പുലർവെട്ടം 455

{പുലർവെട്ടം 455}

 
ആത്മനിന്ദയെന്ന കടമ്പയിൽ തട്ടിവീഴാത്ത ആരുണ്ട്? പീറ്ററിൽ അതിന്റെ വാങ്ങൽ വളരെ ശക്തമായിരുന്നു. മുൻപൊരിക്കൽ ‘ഇത് ഇടറിയവരുടെ തീരമാണ്, ഇവിടം വിട്ടു പോകണമേ’ എന്ന് യാചിച്ച ഒരാളാണയാൾ. പാദം കഴുകുന്നവനോട് അടിമുടി കുളിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ മൂന്നാണ്ട് ദൈർഘ്യമുള്ള അനുയാത്രയ്ക്ക് ശേഷവും അത്തരം ചായ്‌വുകളിൽനിന്ന് കാര്യമായ മുക്തി ഇനിയും ഉണ്ടായിട്ടില്ല എന്നു സാരം. അവനവനോടുതന്നെ മതിപ്പില്ലാതിരിക്കുക, അപരർ വച്ചു നീട്ടുന്ന സൗഹൃദത്തിന്റെ അടയാളങ്ങൾ അവരുടെ മഹാമനസ്കതയായി മാത്രം കരുതുക, ഉപയോഗശൂന്യരെന്ന് സ്വയം വിശേഷിപ്പിക്കുക തുടങ്ങിയുള്ള Dejected Self-ന്റെ എല്ലാ പ്രതിസന്ധികളും അതിലൂടെ മറ നീക്കി വരികയാണ്.
 
ക്ലാസിക് ആയ ഒരുത്തരം കൊണ്ടാണ് അയാളുടെ കെട്ടുപോയ ആത്മവിശ്വാസത്തെ യേശു ഊതിയുണർത്തുന്നത്: നീ കുളി കഴിഞ്ഞവനാണ്, ഇപ്പോൾ പാദങ്ങൾ മാത്രം കഴുകിയാൽ മതിയാകും. അതിന്റെ പൊരുൾ പല അടരുകളിൽ വ്യാഖ്യാനിക്കപ്പെടും. പാരമ്പര്യദൈവശാസ്ത്രത്തിൽ രക്ഷയിലേക്കുള്ള ഒരാളുടെ പ്രവേശനം എന്നേക്കുമായുള്ളതാണ്. വിശുദ്ധീകരണം സദാ ആവർത്തിക്കപ്പെടേണ്ട ഒന്നാണെന്നും പറയാറുണ്ട്. ഏറ്റവും ഋജുവായ വിചാരം ഇതാണ്: എല്ലാവരും അടിസ്ഥാനശുദ്ധിയുള്ളവർ തന്നെ. പിന്നെ അലച്ചിലുകൾക്കിടയിൽ പാദങ്ങളിൽ പൊടി പുരണ്ടുവെന്ന് മാത്രം. എന്തൊരു സമാധാനമാണ് അയാൾ കൈമാറുന്നത്. ലോകവും അതിൽ പാർക്കുന്നവരും മോശപ്പെട്ടതല്ലെന്നും ചെറിയ വീണ്ടുവിചാരങ്ങളിലൂടെയും തിരുത്തലുകളിലൂടെയും അതിന്റെ ആദിമഭംഗികൾ വീണ്ടെടുക്കാമെന്നും അയാൾ അടിവരയിട്ട് പറയാനാഗ്രഹിക്കുന്നു. ചെറിയ തുന്നലുകൾ കൊണ്ട് പരിഹരിക്കപ്പെടാവുന്ന പ്രതിസന്ധികൾ മാത്രമേ മാനവരാശിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുള്ളൂ എന്നാണ് സാരം. ത്രാസിന്റെ ഒരു തട്ടിൽ ഭൂമിയിലെ മുഴുവൻ ആസ്തികരും ഇന്നോളം ദൈവത്തിൽ നിക്ഷേപിച്ച വിശ്വാസവും, മറ്റേത്തട്ടിൽ ദൈവം ഒരു ശരാശരി മനുഷ്യനിൽ അർപ്പിക്കുന്ന വിശ്വാസവും കൂടി തൂക്കി നോക്കുമ്പോൾ രണ്ടാമത്തെ തട്ട് ഇപ്പോഴും എപ്പോഴും താണു തന്നെ കിടപ്പുണ്ടാകും.
 
Mean world syndrome എന്നൊരു പദം ജോർജ് ഗെബ്നർ (1919- 2005) രൂപപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടയാളങ്ങൾ നമ്മൾ വച്ചുപുലർത്തുന്ന നിന്ദാശീലം (cynicism), മനുഷ്യനോടുള്ള അനിഷ്ടം (misanthropy), അശുഭവിശ്വാസം (pessimism) എന്നിവയാണെന്ന് അയാൾ എണ്ണിപ്പറയുന്നു. മനുഷ്യചരിത്രത്തെ അപഗ്രഥിച്ചുകൊണ്ടുള്ള, ഇപ്പോൾ ജനകീയമാകുന്ന മിക്കവാറും എല്ലാ ഗ്രന്ഥങ്ങളും മനുഷ്യൻ ഒരു ഭേദപ്പെട്ട നിലനില്പാണെന്നും ഭാവി കുറേക്കൂടി പ്രകാശമുള്ളതാണെന്നും വിശ്വസിക്കുവാൻ കൂട്ടാക്കുന്നതേയില്ല.
 
ഒന്നിനും കൊള്ളാത്തവളെന്ന് സങ്കടപ്പെട്ട ഒരാളോട് ഗുരു ഈ കഥ പറഞ്ഞു: തന്റെ യാത്രയിൽ ഒരു മരം മാത്രം അവശേഷിക്കുന്ന ഒരു ഗ്രാമം അയാൾ കണ്ടു. ഓരോരോ ആവശ്യങ്ങൾക്ക് വേണ്ടി മരങ്ങളെല്ലാം വെട്ടിത്തീർത്തതാണ്. കാമ്പുള്ള മരങ്ങൾ കൊണ്ട് തടിത്തരങ്ങളും വീടും പണിതു. കാമ്പില്ലാത്തതുകൊണ്ട് കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ നിർമ്മിച്ചു. എന്നിട്ടും ഈ മരം മാത്രം എങ്ങനെ രക്ഷപ്പെട്ടു?
 
തീപ്പെട്ടിക്കോലു പോലും ഉണ്ടാക്കാൻ കൊള്ളാത്ത ഒന്നിനെ വെട്ടിയെടുത്തിട്ടെന്തിനാണ്?
അപ്പോൾ ഉപയോഗമില്ലായ്മകൊണ്ടും ചില ഉപയോഗങ്ങളൊക്കെ ഉണ്ടല്ലേ?
ഗുരു പുഞ്ചിരിച്ചു; കൂടെ അവളും.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 455”

Leave a comment