{പുലർവെട്ടം 432}
Love keeps no record of wrongs.
– St. Paul
ഒരാളാലും സ്വാഗതം ചെയ്യപ്പെടാതെ പോയ ഒരു നൗകയെക്കുറിച്ച് Max Lucado എഴുതുന്നുണ്ട്. 1956 മുതൽ അലകളിൽ അത് അലഞ്ഞു നടക്കുന്നുണ്ട്. അതിനിയും സഞ്ചാരയോഗ്യം തന്നെയാണ്. പിന്നെ എന്താണ് സംഭവിച്ചത്? ഫിലാഡൽഫിയയിൽ ശുചീകരണത്തൊഴിലാളികൾ ദീർഘനാളുകളായി പണിമുടക്കിയ ഒരു വേനൽക്കാലമുണ്ടായി. അതിന്റെ കടശ്ശിയിൽ സംസ്കരിക്കാനാവാത്ത മാലിന്യമലകൾ രൂപപ്പെട്ടു. പെലിക്കാനൊ എന്ന കപ്പൽ ചിത്രത്തിലേക്ക് വരുന്നത് അങ്ങനെയാണ്. കപ്പലിലേക്ക് ആ മാലിന്യം വച്ചുമാറി. അതിന്റെ ഉടമകൾ സങ്കല്പിച്ചതുപോലെ ചാരമാക്കി മാറ്റിയ ഗാർബേജിന് ആവശ്യക്കാരെ കിട്ടിയില്ല. എല്ലാ തുറമുഖങ്ങളും തന്നെ കപ്പലിനോട് വിമുഖത കാട്ടി. ഗുണപാഠം വ്യക്തമാണ്- സൃഷ്ട്യുന്മുഖതയ്ക്ക് ആക്കം കൊടുക്കാത്ത എന്തിനെയും വഹിച്ചുകൊണ്ടുള്ള സഞ്ചാരങ്ങൾ ആരെയും രക്ഷിക്കില്ല.
Trash അപകടകാരിയാണ്. അതിനെ ചൊരിഞ്ഞു കളയാനാണ് ഒരാളുടെ യുക്തിയും ഭക്തിയും സഹായിക്കേണ്ടത്. ചില അലോസരങ്ങളെ ചൊരിഞ്ഞു കളയുവാൻ കായേൻ തയ്യാറായിരുന്നുവെങ്കിൽ ഭൂമിയിൽ ഭ്രാതൃഹത്യ എന്നൊരു പദം ഉണ്ടാവില്ലായിരുന്നു. ചില താരതമ്യങ്ങളെ കുടഞ്ഞുകളയാനായിരുന്നെങ്കിൽ മാർത്തയ്ക്ക് മേരിയോട് കലമ്പേണ്ടി വരില്ലായിരുന്നു.
ആശ്രമത്തിലെ പ്രാരംഭദിനങ്ങളിൽ പരിശീലിക്കപ്പെട്ടിരുന്ന ഒരു മെഡിറ്റേഷൻ ഓർക്കുന്നു. ചമ്രം പടിഞ്ഞിരുന്ന് ശ്വാസത്തിലേക്ക് ഏകാഗ്രമാകേണ്ട രീതിയായിരുന്നു അത്. നല്ലതല്ലാത്തതൊക്കെ നിശ്വസിക്കുക എന്നായിരുന്നു പ്രാഥമിക പാഠം. പിന്നെയാണ് സ്നേഹത്തിന്റെ പുതുശ്വാസത്തെ വരവേല്ക്കേണ്ടത്. ‘പൊട്ടി പുറത്ത്’ എന്ന ആചാരം പോലെയാണ് ഈ സങ്കല്പം.
എളുപ്പമല്ല ഈ പ്രക്രിയ. അപമാനങ്ങളെയും അവഗണനകളെയും അഭിനന്ദനങ്ങളെക്കാളും ആദരവിനെക്കാളും ആഴത്തിലാണ് തലച്ചോറിൽ കോറിയിട്ടിരിക്കുന്നത്. ലേണിങ്ങിനേക്കാൾ അൺലേണിങ് ആണ് കഠിനമായ കാര്യം. എന്നിട്ടും സ്വയം രക്ഷിക്കുന്നതിന്റെ ആദ്യചുവടാണ് ഈ വിചാരം. ഓർമ്മകൾക്ക് ഒരു അരിപ്പ ആവശ്യമുണ്ട്. പൊട്ടിയ പഴയ ഗ്രാമഫോൺ റെക്കോർഡ് പോലെ, കൊടിയ വേദനകളിൽ മനുഷ്യർ തടഞ്ഞുനിൽക്കാതിരിക്കുവാൻ അവയെ പാടെ തുടച്ചുകളയുന്ന പ്രതിഭാസം ഇനിയും വൈദ്യന്മാർ പഠിച്ചുതീർന്നിട്ടില്ല. നല്ലതല്ലാത്ത ഒന്നിനെയും കരുതിവയ്ക്കരുതെന്നാണ് ദൈവവും പ്രകൃതിയും നിങ്ങളോടിപ്പോഴും ആവശ്യപ്പെടുന്നത്. ഒരു ഗ്രാമത്തിലോ പട്ടണത്തിലോ നിങ്ങൾ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ആ ഇടം വിട്ടു പോകുന്നതിനു മുമ്പ് പാദത്തിൽ അടിഞ്ഞ പൊടി പോലും തട്ടിക്കളഞ്ഞിട്ട് സ്നേഹതീർത്ഥാടനങ്ങൾ തുടരണമെന്നാണ് ആചാര്യൻ ഇപ്പോഴും അനുശാസിക്കുന്നത്.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/



Leave a comment