ഫെബ്രുവരി 25
വാഴ്ത്തപ്പെട്ട റാണിമരിയ

കേരളത്തില്‍ എറണാകുളം ജില്ലയിലെ പുല്ലുവഴിയില്‍ പൈലി വട്ടാലില്‍, ഏലീശ്വാ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമത്തെ മകളായി മേരിക്കുഞ്ഞ് 1954 ജനുവരി 29-ന് ജനിച്ചു. മാതാപിതാക്കള്‍ ഉത്തമ കത്തോലിക്കാ വിശ്വാസത്തിലും ദൈവഭക്തിയിലും മകളെ വളര്‍ത്തി.അനുദിനം കുടുംബപ്രാര്‍ത്ഥനകളിലും ദിവ്യ ബലിയിലും മേരിക്കുഞ്ഞ് ഉത്സാഹപൂര്‍വ്വം പങ്കെടുക്കുമായിരുന്നു.ഇടവകയിലെ മരിയന്‍ സൊഡാലിറ്റിയില്‍ അവള്‍ സജീവപ്രവര്‍ത്തകയായിരുന്നു.മേരിക്കുഞ്ഞ് തന്‍റെ പതിനെട്ടാമത്തെ വയസ്സില്‍ഫ്രാന്‍സീസ്ക്കന്‍ ക്ലാരിസ്റ്റു സഭയില്‍ ചേര്‍ന്നു.1974 മെയ് 1-ന് റാണിമരിയ എന്ന നാമം സ്വീകരിച്ച് പ്രഥമ വ്രതവാഗ്ദാനം നടത്തി.ഉത്തരേന്ത്യയില്‍നിന്നും അവധിക്കുവന്ന മിഷണറിമാര്‍ തങ്ങളുടെ സാഹസികതനിറഞ്ഞ പ്രേഷിത ദൗത്യങ്ങളെക്കുറിച്ചു വിവരിച്ചത് സിസ്റ്റര്‍ റാണിമരിയയുടെ മനസ്സില്‍ ആവേശം നിറച്ചു. ക്രിസ്തുവിനുവേണ്ടി സാക്ഷ്യം വഹിക്കുവാന്‍ അവള്‍ തീരുമാനമെടുത്തു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എതിര്‍പ്പുകളും നിറഞ്ഞുനിൽക്കുന്ന ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ പ്രേഷിത രംഗത്തേയ്ക്കുള്ള തന്‍റെ നിയോഗം സന്തോഷതത്തോടെ അവള്‍ ഏറ്റെടുത്തു. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. എല്ലായിടത്തും തന്‍റെ തനതായ സൃഷ്ടിപരതയിലൂടെ അവള്‍ കര്‍ത്താവിനു സാക്ഷ്യം വഹിച്ചു. സിസ്റ്റര്‍ റാണിമരിയ എട്ടു വർഷത്തോളം ബിജ്നോര്‍ രൂപതയില്‍ സേവനമനുഷ്ഠിച്ചു. ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി അവള്‍ അഹോരാത്രം അധ്വാനിച്ചു.
സിസ്റ്റര്‍ റാണിമരിയ തുടര്‍ന്ന് ഒമ്പതുവര്‍ഷത്തോളം മധ്യപ്രദേശിലെ സാറ്റ്ന രൂപതയില്‍ പ്രവര്‍ത്തിച്ചു.തദ്ദേശീയ ജനവിഭാഗമായ ‘ആദിവാസിളുടെ’ശാക്തീകരണത്തിലും യുവതലമുറയുടെ വിദ്യാഭ്യാസത്തിലും അവള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ദരിദ്രരെ ഭൂവുടമകളുടെ ക്രൂരമായ ചൂഷണങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിന് സിസ്റ്റര്‍ റാണി മരിയ സ്വാശ്രയ സംരംഭങ്ങള്‍ക്കു രൂപം കൊടുത്തു. അവളുടെ സാക്ഷ്യത്തിലൂടെ നിരവധിയാളുകള്‍ ക്രിസ്തീയവിശ്വാസം സ്വീകരിച്ചു. റാണിമരിയയെ ആളുകള്‍ സ്നേഹപൂര്‍വ്വം’ ഇന്‍ഡോര്‍ റാണി ‘എന്ന് അഭിസംബോധന ചെയ്യുമായിരുന്നു. അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ടവരുടെ വിമോചനത്തിനും പുനരധിവാസത്തിനുമായി റാണി മരിയ പദ്ധതികള്‍ നടപ്പിലാക്കി. റാണി മരിയായുടെ ക്രൈസ്തവവിശ്വാസത്തിലും ഉപവിയിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ഭൂവുടമകളില്‍ എതിര്‍പ്പും വിദ്വേഷവും ഉളവാക്കി. എന്നാല്‍ അവരുടെ ഭീക്ഷണികളെ അവള്‍ ഗൗനിച്ചില്ല. ക്രിസ്തു തന്നെ ഭരമേല്പിച്ച ദരിദ്രരെ പുനരുദ്ധരിക്കാനുള്ള ദൗത്യം അവള്‍ തുടര്‍ന്നു.
