ജോസഫ് ചിന്തകൾ 99
ജോസഫ് വൈദീകരുടെ മാതൃകയും വഴികാട്ടിയും
ദൈവസ്നേഹത്തിൻ്റെ അവിശ്വസനീയമായ സാക്ഷ്യമായ യൗസേപ്പിതാവ് എല്ലാ വൈദീകരുടെയും സവിശേഷ മാതൃകയാണ്. യൂദാ ഗോത്രത്തിൽ പിറന്ന യൗസേപ്പ് ഒരു പുരോഹിതനായിരുന്നില്ല. യഹൂദ നിയമപ്രകാരം ലേവി ഗോത്രത്തിൽ പിറന്നവരാണ് പുരോഹിത ശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ടിരുന്നത്. പിന്നെയെങ്ങനെയാണ് പുരോഹിതനല്ലാത്ത യൗസേപ്പ വൈദീകർക്കു മാതൃകയാകുന്നത്? ദൈവം തൻ്റെ മകൻ്റെ വളർത്തു പിതാവ് സ്ഥാനം ഭരമേല്പിച്ചത് യൗസേപ്പിനെയാണ്. എല്ലാ പുരോഹിതരെയും ദൈവം തൻ്റെ പുത്രൻ്റെ പരിചരണം ഏൽപ്പിക്കുന്നു. യൗസേപ്പ് ഈ ഉത്തരവാദിത്വം ഗൗരവ്വമായി സ്വീകരിച്ചു. മറിയത്തിൻ്റെ ഉദരത്തിലായിരുന്ന നിമിഷം തുടങ്ങി ഈശോയോ തീവ്രമായി സ്നേഹിക്കുകയും അവൻ്റെ സംരക്ഷണത്തിനു സ്വയം സമർപ്പിക്കുകയും ചെയ്തതു വഴി, ഈശോയെ എങ്ങനെ സ്നേഹിക്കണം എന്നതിനു വൈദീകർക്കുള്ള ഒന്നാമത്തെ വഴികാട്ടിയാണ് വിശുദ്ധ യൗസേപ്പിതാവ്.
രണ്ടാമതായി അധികാരം എളിമയോടെ നിർവ്വഹിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. തിരുക്കുടുംബത്തിൻ്റെ കാര്യസ്ഥനായിട്ടായിരുന്നു അവൻ്റെ ജീവിതവും പ്രവർത്തനങ്ങളും. സഭയെയും വിശ്വാസികളെയും ക്രിസ്തീയ ചൈതന്യത്തിൽ ശുശ്രൂഷിക്കാൻ എളിമ പുരോഹിതർക്ക് അത്യന്ത്യാപേഷിതമാണന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു.
മൂന്നാമതായി പരിശുദ്ധ കന്യകാമറിയത്തോടു അതുല്യമായ ഒരു സ്നേഹ ബന്ധം വിശുദ്ധ യൗസേപ്പിതാവിനുണ്ടായിരുന്നു. ലേവി പൗരോഹിത്യം ജറുസലേമിലെ വാഗ്ദാന പേടകത്തിനു മുമ്പിലായിരുന്നുവെങ്കിൽ ലേവി ഗോത്രജനല്ലാത്ത യൗസേപ്പിൻ്റെ പുരോഹിത ശുശ്രൂഷയിൻ രക്ഷകനെ ഉദരത്തിൽ വഹിച്ച പുതിയ ഉടമ്പടിയുടെ വാഗ്ദാന പേടകമായ മറിയത്തെ ശുശ്രൂഷിക്കുന്നതും ഉൾപ്പെട്ടിരുന്നു. ഈ പൗരോഹിത്യ ദൗത്യം യോഹന്നാനും ഇന്നു സഭയിൽ പുരോഹിതരും തുടരുന്നു.
അവസാനമായി ചാരിത്രശുദ്ധിയുള്ള പിതൃത്വത്തിലൂടെ (Virginal Fatherhood)
വിശുദ്ധ യൗസേപ്പ് ബ്രഹ്മചാരികളായ പുരോഹിതന്മാരുടെ മാതൃകയാകുന്നു. യൗസേപ്പിതാവിനെപ്പോൽ പുരോഹിതരും ദൈവകൃപയിൽ ആത്മീയ സന്താനങ്ങളെ ജനിപ്പിക്കുന്ന അലൗകികമായ പിതൃത്വത്തിലാണ് പങ്കു ചേരുന്നത്.
ദൈവീക പദ്ധതികളോട് സഹകരിക്കാൻ വൈമനസ്യം കാണിക്കാത്ത പുരോഹിതർ സഭയിൽ യൗസേപ്പിൻ്റെ പുതിയ പതിപ്പുകളാണ്. അനുസരണത്തിലൂടെ ഒരു പുരോഹിതൻ താൻ എന്തിനു വേണ്ടി പുരോഹിതനായോ അതു നിറവേറ്റുകയാണ്. അനുകൂലമായ സാഹചര്യങ്ങളിൽ നിന്നുള്ള പറിച്ചു മാറ്റാലുകൾക്കു വൈദീകർ വിധേയരാകുമ്പോൾ സന്തോഷത്തോടെ അജപാലന ശുശ്രൂഷ തുടരണമെങ്കിൽ യൗസേപ്പിതാവിനുണ്ടായിരുന്ന വിശ്വാസവും അനുസരണവും പുരോഹിതർ സ്വന്തമാക്കണം.
വൈദീകരുടെ മാതൃകയും വഴികാട്ടിയുമായ വിശുദ്ധ യൗസേപ്പിതാവേ വൈദീകർക്കു വേണ്ടി പ്രാർത്ഥിക്കണമേ.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Leave a comment