതാണത്! ഇനി അവൾക്ക് ലഭിക്കാൻ പോകുന്ന അനവധി കത്തുകളുടെ തുടക്കമായിരുന്നു അത്. സ്വയം കണ്ടെത്താനും ജീവിതത്തെ മനശ്ശാന്തിയോടെ അഭിമുഖീകരിക്കാനും ഉതകുന്ന പ്രായോഗികമായ ചില ഓർമ്മപ്പെടുത്തലുകൾ. അവളുടെ ഓരോ സന്ദിഗ്ദ്ധതകളിലും ധൈര്യപ്പെടുത്തുന്ന കുറിപ്പുകളായിരുന്നു അവ. ഓരോരോ തിരിവിൽ ഓരോരോ അവിചാരിത അനുഭവങ്ങൾ. ഓരോന്നിലും അയാളുടെ ഇടപെടലുണ്ട്. ഓരോ കത്തും അവസാനിക്കുന്നത് ഇങ്ങനെയാണ്: P.S I Love You. അതാണ് പ്രധാനം; അത് മാത്രമാണ് പ്രധാനം.

ചിത്രത്തിന്റെ ഒടുവിൽ കത്തുകൾ കൃത്യമായി അയയ്ക്കുവാൻ അയാളേല്പിച്ച ആളെ കണ്ടെത്തുന്നു. അത് അവളുടെ അമ്മയാണ്. അവസാനത്തെ കത്ത് അമ്മ അവൾക്ക് നേരിട്ട് കൊടുക്കുകയാണ്. ആ കത്ത് അവൾ വായിക്കുന്നത്, ഇതിനകം അവളുടെ അരങ്ങിലേയ്ക്ക് പ്രവേശിച്ച ഒരു ഗായകനോടൊത്താണ്. ജീവിതം വച്ചു നീട്ടുന്ന പുതിയ സ്നേഹാനുഭവത്തോട് മുഖം തിരിച്ചു നിൽക്കേണ്ട കാര്യമില്ല എന്നാണ് അയാൾ പറഞ്ഞവസാനിപ്പിക്കുന്നത്.


– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “പുലർവെട്ടം 430”

  1. Reblogged this on Love and Love Alone.

    Liked by 1 person

      1. Welcome 🙏

        Liked by 1 person

Leave a comment