സ്ഥാപിത താത്പര്യക്കാരായഭൂവുടമകളും എതിരാളികളും ചേര്‍ന്ന് അവളെ വധിക്കുന്നതിന് തീരുമാനിച്ചു.1995 ഫെബ്രുവരി 25-ന് ഇന്‍ഡോറിലേയ്ക്ക ഒരു ബസ്സില്‍ യാത്ര ചെയ്യവേ,സഹയാത്രികരുടെ മുമ്പില്‍ വച്ച് അവളുടെ ശത്രുക്കളായ ഭൂവുടമകളാല്‍ പ്രേരിതനായി സമുന്ദര്‍ സിംഗ് സിസ്റ്റര്‍ റാണിമരിയായെ മൃഗീയമായി കുത്തി കൊലപ്പെടുത്തി. തന്‍റെ ദൈവവിളിയുടെ തീഷ്ണതയാല്‍ നന്മ നിറഞ്ഞ ഒരു ഹൃദയം കാത്തു സൂക്ഷിച്ചു കൊണ്ട് അവള്‍ ദിവ്യനാഥന്‍റെ സന്നിധിയിലേയ്ക്കു യാത്രയായി.
എന്നാല്‍ കാര്യങ്ങള്‍ അവിടെ അവസാനിച്ചില്ല. ‘ക്രൈസ്തവ ഉപവി’ ജീവിച്ച് യാഗനായിതീര്‍ന്ന ഈ സന്യാസ സഹോദരിയുടെ കബറിടത്തിലുള്ള പ്രാര്‍ത്ഥനയും മാധ്യസ്ഥ്യവും അനേകര്‍ക്ക് അത്ഭുതങ്ങളുടെ അനുഭവമായി. യഥാര്‍ത്ഥ അത്ഭുതം നടന്നത്, സ്വാമി സദാന്ദയുടെ ആത്മീയോപദേശങ്ങളുടെ ഫലമായി റാണി മരിയയുടെ ഘാതകനായ സമൂന്ദര്‍ സിംഗ് മാനസാന്തരപ്പെട്ടപ്പോഴാണ്. റാണിമരിയായുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും സമുന്ദര്‍ സിംഗിനോട് ക്ഷമിക്കുകയും അയാളെ അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ സ്വീകരിക്കുകയും ചെയ്തു. കാരുണ്യവര്‍ഷത്തിന്‍റെ സമാപനത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ സിസ്റ്റര്‍ റാണിമരിയയുടെ രക്തസാക്ഷിത്ത്വം അംഗീകരീക്കുകയും അവളെ വാഴ്ത്തപ്പെട്ടവളാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. 2017 നവംമ്പര്‍ 4-ന് ഇന്‍ഡോറില്‍ വച്ച് വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തെ സിസ്റ്റര്‍ റാണി മരിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
⚜️⚜️⚜️ February 25 ⚜️⚜️⚜️
വിശുദ്ധ ടാരാസിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ബൈസന്റൈന്‍ സാമ്രാജ്യത്തിലെ ഒരു പ്രജയായിരുന്നു വിശുദ്ധ ടാരാസിയൂസ്. അദ്ദേഹം പിന്നീട് സാമ്രാജ്യത്തിലെ ഉന്നത പദവികളിലൊന്നായ കോണ്‍സുലര്‍ പദവിയിലേക്കും അതിനു ശേഷം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടേയും, അദ്ദേഹത്തിന്റെ അമ്മയായ ഐറീന്റേയും സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി വിശുദ്ധനെ തിരഞ്ഞെടുത്തപ്പോള്‍, വിശുദ്ധ ചിത്രങ്ങളെ ആദരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു പൊതു യോഗം വിളിച്ചു കൂട്ടാമെന്ന ഉറപ്പിന്മേലാണ് വിശുദ്ധന്‍ ആ പദവി സ്വീകരിച്ചത്.
