കാരുണികൻ – ഒക്ടോബർ ലക്കം, സി. സോജാ മരിയ സി എം സി
തമസ്ക്കരിക്കപ്പെടുന്ന സന്യാസം
ഉയർന്ന മതിലുകളും ആവൃതിയുടെ അകലങ്ങളും അധികം തുറക്കാത്ത വാതിലുകളും കന്യകാ മഠങ്ങളെ വേർതിരിച്ചു നിർത്തുന്ന ബാഹ്യഘടന യിൽ ഉൾപ്പെടുമ്പോൾ അതുതന്നെയാണ് അവയ്ക്കുള്ളിൽ ജീവിക്കുന്ന വ്യക്തികളുടെ സൂചകങ്ങ ളെന്നു തെറ്റിദ്ധരിച്ചു അടക്കിയൊതുക്കിയ ആശകളുടെയും അടിച്ചമർത്തിയ ആസക്തികളുടെയും അധികാര ഗർവിൽ കൂച്ചുവിലങ്ങിടപ്പെടുന്ന മനുഷ്യാവകാശ ധ്വസനങ്ങളുടെയും ഇടമെന്നു വർത്തമാനകാലം കന്യകാമഠങ്ങൾക്കു പര്യായപദം രചിക്കുമ്പോൾ കഴിഞ്ഞ 25 വർഷത്തെ എന്റെ സന്യാസജീവിതം എന്നെക്കൊണ്ട് പറയിപ്പിക്കുന്നത് നേർവിപരീതമാണ്.
– ഇത് ഒരു മനുഷ്യസ്ത്രീക്കു അതിന്റെ പൂർണതയിലേക്ക് വളരാൻ ഏറ്റം പറ്റിയ ഇടമെന്ന്;
– ആത്മീയ അന്വേഷ ണങ്ങൾക്കും വളർച്ചയ്ക്കും വ്യതിരിക്തമായ മാർഗങ്ങൾക്കും സകലവിധ സഹായവും നൽകപ്പെടുന്ന ഇടമെന്ന്;
– സമൂഹത്തിന്റെ കരുതലും സൗഹൃദങ്ങളുടെ കരുത്തും കുടപിടിച്ചു കൂടെനടക്കുന്ന ഇടമെന്ന്;
– അനേകർക്ക് അമ്മവാത്സല്യവും കൂടപിറപ്പു സ്നേഹവും ശുശ്രൂഷാചൈതന്യവും പകർന്നേകി ഈ മനുഷ്യ ജന്മത്തിന്റെ അർത്ഥം കണ്ടെത്തുവാൻ, ജീവിക്കുവാൻ സാഹചര്യമൊരുക്കുന്ന ഇടമെന്ന്..
നിങ്ങൾക്ക് തോന്നുന്നുണ്ടാവാം ഞാൻ മൂഢസ്വർഗ്ഗത്തിലാണെന്ന്, യാഥാർത്ഥ്യബോധം ലവലേശമില്ല എന്ന്, ചുറ്റുപാടും നടക്കുന്നതിനെ പറ്റി ഒരു വിവരവും ഇല്ലാ എന്ന്. ഞാൻ പറയുന്നത് എന്റെ യാഥാർത്ഥ്യങ്ങൾ തന്നെയാണെന്ന് ആദ്യമെ തന്നെ ഉറപ്പിച്ചു പറയട്ടെ. കുറവുകളെ തമസ്കരിക്കാനോ ഇല്ലായ്മകളെ മറച്ചു പിടിക്കാനോ കുറ്റങ്ങളെ ന്യായീകരിക്കാനോ ഞാൻ ശ്രമിക്കുന്നില്ല. നിലനിൽക്കുന്ന പ്രശ്നങ്ങളെയും അതിജീവിക്കേണ്ട പലവിധ പ്രതിസന്ധികളേയും അതിസൂക്ഷ്മമായി അടുത്തു നിന്നറിയുമ്പോഴും ആഴപ്പെട്ട സന്യാസിനി ജീവിതത്തിന്റെ മഹത്വമാർന്ന സൗന്ദര്യം എനിക്ക് വെളിവാകുന്നുണ്ട്. കരിന്തിരി കത്തുന്ന വിളക്കെന്ന പോലെ കറുപ്പും അഴുക്കും പുരണ്ട അകത്തള ജീവിതങ്ങളായി കന്യാസ്ത്രീകളെ ചിത്രീകരിക്കുന്നതിനോടാണ് ഞാൻ വിയോജിക്കുന്നത്. സന്യാസജീവിതത്തിന്റെ യഥാർത്ഥ മുഖം വെളിവാക്കപ്പെടുന്നില്ല എന്നു മാത്രമല്ല തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.
എന്താവാം ഇതിനു കാരണം ?
– പലപ്പോഴും സന്യാസജീവിതത്തിൽ സന്തോഷത്തോടെ മുന്നോട്ടു പോകുന്നർ ഒരിക്കലും വാർത്തകളിൽ തലക്കെട്ടുകൾ സൃഷ്ടിക്കാറില്ല. തുറന്ന സംവാദങ്ങളിലോ അന്തിച്ചർകളിലോ അവർക്ക് പറ്റിയ കസേരകളുമില്ല.
