💞പ്രതീക്ഷയുടെ പാനപാത്രം 💞
ഫേസ്ബുക്കിന്റെ വെള്ളച്ചുമരിൽ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖി ദിനത്തിന്റെ ചിത്രങ്ങൾ നിറയുകയാണ്… തള്ളവിരലു കൊണ്ട് ആ ചിത്രങ്ങൾ പതിയെ മുകളിലേക്ക് തള്ളിവിടുന്നതിനിടയിൽ ഒരെണ്ണം വല്ലാതെ ഇഷ്ട്ടപ്പെട്ടു… പൊട്ടി പൊട്ടിപ്പൊളിഞ്ഞൊരു കാസയുടെ ചിത്രം…
അത് വെറുതെ പൊട്ടി പൊളിഞ്ഞതല്ല… അതിനൊരു പിന്നാമ്പുറമുണ്ട്… ചോരയും മരണവും നിലവിളിയും നിറഞ്ഞ ദിനങ്ങളുടെ പിന്നാമ്പുറം…
‘ഖാലിഫേറ്റെ’ന്ന സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനുള്ള പടപ്പുറപ്പാടിൽ ഐസിസിന്റെ ക്രൂരചാവേറുകള്‍ കൊള്ളയും കൊലയും ആരംഭിച്ച സമയം… നിസ്സഹായരായ മനുഷ്യരെ ക്രിസ്ത്യാനികളായതിന്റെ പേരില്‍ അവർ കൊന്നൊടുക്കി… എന്തിനേറെ പിഞ്ചുകുഞ്ഞുങ്ങളെയും ഗർഭിണികളെപ്പോലും അവർ വെറുതെ വിട്ടില്ല….
ജനിച്ചു വീണ മണ്ണും ജീവിച്ചു വളര്‍ന്ന വീടും മറന്ന് ലക്ഷ്യമില്ലാതെ ഓടിപ്പോവേണ്ടി വന്നത് ഒരു ലക്ഷത്തി നാല്പത്തിനായിരത്തിലേറെ ക്രിസ്ത്യാനികൾക്കായിരുന്നു… വിശ്വാസത്തിന്റെ പേരില്‍ ആയിരത്തിലേറെ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു…. പള്ളികള്‍ തകർക്കപ്പെട്ടു… മനസ്സിനും ശരീരത്തിനും മുറിവുകള്‍ പേറി എല്ലാം നഷ്ടപ്പെട്ട് നിസ്സഹായത മാത്രം സ്വന്തമായി തീർന്നൊരു ജനത… ഏത് സമയവും കൊല്ലപ്പെട്ടേക്കാം എന്ന മരണഭയത്തിൽ കഴിഞ്ഞ നാളുകള്‍… അന്ന് പിടിച്ചടക്കിയ പള്ളികൾ തകർക്കുന്നതിനിടയിൽ ഭീകരരുടെ വെടിയേറ്റ് പൊട്ടിപ്പൊളിഞ്ഞതാണ് ഈ കാസ…. ആ ജനത കടന്നുപോയ ദുരന്തങ്ങളുടെ ബാക്കിശേഷിപ്പ്… അല്ല… കുറേക്കൂടി തെളിമയോടെ പറഞ്ഞാൽ ദുരന്തങ്ങള്‍ തകര്‍ത്ത ജീവിതങ്ങളുടെ പ്രതീകം…
അങ്ങനെ പീഡനത്തിനും സഹനത്തിനും മരണത്തിനും ഇരയായൊരു ജനത, അതിന്റെ വീണ്ടെടുപ്പിന്റെ ദിനങ്ങളിലാണ്… ഇനിയും അപകടങ്ങൾ പതിയിരിക്കുന്ന വഴികളില്‍ അതിനെ വക വയ്ക്കാതെ ‘ഞാനുണ്ട് നിങ്ങളുടെ കൂടെ’ എന്ന് ഓർമ്മപ്പെടുത്താൻ ഫ്രാന്‍സിസ് പാപ്പായെന്ന ഇടയൻ അവരുടെ അരികിലേക്ക് ചെല്ലുമ്പോ എങ്ങനെയാണ് ആ ജനതയ്ക്ക് അത് ആഘോഷമാവാതിരിക്കുക…
പ്രിയപ്പെട്ടവരുടെ രക്തം വീണു ചുവന്ന മണ്ണില്‍, കഴിഞ്ഞുപോയ ദുഃഖത്തിന്റെ ദിനങ്ങളെ മറന്ന്, മരണത്തിന്റെ മുൻപിലും കൈവിടാതിരുന്ന വിശ്വാസവുമായി, നാളെയുടെ പ്രതീക്ഷകളിൽ ആ ജനത സ്വപ്നം കാണുന്നു…
പൊട്ടിത്തകർന്ന ആ കാസ പൊട്ടിത്തകരാത്ത വിശ്വാസത്തിന്റെ സാക്ഷ്യമായി, ഒപ്പം ഒരു ചോദ്യചിഹ്നമായി ഉയർന്നു നില്‍ക്കുന്നു… വേറെ ആര്‍ക്കും മുൻപിലല്ല.. കൊറോണയുടെ ന്യായീകരണബോർഡുമായി പ്രാര്‍ത്ഥനയും പള്ളിയും ഒഴിവാക്കി ബാക്കി എല്ലായിടത്തും പോകുന്ന നമ്മുടെ ജീവിതങ്ങൾക്ക് മുന്‍പില്‍….
✍🏻റിന്റോ പയ്യപ്പിള്ളി ✍🏻


Leave a comment