ചക്രവര്‍ത്തിമാര്‍ തമ്മിലുള്ള യുദ്ധങ്ങള്‍ നിമിത്തം കോണ്‍സ്റ്റാന്റിനോപ്പിള്‍ പരിശുദ്ധ റോമന്‍ സഭയില്‍ നിന്നും വിഭജിക്കപ്പെട്ട നിലയിലായിരുന്നു. 786-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ‘വിശുദ്ധ അപ്പസ്തോലിക ദേവാലയത്തില്‍’ വെച്ച് ഈ യോഗം കൂടുകയുണ്ടായി. പിന്നീട് അടുത്ത വര്‍ഷം നൈസില്‍ വെച്ചും ഈ യോഗം കൂടുകയും ഈ യോഗത്തില്‍ ഉരുത്തിരിഞ്ഞ പ്രമേയങ്ങള്‍ പാപ്പാ അംഗീകരിക്കുകയും ചെയ്തു.
തന്റെ ഭാര്യയില്‍ നിന്നും വിവാഹമോചനത്തിനുള്ള അനുവാദം നിഷേധിച്ചതിനാല്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ചക്രവര്‍ത്തിയുടെ ശത്രുതക്ക് പാത്രമായി അദ്ദേഹം മാറി. ഇതിനിടെ വിശുദ്ധ ട്ടാരാസിയൂസ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മരണത്തിനു സാക്ഷ്യം വഹിച്ചു. ഐറീന്റെ പതനവും, നൈസ്ഫോറസ് ഭരണം പിടിച്ചെടുത്തത്തിനും വിശുദ്ധ ട്ടാരാസിയൂസ് സാക്ഷ്യം വഹിച്ചു. വിശുദ്ധ ട്ടാരാസിയൂസിന്റെ മുഴുവന്‍ ജീവിതവും അനുതാപത്തിന്റേയും, പ്രാര്‍ത്ഥനയുടേതുമായിരുന്നു. തന്റെ പുരോഹിതരേയും, ജനത്തേയും നവീകരണത്തിലേക്ക് കൊണ്ട് വരാന്‍ അദ്ദേഹം വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചു.
21 വര്‍ഷവും 2 മാസവും വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയെ നയിച്ചു. പാവങ്ങളോടുള്ള വിശുദ്ധന്റെ അനുകമ്പ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സവിശേഷ നന്മയായിരുന്നു. ഒരു ദരിദ്രനും തന്റെ ദാനധര്‍മ്മങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി കോണ്‍സ്റ്റാന്റിനോപ്പിളിലെ എല്ലാ ഭവനങ്ങളും ആശുപത്രികളും വിശുദ്ധന്‍ നേരിട്ട് സന്ദര്‍ശിച്ചിരിന്നു. 806-ല്‍ മെത്രാന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. ആഗോള കത്തോലിക്ക സഭ ഫെബ്രുവരി 25നാണ് ഈ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. മോബോഗ് ആശ്രമത്തിന്‍റെ ആബട്ട് ആയ അദെല്‍ത്രൂദിസു
2. ഫിനീഷ്യായിലെ അനാനിയാസും കൂട്ടരും
3. അവെര്‍ത്താനൂസ്
4. ആഫ്രിക്കക്കാരായ ഡോണാത്തൂസും യുസ്ത്തൂസും ഹെറോനയും കൂട്ടരും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്‌ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്‌ണുതയോടെ വര്‍ത്തിക്കുവിന്‍.
എഫേസോസ് 4 : 2


Leave a comment