– മുഖ്യധാരാ വാർത്തകളിൽ ഇടം പിടിച്ച സന്യാസിനിമാർ ഉൾപ്പെട്ട കോടതി കേസുകളുടെ ചുവടുപിടിച്ചാണ് മാധ്യമങ്ങളും പൊതുസമൂഹവും സന്യാസിനി മാരെ ചർച്ചക്ക് വിഷയമാക്കുന്നത് ,(വർത്തമാനകാലത്തെന്നപോലെ) അതിനാൽ തന്നെ അത് ജനമനസുകളിൽ വളരെ നെഗറ്റീവായ ചിത്രം പൊതുവേ സന്യാസത്തെക്കുറിച്ച് നൽകുന്നു. (പതിനായിരക്കണക്കിന് സന്യാസിനിമാർ ഇവിടെ ജീവിക്കുമ്പോൾ ഒരു ചർച്ചക്ക് വിഷയമാക്കാൻ തക്ക പ്രാധാന്യമർഹിക്കുന്ന എത്ര കേസുകൾ ഉണ്ട് എന്നു ചിന്തിക്കുന്നതും ഉചിതമാണ്. എന്നിട്ടും ജീവിക്കുന്ന ബഹു ഭൂരിപക്ഷത്തിൻറെ അടിസ്ഥാന മനുഷ്യവകാശങ്ങൾ പോലും മാനിക്കാതെ മാധ്യമങ്ങൾ സമൂഹത്തിൽ സ്ത്രീസന്യാസത്തിന് നൽകിയ വില എന്താണ് ? തമസ്ക്കരിയ്ക്കുകയും താറടിക്കുകയും ചെയ്യപ്പെട്ട നന്മകളേയും സേവനങ്ങളെയും എങ്ങനെ വീണ്ടെടുക്കാനാവും?)
– സന്യാസിനി ജീവിതത്തെ കുറിച്ച് പൊതുജനം കേൾക്കുന്നത് മിക്കവാറും സന്യാസം ഉപേക്ഷിച്ച് പോയവരുടെയോ സന്യാസ ജീവിതത്തെ എതിർക്കുകയോ ചെയ്യുന്നവരുടെ വാക്കുകളിലൂടെ ആണ്.
– സന്യാസിനികളുടെ രക്ഷാധികാരികളും സംരക്ഷകരുമായെത്തുന്ന ഒരു കൂട്ടം പുരോഹിത സഹോദരങ്ങളാണ് ഞങ്ങളുടെ “പ്രശ്നങ്ങളെ ” വിശകലനം ചെയ്യുകയും “വെളിച്ചത്ത് കൊണ്ടുവരിക” യും ചെയ്യുന്നത്. സ്ത്രീ മനസ്സിനേയും ആവൃതിജീവിതത്തേയും അവർ സ്വന്തം ജീവിതത്തോട് താരതമ്യപ്പെടുത്തിയാകും മനസ്സിലാക്കുന്നതും വ്യാഖ്യാനിക്കുന്നതും. പുരുഷ സന്യാസ-പൗരോഹിത്യത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും സ്ത്രീസന്യാസ മാർഗ്ഗത്തിൽ നിന്നും വ്യത്യസ്തമാണ് എന്നതാണ് വസ്തുത.
– സൗഹൃദങ്ങളുടേയോ ബന്ധങ്ങളുടെയോ ബലത്തിൽ സന്യാസിനിമാർ തങ്ങൾക്കു പുറത്തുള്ളവരോട് പങ്കുവയ്ക്കുന്നത് മിക്കവാറും കദനകഥകളും നൊമ്പരങ്ങളും ആയിരിക്കും. അങ്ങനെ, അനുഭവിക്കുന്ന സന്തോഷത്തേക്കാൾ, സാധ്യതകളുള്ള സാഹചര്യങ്ങളേക്കാൾ സങ്കടങ്ങളുടെ ഭൂമിയായി സന്യാസിനീമഠങ്ങൾ മനസ്സിലാക്കപ്പെടുന്നു.
– കഴിഞ്ഞ കുറച്ചു കാലങ്ങളായി സന്യാസിനി ജീവിതങ്ങളെ ചുറ്റിപ്പറ്റി ഞങ്ങൾ തന്നെ വളം വച്ച് വലുതാക്കിയ വികലമായ കൗൺസിലിംഗ് രീതികളുടെ ഒരു ഉപഉൽപ്പന്നമായി, സന്യാസമെന്നത് “ഇര”കളുടെ കൂട്ട ജീവിതം എന്ന കാഴ്ചപ്പാട് രൂപീകരിക്കപ്പെട്ടിട്ടുണ്ട് എന്നു പറയുന്നതിൽ തെറ്റില്ല എന്ന് എനിക്ക് തോന്നുന്നു.
പലവിധ ബാഹ്യകാരണങ്ങൾ കൊണ്ടും ഞങ്ങളുടെ സംവേദന കുറവുകൊണ്ടും തെറ്റിദ്ധരിക്കപ്പെട്ട സന്യാസിനീമുഖം ഇനിയും വികലമാക്കപ്പെടുന്നതിനോട്
യോജിക്കാൻ പറ്റാത്തതിനാൽ തന്നെയാണി കുറിപ്പ്.
