{പുലർവെട്ടം 438}
അമല വല്ലപ്പോഴുമൊക്കെ നമ്മുടെ മെസ്സിൽ വരാറുണ്ട്- വിക്ടർ ലീനസിന്റെ മകളാണ്. ഒരു ഡസൻ കഥകൾ മാത്രം എഴുതി കടന്നുപോയ ആ എഴുത്തുകാരൻ മലയാളത്തിന് പൊതുവേ പരിചയമില്ലാത്ത ഒരു ഭാവുകത്വം സൃഷ്ടിച്ചിട്ടുണ്ട്.
അനുരാഗത്തിലേക്ക് വഴുതിപ്പോകുന്ന ബന്ധങ്ങളായിരുന്നു മിക്കവാറും ചലച്ചിത്രം ഉൾപ്പെടെയുള്ള നമ്മുടെ സർഗഭാഷ്യങ്ങളിൽ അതുവരെയും അതിനുശേഷവും സംഭവിച്ചിരുന്നത്. കുലീനമായ സ്ത്രീപുരുഷ സൗഹൃദങ്ങൾ കുട്ടൂസനിലേക്കും ഡാകിനിയിലേക്കും മാത്രമായി പരിമിതപ്പെടുത്തേണ്ട ബാധ്യതയുണ്ടെന്നാണ് മലയാളി സമൂഹത്തെക്കുറിച്ചുള്ള ഫലിതം! വിക്ടർ ലീനസാകട്ടെ ഒന്നിനുമല്ലാത്ത, പ്രണയത്തിലേക്ക് വകഭേദം വരാത്ത സ്ഥായിയായ സ്ത്രീപുരുഷ സൗഹൃദങ്ങളുടെ ഭംഗികളെക്കുറിച്ച് എഴുതി. അവസാനത്തെ കഥകളായ വിടയിലും യാത്രാമൊഴിയിലും ഉഷയുണ്ട്. അയാളുടെ ആത്മസ്പർശിയായ ആ കഥകളിലൊക്കെ ഒരു ആർദ്രസാന്നിധ്യമാണ് അവർ. പ്രതിസന്ധികളിൽ കൂട്ടായും അശ്രദ്ധകളിൽ കരുതലായും അവർ തെളിഞ്ഞു കത്തുന്നുണ്ട്. അവസാനത്തെ കഥയായ യാത്രാമൊഴിയിൽ വണ്ടിയ്ക്കൊപ്പം അവർ നീങ്ങിക്കൊണ്ടേയിരുന്നു. മാതൃഭൂമിയിൽ ആ കഥ അച്ചടിച്ചു വന്നത് വിക്ടറിന്റെ മരണത്തിന് ശേഷമായിരുന്നു.
ഫ്രാൻസിസ്കൻ പാരമ്പര്യത്തിലെ ജെക്കോബായെ ഓർമ്മിപ്പിക്കുന്നുണ്ട് വിക്ടർ ലീനസിന്റെ ഉഷ. പരന്ന വായനയുളള അയാൾക്ക് പരിചിതമായ ഇടം തന്നെയാവണം അത്. കഥകളിലൊന്നിൽ ഒരു കഥാപാത്രത്തെ ബ്രദർ ജൂണിപ്പർ എന്നയാൾ വിശേഷിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.
ജെക്കോബയിലേക്ക് വരൂ. ഫ്രാൻസിസിന്റെ സ്നേഹിതയായിരുന്നു അവർ. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമനുഭവപ്പെടാത്ത വിധത്തിൽ ഉന്നതമായിരുന്നു ആ അടുപ്പം. അവരെ സഹോദരി എന്നല്ല ബ്രദർ ജെക്കോബ എന്നാണ് ഫ്രാൻസിസ് വിളിച്ചിരുന്നത്. മരണനേരത്ത് തന്റെയടുക്കൽ അവരുണ്ടാകണമെന്ന് അയാൾ അഭിലഷിച്ചു. ദൂതുമായി പുറപ്പെട്ട സഹോദരനോട് അവർ തയ്യാറാക്കി നൽകിയിരുന്ന ആൽമണ്ട് കൊണ്ടുള്ള ഒരു ഇഷ്ടവിഭവവും കൊണ്ടുവരണമെന്ന് താല്പര്യം പറഞ്ഞു. സന്ദേശമെത്തുന്നതിനുമുൻപേ അത് പാകപ്പെടുത്തി അവർ തന്റെ രണ്ടു മക്കളോടൊപ്പം അസീസിയിലേക്ക് യാത്ര തിരിച്ചിരുന്നു. സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ആവൃതിയിൽ അയാളുടെ മരണത്തിന് അവർ സാക്ഷിയായി. ഇപ്പോഴും ട്രാൻസിതൂസ് എന്ന ഫ്രാൻസിസിന്റെ ചരമസ്മൃതിശുശ്രൂഷയിൽ ആൽമണ്ടുകൊണ്ടുള്ള മധുരം വിളമ്പുന്ന രീതി ചിലയിടങ്ങളിലുണ്ട്. അതൊരു നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മയാണ്. ഫ്രാൻസിസിന്റെ സമാധിക്കരികിൽതന്നെയാണ് ബ്രദർ ജെക്കോബയും അന്ത്യവിശ്രമം കൊള്ളുന്നത്.
” വണ്ടിയിലേക്ക് കയറുന്നതിനു മുൻപ് ഞാൻ നിന്നു. പെട്ടന്ന് ഉഷ തന്റെ വലതുകൈയുടെ ചൂണ്ടുവിരൽത്തുമ്പ് എന്റെ ചുണ്ടിൽ തൊടുവിച്ചുകൊണ്ട് പറഞ്ഞു: ‘അരുത്’.
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ആരും ആരോടും ചൊല്ലേണ്ടാത്ത ഒരു മൊഴിയുണ്ട്.
അവൾ എന്റെ ചുണ്ടിൽ നിന്ന് വിരൽത്തുമ്പ് മാറ്റി.
എന്ത്?
പുഞ്ചിരിക്കാൻ പണിപ്പെട്ടുകൊണ്ട് അവൾ പറഞ്ഞു:
യാത്രാമൊഴി. അതുകൊണ്ട് അവളോട് ഞാൻ യാത്ര പറഞ്ഞില്ല”.
(യാത്രാമൊഴി / വിക്ടർ ലീനസ്)
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/



Leave a comment