പുലർവെട്ടം 436

{പുലർവെട്ടം 436}

 
പൂനെ..
കാണേണ്ട ഇടങ്ങളുടെ പട്ടിക പറയുമ്പോൾ സ്നേഹിതൻ അതിലൊന്നാമതായി എണ്ണുന്നത് വാർമ്യൂസിയം തന്നെയാണ്. പിന്നെ ഗാന്ധിയും കസ്തൂർബയും സരോജിനി നായിഡുവും തടവുകാരായായിരുന്ന അഗാ ഖാൻ കൊട്ടാരം, പ്രാക്ബുദ്ധ വിഹാരങ്ങൾ, ബൊട്ടാനിക്കൽ ഗാർഡൻ, സെന്റ് പോൾസ് ചർച്ച്… അങ്ങനെ അത് നീളുന്നു.
 
‘വാർമ്യൂസിയം വേണ്ട’ വീട്ടിലെ ചെറിയ കുട്ടി പ്രഖ്യാപിക്കുന്നു. യുദ്ധത്തെ ഗ്ലോറിഫൈ ചെയ്തു എന്നതല്ലാതെ ഒന്നുമില്ല അത്തരം കാഴ്ചകളിൽ.
 
വായിച്ചു തീർത്ത പുസ്തകത്തിന്റെ ഒടുവിലത്തെ അദ്ധ്യായം വെറുതെ ഓർത്തു. അസാധാരണ പ്രകാശം ചിതറുന്ന ഒരു പുസ്തകമാണത്- Humankind: A Hopeful History. സ്വഭാവത്തിൽ സ്വാർത്ഥരും പരുക്കരുമാണ് നരവംശം എന്ന പേർത്തുപേർത്ത് പറഞ്ഞുകൊണ്ടിരിക്കുന്ന നടപ്പ് ധാരണകളെ തലകീഴായി കാണാൻ ശ്രമിക്കുന്നു. സാമാന്യം തടിച്ച പുസ്തകമാണത്. ആശയങ്ങളെയല്ല, ആശയങ്ങളെ സൃഷ്ടിച്ചെടുത്ത പരിസരങ്ങളെയാണ് എഴുത്തുകാരൻ അതിൽ വിചാരണ ചെയ്യുന്നത്. അത് വേരുകൾക്കുള്ള ചികിത്സയാണ്. Yuval Noah Harari തുടങ്ങിയവർ അതിനെക്കുറിച്ച് മതിപ്പു പറയുന്നുണ്ട്.
പുസ്തകത്തിന്റെ ഒടുവിലത്തെ അദ്ധ്യായങ്ങളിലൊന്നിന്റെ ശീർഷകമിതാണ്- When the soldiers came out of the trenches.1914 ക്രിസ്മസ് ദിനത്തിൽ ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുവാൻ തയാറായ ആ ശത്രുപക്ഷങ്ങളുടെ കഥ തന്നെയാണ് സൂചിതം. മിലിട്ടറി ചരിത്രകാരനായ ടോണി ആഷ്വർത്ത് അതിനെ വിശേഷിപ്പിച്ചത് a sudden surfacing of the whole of iceberg എന്നാണ്. സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും മഞ്ഞുമലകൾ അഗാധത്തിൽ ആണ്ടു കിടപ്പുണ്ട്. അപൂർവം ചില മുഹൂർത്തങ്ങളിൽ അതിന്റെ അഗ്രം നമ്മുടെ റെറ്റിനയിൽ പതിയുന്നുണ്ടെന്നു മാത്രം.
 
കൊളംബിയയിൽ നിന്ന് ഓപ്പറേഷൻ ക്രിസ്മസ് എന്നൊരു അനുബന്ധവിചാരം കൂടി അയാളതിൽ ചേർത്തുവയ്ക്കുന്നുണ്ട്. ഒരു പരസ്യക്കമ്പനി നടത്തിക്കൊണ്ടിരുന്ന രണ്ടു പേരോട് SARK എന്ന ഗറില്ലാ ആർമിയെ സ്വാധീനിക്കായി എന്തെങ്കിലും ചില കാര്യങ്ങൾ ചെയ്യുവാൻ ദേശത്തിന്റെ പ്രതിരോധമന്ത്രി ആവശ്യപ്പെടുകയാണ്. ഇതിനകം രണ്ടര ലക്ഷത്തോളം ജീവിതത്തിന് കണക്കുപറയേണ്ട ബാധ്യതയുള്ള അരനൂറ്റാണ്ട് പഴക്കമുള്ള ഒളിപ്പോരാളികളുടെ ഒത്തുചേരലിനെ സമാധാനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു അവരുടെ ധർമ്മം. ആ ക്രിസ്മസിന് ഒൻപതിടങ്ങളിൽ എഴുപത്തഞ്ചടിയുള്ള മരങ്ങളിൽ ക്രിസ്മസ് വിളക്കുകൾ തെളിച്ച് ആർക്കും വായിക്കാവുന്ന വിധത്തിൽ ഇങ്ങനെ എഴുതിവെച്ചു: ‘ക്രിസ്മസിന് ഈ വനത്തിലേക്ക് എത്തുവാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാനും കഴിയും. At Christmas everything is possible. പുതിയ മാറ്റങ്ങളുടെ തുടക്കമായിരുന്നു അത്.
 
പിറ്റേവർഷത്തെ ക്രിസ്മസിൽ അവർ പാർപ്പിടങ്ങളെ വലം ചുറ്റിപ്പോകുന്ന പുഴയിലേക്ക് ഏഴായിരത്തോളം വിളക്കുകൾ കൊളുത്തിയ സുതാര്യഗോളങ്ങൾ ഒഴുക്കിവിടുകയായിരുന്നു. സന്ദേശം വ്യക്തമായിരുന്നു: Come Home; we are waiting for you. പകയുടെയും മുൻവിധിയുടെയും കുലം ഒടുങ്ങുകയായിരുന്നു. അവരവർ സൃഷ്ടിച്ചെടുത്ത കിടങ്ങുകളിൽ നിന്ന് പുറത്തുവരാൻ നേരമായി. പുറത്ത് താരകാർച്ചിത സ്നേഹമുണ്ട്.
 
– ബോബി ജോസ് കട്ടികാട്
 
 
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 436”

  1. Reblogged this on Love and Love Alone.

    Liked by 1 person

Leave a comment