സാധ്യതകളും സാഹചര്യങ്ങളും അനുകൂലമായ ആത്മീയഅന്തരീക്ഷം:
സന്യാസത്തിന്റെ ആത്യന്തികവും ഏറ്റം പ്രധാനവുമായ ഉദ്ദേശ്യ ലക്ഷ്യം ആത്മീയ സാധനയായതിനാൽ അംഗങ്ങൾക്ക് അതിനുള്ള അന്തരീക്ഷം സംജാതമാക്കുക എന്നത് ഒരു സന്യാസിനിസമൂഹത്തിന്റെ പ്രഥമ കടമകളിൽ പെടുന്നു. വ്യക്തിപരവും സമൂഹപരവുമായ ആത്മീയ നവീകരണത്തിനോ ആഴപ്പെടലിനോ വളർച്ചയ്ക്കോ തടസ്സം നില്കുന്ന ഒരു സാഹചര്യവും ഞാനിവിടെ കാണുന്നില്ല എന്നു മാത്രമല്ല, അത്യധികം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ കാര്യത്തിൽ അധികാരികളുടെയും സമൂഹാഗങ്ങളുടെയും പിന്തുണയും സഹായസഹകരണവും ഉറപ്പുതരുന്ന അനുഭവങ്ങളാണ് ഞാൻ കണ്ടിട്ടുള്ളത് . തന്റെ സമൂഹം അതുവരെ പിന്തുടർന്നു വന്ന രീതികളിൽ നിന്ന് വ്യത്യസ്തമായി ആത്മീയ വളർച്ചയ്ക്കുതകുന്നതെന്ന് വ്യക്തിക്ക് തോന്നുന്ന നൂതന രീതികൾ തിരുസഭാ പ്രബോധങ്ങൾക്കും വിശുദ്ധ ഗ്രന്ഥത്തിനും അനുയോജ്യമെങ്കിൽ അവലബിക്കുവാൻ സ്വാന്തന്ത്ര്യവും സാഹചര്യവും ഇന്ന് നല്കിവരുന്നുണ്ട്. ആത്മീയസഹഗമനത്തിനും നേതൃത്വ ത്തിനും പ്രാഗല്ഭ്യമുള്ള സിസ്റ്റേഴ്‌സ് തന്നെ ഇന്ന് ഞങ്ങൾക്കുണ്ട്. സിസ്റ്റേഴ്സിന്റെ ആത്മീയ നവീകരണരംഗത്ത് ഏറെക്കുറെ സ്വയം പര്യാപ്തതയിൽ ആണ് ഞങ്ങളുടെ സന്യാസിനി സമൂഹം. ആത്മീയശോഷണത്തിന്റെ ദാരിദ്ര്യത്തിൽ നിന്നും ഉറവെടുത്ത സ്വയാവബോധത്തിന്റെ സംഘാതമായ ഉൾവെളിച്ചങ്ങളാണ് ഈ ആത്മീയ മുന്നേറ്റത്തിന് കാരണം. 3, 6, 9, 12, 25, 40, 50, 60 ….എന്നിങ്ങനെ സന്യാസ ജീവിതത്തിൽ പൂർത്തിയാക്കുന്ന വർഷങ്ങൾക്കനുസരിച്ചു ഓരോ പ്രായത്തിന്റെയും ഘട്ടത്തിന്റെയും പ്രത്യേകതകൾ ആഴത്തിൽ പഠിച്ചു, ആവശ്യങ്ങളെയും പ്രതിസന്ധികളെയും മനസ്സിലാക്കി, അംഗങ്ങൾക്ക് അനുയോജ്യമായ മാനസിക-ആത്മിയ- സാമൂഹിക- ശാരീരിക- ബൗദ്ധിക വളർച്ചയ്ക്കുള്ള അർത്ഥപൂർണ്ണമായ പരിശീലന അവബോധ പരിപാടികൾ വ്യയക്തികവും സമൂഹപരവുമായ കെട്ടുറപ്പിന് സഹായകമാകുന്നു. ഇവയെല്ലാം നയിക്കുന്നതും സഹോദരിമാർ തന്നെയാണ്. ആത്മീയ ജീവിതത്തിൽ വളരുന്നതിനായി കുറച്ചു കാലമോ പൂർണ്ണമായോ മറ്റ് ശുശ്രുഷാ മേഖലകളിൽ നിന്ന് മാറിനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് അതിനും സാഹചര്യം നൽകുന്നു. വ്യക്തിയുടെ ആവശ്യങ്ങൾക്കനുസരിച്ചു psychological, spiritual guidence നൽകുന്നതിൽ വളരെ ശ്രദ്ധ പുലർത്തുന്ന കാലമാണിത്. ഈ ഒരു കാര്യത്തിൽ നിലവിലെ സംവിധാനങ്ങളെ കൂടിപ്പോയതിന്റെ പേരിലെ കുറ്റപ്പെടുത്താൻ വഴിയുള്ളൂ.
