ജോസഫ് ചിന്തകൾ 94
യൗസേപ്പിതാവിനെ എനിക്ക് അത്ര വിശ്വാസമാ…
ഇന്നത്തെ ജോസഫ് ചിന്ത ഒരു അനുഭവക്കുറിപ്പാണ്.
ഞാൻ വിശുദ്ധ മാമ്മോദീസാ സ്വീകരിച്ചത് വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള എൻ്റെ അമ്മയുടെ മാതൃ ഇടവകയിലായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു വിശുദ്ധവാരത്തിൽ ആ ദൈവാലയത്തിൽ ബഹു വികാരിയച്ചനെ സഹായിക്കാൻ എനിക്കു ഭാഗ്യം ലഭിച്ചു. ദുഃഖശനിയാഴ്ച കുമ്പസാരിപ്പിക്കാനായി ദൈവാലയത്തിനകത്തു പ്രവേശിക്കുമ്പോൾ എൺപതിനടത്തു വയസ്സു പ്രായമുള്ള ഒരു അമ്മച്ചി യൗസേപ്പിതാവിൻ്റെ തിരുസ്വരൂപത്തിൻ്റെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതു ഞാൻ കണ്ടു. എന്തൊക്കൊയോ അമ്മച്ചി ഉച്ചത്തിൽ യൗസേപ്പിതാവിനോടു പറയുന്നുണ്ട്. അമ്മച്ചിയുടെ പ്രാർത്ഥന ഏതാണ്ട് അരമണിക്കൂർ നീണ്ടു നിന്നു.
അമ്മച്ചി പുറത്തിറങ്ങിപ്പോൾ അച്ചനു വേണ്ടിയും പ്രാർത്ഥിച്ചോ? എന്നു ഞാൻ ചോദിച്ചു “എൻ്റെ മോനേ ഞാൻ എല്ലാ കാര്യങ്ങളും യൗസേപ്പിതാവിനോടു പറഞ്ഞട്ടുണ്ട്. ” അമ്മച്ചി മറുപടി നൽകി. അമ്മച്ചിയ്ക്കു യൗസേപ്പിതാവിനെ അത്ര ഇഷ്ടമാണോ? ഞാൻ വിണ്ടും ചോദിച്ചു. അതേ മോനേ, എനിക്കു യൗസേപ്പിതാവിനെ വലിയ ഇഷ്ടമാ. എൻ്റെ ഭർത്താവ് നേരത്തെ മരിച്ചു പോയതാ, ആറു മക്കളെ വളർത്താൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടു. യൗസേപ്പിതാവാ എന്നെ അതിനു സഹായിച്ചത്. വിഷമം വരുമ്പോൾ ഞാനിവിടെ വരും എല്ലാ കാര്യങ്ങളും അവിടുത്തോടു പറയും. ഞാൻ യൗസേപ്പിതാവിനോടു ചോദിച്ച ഒരു കാര്യവും ഇന്നുവരെ എനിക്കു നിഷേധിച്ചട്ടില്ല. എനിക്ക് യൗസേപ്പിതാവിനെ അത്ര വിശ്വാസമാ.” ഒരു ആത്മപരിശോധനയിലേക്കാണ് ഈ സംസാരം എന്നെ നയിച്ചത്. ഞാൻ അംഗമായിരിക്കുന്ന സന്യാസസഭയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥൻ യൗസേപ്പിതാവായിട്ടും ആ വത്സല പിതാവിനെ ഞാൻ തിരിച്ചറിയാൻ വൈകിയല്ലോ ദൈവമേ. എൻ്റെ ശിരസ്സ് അറിയാതെ താണുപോയി. പള്ളി മുറ്റത്തെ നടകൾ ഇറങ്ങി ആ അമ്മച്ചി നടന്നു നീങ്ങുമ്പോളും ആ ശബ്ദം എൻ്റെ ചെവികളിൽ വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു “എനിക്ക് യൗസേപ്പിതാവിനെ അത്ര വിശ്വാസമാ”
യൗസേപ്പിതാവിനോടു തീവ്ര ഭക്തി പുലർത്തുന്ന അമ്മമാരുടെ ഒരു പ്രതിനിധി മാത്രമാണ് ഈ വല്യമ്മച്ചി. നമുക്കും യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥ ശക്തിയിൽ വിശ്വസിക്കാം അതിൽ വളരാം.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Leave a comment