പുതിയ വീഞ്ഞ് പുതിയ തോൽകുടങ്ങളിൽ
പരമ്പരാഗതമായ അപ്പസ്തോലിക ശുശ്രുഷകളിൽ നിന്നും ചുവട് മാറ്റി ചവിട്ടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള പൂർണ്ണപിന്തുണയാണ് ഇന്ന് നൽകുന്നത്. സമൂഹത്തിനു പുറത്തു ജീവിച്ചുകൊണ്ടു പോലും അർത്ഥവത്തായ ഉൾവിളികൾ സാക്ഷാൽക്കരിക്കുവാൻ അംഗങ്ങൾക്ക് അവസരം നൽകുന്നു. വ്യത്യസ്ത ജീവിതശൈലികളിലേക്കു സ്വയം തിരഞ്ഞെടുപ്പ് നടത്തുന്നവരെ ശ്ലാാംഘിക്കുകയും ചെയ്യുന്ന ഒരു സംസ്ക്കാരം (സാവധനത്തിലെങ്കിലും) രൂപപ്പെട്ടിട്ടുണ്ട്. പുതിയ അപ്പോസ്തോലിക മുന്നേറ്റങ്ങളിൽ ശ്രദ്ധേയമായ കാര്യം ഇവയൊന്നും അധികാരികളുടെ ആജ്ഞാനുവർത്തനമല്ല മറിച്ച് അംഗങ്ങളുടെ കണ്ടെത്തലുകളാണ് എന്നതാണ്. സുവിശേഷം ജീവിക്കാനുള്ള വ്യക്തികളുടെ സവിശേഷമായ ആഗ്രഹങ്ങൾക്ക് സമൂഹങ്ങൾ ഹൃദയപൂർവം സാഹചര്യങ്ങൾ ഒരുക്കി നൽകുന്നു. പുതിയ വീഞ്ഞിനെ ഉൾക്കൊള്ളാൻ പുതിയ തോൽക്കുടങ്ങൾ വേണമെന്ന് അംഗീകരിക്കുകയാണ് ഇതിലൂടെ സന്യാസിനി സമൂഹങ്ങൾ ചെയ്യുന്നത്. സ്ഥാപനവൽക്കരണത്തിന്റെ ദുരന്തങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ദൈവരാജ്യമൂല്യങ്ങൾക്കും ക്രൈസ്തവസാക്ഷ്യത്തിനും വേണ്ടി നിലകൊള്ളുന്നതിൽ നിഷ്കർഷ പുലർത്തുന്നവരാണ് സന്യാസിനിമാരുടെ സ്ഥാപനങ്ങൾ എന്ന image തിരികെപിടിക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ട് എന്നുള്ളതും ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്നതാണ്.
കൂടുതൽ സുവിശേഷാധിഷ്ഠിതമായ അധികാര അധീന ബന്ധം
അധികാരത്തിന്റെ വഴിയിൽ അധികാരി-അധീന എന്ന രീതിയിലുള്ള വാക്കുകൾ പോലും ഉപയോഗിക്കുന്നത് മാറിക്കഴിഞ്ഞു. അംഗങ്ങളുടെ അവകാശങ്ങളും അർഹിക്കുന്ന ആദരവും നല്കിയെങ്കിലേ കാര്യങ്ങൾ നടക്കൂ എന്ന സ്ഥിതിയും വന്നു കഴിഞ്ഞു. അധികാരികൾ ആകുന്നവരുടെ ശരാശരി പ്രായം ഇപ്പോൾ 35- നും 50 നും ഇടയ്ക്കായിട്ടുണ്ട്. (50-70 ആയിരുന്നതാണ്). ഇടക്കാലത്ത് ഉണ്ടായ മൂല്യച്യുതിയിൽ നിന്നും അവബോധത്തോടെയുള്ള ഉയിർത്തെഴുന്നേൽപ്പ് ഒരു പക്ഷേ, കാലത്തിന്റെയും നിലനിലനിൽപ്പിന്റെയും ആവശ്യമായിട്ടാണെങ്കിൽക്കൂടി സംജാതമായിരിക്കുന്നു എന്നത് വളരെ പ്രകടമായ യാഥാർഥ്യമാണ്. അധികാരികൾ കൂടുതൽ കരുതലോടെയും പ്രതീക്ഷയോടെയും അംഗങ്ങളെ കരുതുന്ന കാലമാണിത്. വ്യക്തികളുടെ സ്വതന്ത്രമായ കാഴ്ച്ചപ്പാടുകളെയും അഭിപ്രായങ്ങളെയും കണക്കി ലെടുത്തുകൊണ്ടു മാത്രമേ ഒരു സുപ്പീരിയർ ആയ സന്യാസിനിക്കു മുൻപോട്ടു പോകാനാവൂ. സന്യാസത്തിനു പുറത്ത് സ് ത്രീ സമൂഹത്തിനു കൈവന്നിരിക്കുന്ന സ്വതന്ത്ര ചിന്താഗതികളും വ്യക്തിത്വ വളർച്ചാ സാധ്യതകളും എല്ലാം സന്യാസ ജീവിതശൈലിക്കുള്ളിലേക്കും എത്തിക്കഴിഞ്ഞു. നിലനിൽപ്പിന്റെ ആവശ്യകതയിൽ നിന്നാവാം, ഒരുപക്ഷേ, മാറ്റത്തിന്റെ പുതിയ അ ധ്യായങ്ങൾ വിരചിതമാകുന്നത് എന്നു കരുതിയാലും മാറ്റങ്ങൾ സംജാതമാകുന്നു എന്നതാണ് പ്രധാനം. അംഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിലും ഇന്ന് അധികാരികൾ വളരെ ശ്രദ്ധാലുക്കളാണ്. മേജർ superiors ന്റെ തിരഞ്ഞെടുപ്പുകൾ തികച്ചും ജനാധിപത്യപരവും പ്രാർത്ഥനയുടെ പിൻബലത്തിലുമാണ്. ഓരോ മഠത്തിന്റേയും സുപ്പീരിയറിനെ appoint ചെയ്യുകയാണ്. ഇപ്പോഴത്തെ അവസ്‌ഥയിൽ mother ആകാൻ ആളെ കിട്ടാനാണ് വിഷമം. അധികാര പ്രമത്തതയും തൻപോരിമയും തലക്ക് പിടിച്ചാൽ അംഗങ്ങൾ തന്നെ അത് തിരുത്തുന്ന സാഹചര്യവും ഉണ്ട്. വ്യക്തികളുടെ പ്രത്യേകതകളും പ്രായവും രോഗവും സാഹചര്യങ്ങളും ഒക്കെ കണക്കിലെടുക്കാൻ അധികാരികളും അവരെ മനസ്സിലാക്കാൻ അംഗങ്ങളും കൂടുതൽ ശ്രമിക്കുന്നു എന്നതാണ് ഈ കാലത്തിന്റെ ഒരു മാറ്റം.
സമൂഹജീവിതം : സന്യാസത്തിന്റെ സൗഭാഗ്യം
വ്യക്തികളെ കരുതുന്ന, നന്മയും വളർച്ചയും ആഗ്രഹിക്കുന്ന, പ്രശ്‌നങ്ങളിൽ കൂടെ നിൽക്കുന്ന സമൂഹം ഒരു സന്യാസിനിയുടെ സൗഭാഗ്യമാണ്. പരസ്പരം താങ്ങാകുവാൻ, മറ്റുള്ളവരെ വളർത്തുവാൻ, കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കുവാൻ ഒരിമിച്ചുള്ള പ്രാർത്ഥനയും ജോലിയും ഉല്ലാസ ആഘോഷങ്ങളും ഞങ്ങളെ സഹായിക്കുന്നു. വിയോജിപ്പുകൾ പ്രകടിപ്പിക്കാനും കുറവുകൾ ചൂണ്ടി കാണിക്കാനും തുറന്ന സംവാദങ്ങളിൽ ഏർപ്പെടാനും ഞങ്ങൾക്ക് local, provincial, general തലങ്ങളിൽ ഇടങ്ങളുണ്ട്, അർത്ഥപൂർണമായ സാധ്യതകൾ ഉണ്ട്. യുവ തലമുറയെ ശ്രവിക്കുവാനും അവരുടെ നൂതന ആശയങ്ങൾ ഉൾക്കൊള്ളുവാനും കാലത്തിന്റെ മാറ്റങ്ങൾ സ്വീകരിക്കുവാനും മുതിർന്ന തലമുറയിൽ പെട്ടവർ ഏറെ ശ്രദ്ധവയ്ക്കുന്നു. പുതിയ സാമൂഹികസേവന രംഗങ്ങൾ, മാധ്യമങ്ങളുടെ സാധ്യതകൾ, സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവയ്ക്കൊക്കെ വാതിലുകൾ തുറന്നു നൽകുന്നു. സന്യാസിനിമാരുടെ ഇടയിലുള്ള നല്ല സൗഹൃദങ്ങൾ വ്യക്തികളുടെ വളർച്ചയ്ക്ക് ഏറ്റം സഹായകമാകുന്നു. എന്തു പ്രശ്നത്തിലും താങ്ങാകുന്ന, guidence നൽകാൻ പറ്റിയ സിസ്റ്റേഴ്സ് തന്നെ ഞങ്ങൾക്കുണ്ട്. ഒരിക്കലും ഒരു സുപ്പീരിയറും ഒരു വ്യക്തിക്ക് നാശം വരുന്ന, തളർത്തിക്കളയുന്ന ഒരു തീരുമാനം എടുക്കില്ല. വ്യക്തിത്വങ്ങളുടെ വ്യത്യാസമനുസരിച്ചു മനസ്സിലാക്കുന്നതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാവാം എന്നു മാത്രം. പരസ്പര ബന്ധങ്ങളിലെ കുറവുകളെയും പാളിച്ചകളെയും വിശ്വാസം കൊണ്ടും പ്രാർത്ഥനകൊണ്ടും പങ്കുവയ് ക്കലുകൾ കൊണ്ടും ഞങ്ങൾ തരണം ചെയ്യുന്നു. സ്ഥലം മാറ്റം എന്നൊരു സാധ്യതയുള്ളതിനാൽ ഏതെങ്കിലും സാഹചര്യത്തിൽ ആരെങ്കിലും ജീവിത കാലം മുഴുവൻ അകാരണമായി സഹിക്കേണ്ടി വരുന്ന പ്രശ്നം ഉദിക്കുന്നില്ല. സിസ്റ്റേഴ്സിന്റെ കുടുംബങ്ങളുടെ പ്രശ്‌നസന്ധിയിലും അവശ്യങ്ങളിലും സന്യാസ സമൂഹം കൂടെ നിൽക്കുന്നു. ഈ പ്രളയകാലത്തുള്ള ദുരിതാശ്വാസം തന്നെ ഉദാഹരണം. വീടുകളിലെ ആഘോഷങ്ങൾക്ക് പങ്കെടുക്കാൻ അനുവാദം ഇല്ല, വീട്ടിൽ താമസിക്കാൻ പറ്റില്ല എന്നൊക്കെ പൊതുവെ സന്യാസ ജീവിതവ്യവസ്ഥിതിയ്ക്കെതിരായി ഉന്നയിക്കപ്പെടുന്ന ചില കുറ്റപ്പെടുത്തലുകളാണ്. വാസ്തവം എന്തെന്നാൽ, വീടുകളിലെ വിവാഹം പോലുള്ള ആഘോഷങ്ങൾക്ക് പങ്കെക്കെടുക്കാൻ ഞങ്ങൾക്ക് തന്നെ താൽപ്പര്യമില്ല എന്നതാണ്. Vecation ഉള്ള സന്യാസിനി സമൂഹങ്ങളുണ്ട്, ഇല്ലാത്തവയും ഉണ്ട് . അതിലെ അംഗങ്ങൾ ആണ് തങ്ങളുടെ ഉപേക്ഷയുടെ രീതികൾ നിശ്ചയിക്കുന്നത്. നിയമങ്ങൾ ഉണ്ടാക്കുന്നത് പൂർണ്ണമായും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട general, provincial body കളാണ്. കാലോചിതമായ മാറ്റം അതതു സമൂഹങ്ങളുടെ ആലോചനാസമിതികളിൽ എന്നും പ്രസക്തമായ വിഷയം തന്നെയാണ് എന്നതിൽ തർക്കം വേണ്ട. ഓരോ സന്യാസമൂഹവും തങ്ങളുടെ തനതായ സന്യാസ തനിമയെ അഥവാ സിദ്ധിയെ ചാരം മൂടാത്ത കനലായി എന്നും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഒപ്പം കാലാനുസൃതമായ മാറ്റങ്ങളേയും കാഴ്ചപ്പാടുകളെയും ഉൾക്കൊള്ളേണ്ടതുണ്ട്. നിരന്തരമായ നവീകരണത്തിനും പുനർവിചിന്തന ത്തിനും അതിനാൽ തന്നെ സന്യാസ സമൂഹങ്ങൾ കാതോർക്കുന്നു; മാറ്റങ്ങൾ വരുത്തുന്നു. അല്ലെങ്കിൽ അവയുടെ നിലനിൽപ്പിനെ തന്നെ അത് ബാധിച്ചേക്കും.
തിരുത്തപ്പെടേണ്ട തെറ്റുധാരണകൾ
കന്യാമഠങ്ങൾ അവയുടെ ശൈലികൊണ്ടു തന്നെ ഒരാവരണം ധരിച്ചിരിക്കുന്നതുപോലെയാണ് പുറത്തുള്ളവർക്ക് മനസ്സിലാകുന്നത് എന്നു തോന്നുന്നു. കൃത്യമായ കെട്ടുറപ്പുള്ള സംവിധാനത്തിന്റെയും സ്നേഹാധിഷ്ഠിതമായ നിയമങ്ങളുടെയും സുരക്ഷിതത്വത്തെ നൂറ്റാണ്ടുകളായി പിന്തുടരുന്നവയാണ് സന്യാസസമൂഹങ്ങൾ. പക്ഷെ, സന്യാസത്തെക്കുറിച്ച് പല തെറ്റുദ്ധാരണകളും അബദ്ധ സിദ്ധാന്തങ്ങളുമാണ് ഈ ദിവസ്സങ്ങളിലെ ചർച്ചകളിലൂടെ മാധ്യമങ്ങളിൽ പലതും സത്യമെന്ന വ്യാജേന പുറത്തു വിളമ്പിനല്കിയത്. ചില തെറ്റുദ്ധാരണകളും അവയുടെ സത്യാവസ്ഥയും:
– അനുസരണ വ്രതം അധികാരികൾക്ക് അടക്കി ഭരിക്കാൻ ലൈസൻസ് നൽകുന്ന ഉപാധിയാണ്.
അല്ല എന്നതാണ് സത്യം. വ്യക്തി സ്വമനസ്സാലെ, പൂർണ്ണ സമ്മതത്തോടെ, അറിവോടെ, പ്രായപൂർത്തിയായ ശേഷം മാത്രം എടുക്കുന്ന തീരുമാനവും സമർപ്പണവും ആണത്. ദൈവഹിതതിനുള്ള അടിയറവാണത്. അധികാരിയുടെ ഇഷ്ടത്തോടുള്ള അടിമത്വം അല്ല. സ്വന്തം മനസ്സിനെ ത്യജിച്ചു ജയിക്കുക എന്നതാണല്ലോ ഒരു സന്യാസിയുടെ അടയാളം തന്നെ. അടിസ്ഥാനപരമായ മാനുഷികാവശ്യങ്ങൾക്കോ ആഗ്രഹങ്ങൾക്കോ ആരും ഇവിടെ എതിരല്ല എന്നുകൂടി മനസ്സിലാക്കണം.
– ദാരിദ്ര്യ വ്രതമെന്നതിന്റെ പേരിൽ വളരെ തുച്ഛമായ അലവൻസ് മാത്രമേ നല്കുന്നുള്ളൂ.
ഏറ്റം ലളിതമായും കുറഞ്ഞ വസ്തുവകകൾ കൊണ്ടും ജീവിക്കാൻ ആഗ്രഹിക്കുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്നവളാണ് സന്യാസി/നി. ഭക്ഷണം, വസ്ത്രം, പാർപ്പിടം, യാത്ര, ഫോൺ, പഠനം, തുടങ്ങിയ എല്ലാ ആവശ്യങ്ങളും സന്യാസ സമൂഹം ഞങ്ങൾക്ക് നിർവഹിച്ചു തരികയാണ്. ഒന്ന് ആവശ്യപ്പെടേണ്ട താമസം മാത്രം. ചിലപ്പോഴൊക്കെ മാസം കിട്ടുന്ന പോക്കറ്റ്മണി മിച്ചം വരുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. വ്രതം ചെയ്ത് ഒരു സന്യാസ സമൂഹത്തിലെ അംഗമാകുന്നതോടെ ഒരു വ്യക്തി സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കുന്നു. ഒരു യഥാർത്ഥ സന്യാസിക്ക് സമ്പത്തൊ, പണമോ ഇല്ലാതിരിക്കുന്നതാണ് സന്തോഷം. എന്നാലും അവന് ഒരു കുറവും വരില്ല. സമൂഹത്തിന്റെ സമ്പത്തിൽ വ്യക്തി പങ്കുപറ്റുന്നു, സ്വന്തം പ്രയത്നത്തിന്റെ ഫലം സമൂഹത്തിനു നൽകുകയും ചെയ്യുന്നു. ഇത്ര ഭംഗിയായി സുവിശേഷാധിഷ്ഠിതമായ സോഷ്യലിസം ജീവിക്കുന്ന സമൂഹങ്ങൾ വേറെ ഉണ്ടാവില്ല.
– ചികിത്സ , രോഗികൾക്കുള്ള പരിചരണം നിഷേധിക്കുന്നു.
ഞങ്ങളുടെ അത്രയും ചികിത്സയും പരിരക്ഷയും കിട്ടുന്ന വേറെ ഏതു വിഭാഗമാണുള്ളത് എന്നൊരു മറുചോദ്യമാണ് ചോദിക്കേണ്ടത്. ഞങ്ങൾക്ക് തന്നെ ആശുപത്രികൾ ഉള്ളതിനാൽ ചികിത്സ ഒരു വിഷയമേ അല്ല. ആശുപത്രി ബില്ലുകൾ അടച്ചുപോകുന്നത് രോഗി അറിയുക പോലും ചെയ്യാറില്ല. എത്ര വലിയ പണക്കാരനേക്കാളും കൃത്യമായും വേഗത്തിലും ഞങ്ങൾക്ക് ചികിത്സയും പരിരക്ഷയും കിട്ടുന്നു. ഇത് കൃത്യമായി അറിയാവുന്നവർ സന്യാസിനിമാരുടെ കുടുംബാംഗങ്ങളാണ്. സന്യാസജീവിതം ഉപേക്ഷിച്ചു പോയവർ പോലും സമ്മതിക്കുന്ന കാര്യമാണിത്.
അധികാരികൾക്ക് അഥവാ ഏതെങ്കിലും പ്രധാന സ്‌ഥാനത്ത് നിയോഗിക്കപ്പെട്ടിരിക്കുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും സാമ്പത്തിക സ്വാതന്ത്ര്യവും, അല്ലാത്തവർ വെറും അടിമകൾ.
സന്യാസത്തിന്റെ ഏറ്റവും സുന്ദരമായ വശം അതിലെ എല്ലാ അംഗങ്ങൾക്കും തുല്യ പരിഗണന ആണെന്നുള്ളതാണ്. നിയമാവലികളും അത് ഉറപ്പു നൽകുന്നു. ഓരോരുത്തരുടെ ഇഷ്ടാനുസരണം ആർക്കും ഭരണം നടത്താൻ ആവില്ല. ഈ സംവിധാനം അങ്ങനെയാണ്. അധികാരം ഉള്ളവർക്ക് സമ്പത്ത് കൈകാര്യം ചെയ്യാൻ ആവില്ല. സമ്പത്ത് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടവർക്ക് അധികാരവും ഇല്ല. അധികാരികൾക്ക് ശുപാർശയോ, നിർദ്ദേശമോ വയ്ക്കാം. സാധ്യതകളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടപ്പിലാക്കാവുന്നവയെ കുറിച്ചുള്ള റിപ്പോർട്ട് നൽകി, വീണ്ടും അത് അവലോകനം ചെയ്ത് ആണ് ഒരു തീരുമാനത്തിൽ എത്തുന്നത്. ഒരു മേജർ സുപ്പീരിയറിനും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ആവില്ല. കുറഞ്ഞത് 5 പേരെങ്കിലും ഉള്ള ഒരുടീം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവരുടെ ഒരു സംഘം, ഒരുപാട് ചർച്ചകൾ, വിലയിരുത്തലുകൾ എന്നിവയ്ക്കൊക്കെ ശേഷമേ തീരുമാനം കൈക്കൊള്ളാൻ കഴിയൂ. എല്ലാ നിർണ്ണായക മീറ്റിങ്ങുകളുടെയും തീരുമാനങ്ങളുടെയും വിശദമായ റിപ്പോർട്ട് സന്യാസ സമൂഹത്തിലെ ഓരോ വ്യക്തിക്കും ലഭ്യമാക്കുന്ന പതിവും നിലനിൽക്കുന്നു. 3, 6 വർഷങ്ങളിൽ കൂടുതൽ തുടർച്ചയായി ആർക്കും അധികാരത്തിൽ തുടരാനും ആവില്ല. അധികാരം സേവനത്തിനാണെന്ന് ബോധ്യമുള്ളവരെ തിരഞ്ഞെടുക്കുന്നതും അംഗങ്ങൾ തന്നെയാണ്.
– സിസ്‌റ്റേഴ്‌സ് നടത്തുന്ന സ്ഥാപന ങ്ങളിൽ നിന്നും ദൈവവിളികൾ വിരളമാണ്.
തികച്ചും തെറ്റിദ്ധാരണ മാത്രമാണിത്. ഞങ്ങളുടെ സ്ഥാപനങ്ങളിൽ നിന്നു തന്നെയാണ് ഞങ്ങൾക്ക് കൂടുതലും ദൈവവിളികൾ ലഭിക്കുന്നത്. ഈ ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ സത്യാവസ്‌ഥ അറിയാൻ നടത്തിയ പഠനത്തിന്റെയും വിശകലനത്തിന്റെയും വെളിച്ചത്തിൽ കൂടുതൽ ധൈര്യത്തോടെ ഇത് പറയാൻ കഴിയും. കേരളത്തിലെ സാമൂഹിക ചുറ്റുപാടിൽ സ്ത്രീകൾക്ക് കൈവന്നിരിക്കുന്ന ഇവിടെയും വിദേശത്തുമായുള്ള വിദ്യാഭ്യാസ-ജോലി- വൈയക്തിക സ്വാതന്ത്ര്യവും സാധ്യതകളും, കഴിഞ്ഞ ഒരു 15-20 വർഷങ്ങളായി സന്യാസജീവിതാന്തസിനെക്കുറിച്ച് മാധ്യമങ്ങൾ മത്സരിച്ച് നല്കിക്കൊണ്ടിരിക്കുന്ന വികലവും മോശപ്പെട്ടതും തെറ്റിദ്ധാരണജനകവുമായ വാർത്തകളും ചർച്ചകളും കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതും നഗരവൽക്കരണമൂല്യങ്ങൾ സമൂഹത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതും പുരോഹിത-വൈദികർക്ക് സമൂഹം നൽകുന്ന ആദരവ് സന്യാസിനിമാർക്കു നല്കപ്പെടാത്തതും യഥാർഥ സന്യാസജീവിതത്തിന്റെ ആഴപ്പെട്ട സാക്ഷ്യങ്ങൾ പ്രകാശിതമാകാതെ പോയതും ഒക്കെ ദൈവവിളികളുടെ കുറവിലേക്ക് നയിച്ചിട്ടുണ്ട്. പ്രത്യാശയോടെ ഈ ഒരു മേഖലയെ സമീപിക്കുക എന്നതാണിപ്പോൾ കരണീയം.
ഉപസംഹാരം
സന്യാസ സമൂഹങ്ങൾ അതത് സംസ്ക്കാരത്തിൽ തണലുനല്കുന്ന, അഭയമാകുന്ന വടവൃക്ഷങ്ങൾക്ക് സമമാണ്. സമൂഹത്തിന്റെ ഉപ്പും പ്രകാശവുമായി സമർപ്പിതർ ഇവിടെത്തന്നെ ഉണ്ടാകും. ആഞ്ഞടിച്ച തിരമാലകളെ ശാന്തനാക്കിയവൻ തന്നെയാണ് ഓരോ സന്യാസിയുടെയും ജീവിത നൗകയുടെ അമരത്തുള്ളത്. ചുറ്റുപാടുകളെ പ്രകാശിപ്പിക്കുന്ന മിന്നാമിനുങ്ങോ, മെഴുതിരിയോ, നക്ഷത്രജാലമോ, നിലാവെളിച്ചമോ, പ്രഭാസൂര്യനോ ഒക്കെയായി ഈ സമൂഹത്തിൽ തന്നെ ഞങ്ങൾ ജീവിക്കും. കാരണം ഓരോ സന്യാസി/നിക്കും അറിയാം, കൈപിടിച്ചിരിക്കുന്നത്, കൂടെനടക്കുന്നത്, നിരന്തരം കരുതലോടെ കാക്കുന്നത് സർവശക്തനായ ദൈവം തന്നെയാണെന്ന്. പിന്നെന്തിന് ഭയക്കണം???

Leave a comment