സ്വയം ചുരുങ്ങുക എന്നത് മനുഷ്യനെ സംബന്ധിച്ച് വളരെ പ്രയാസമേറിയ കാര്യമാണ്. ഒത്തിരിയേറെ സ്നേഹിക്കുന്നവരിൽ നിന്നുപോലുമുള്ള ചില വാക്കുകൾ, നമ്മളെ വല്ലാതെ ചെറുതാക്കുന്നതുപോലെ തോന്നാറില്ലേ? എന്നാൽ മറ്റുള്ളവരെ ചെറുതാക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും നാം പാഴാക്കില്ലതാനും ..ഞാൻ കുറയുന്നിടത്താണ് ക്രിസ്തു വളരുന്നത് എന്ന് ,ക്രിസ്തുവിനു വഴിയൊരുക്കുവാൻ വന്നവൻ നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്!!
പ്രപഞ്ച സൃഷ്ടാവായ ദൈവത്തിലേക്ക് നോക്കുക!! മനുഷ്യനിൽ നിന്ന് മറയാതിരിക്കാൻ അവൻ പ്രപഞ്ചത്തിലേക്ക് ഒതുങ്ങി പോയി.നിയമത്തിനു അധീനരായയരെ ഉദ്ധരിക്കുവാൻ നിയമത്തിനു വിധേയനായി അവൻ ഒതുങ്ങി , മനുഷ്യന്റെ ഉള്ളിൽ ആകുവാൻ കാനായിലെ കൽഭരണിയുടെ സമൃദ്ധിയിൽ നിന്നും കാസിൽ ഊറുന്ന ഒരിറ്റു വീഞ്ഞായി അവൻ ചുരുങ്ങി. ലോകം മുഴുവനെയും ഉൾക്കൊള്ളുവാൻ ഗലീലയിലെ സമൃദ്ധിയുടെ അപ്പത്തിൽ നിന്നും ഒരു ചെറിയ ഓസ്തിയോളം അവൻ ചുരുങ്ങി. നാശത്തിന്റെ പുത്രൻ ഒഴികെ എല്ലാ ജനപദങ്ങളെയും തന്നിലേക്ക് ആകർഷിക്കുവാൻ ആകാശത്തിനും ഭൂമിക്കും മധ്യേ മരക്കുരിശിൽ ഇരുമ്പാണികളിലേക്ക് അവൻ അത്രയേറെ ഒതുങ്ങി പോയി.
സ്വയം ഒതുങ്ങിയ ദൈവത്തെ ഉൾക്കൊള്ളുവാൻ, അവനിൽ നിന്ന് പഠിക്കുവാൻ ഈ വലിയ ആഴ്ച നമ്മെയും ക്ഷണിക്കുകയാണ്.. എന്റെ ഉടലിലും ഉയിരിലും ദൈവത്തിന്റെ മനോഭാവം നിറയട്ടെ. ദൈവമേ ഞാൻ എന്ന വ്യക്തി അഴിഞ്ഞു നിന്റെ കുരിശിൻ ചുവട്ടിൽ ലയിക്കുമ്പോൾ, നിന്റെ മനോഭാവത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും ഞാനും വളരുകയാണ് എന്ന ഉൾകാഴ്ച എനിക്ക് നീ നൽകേണമേ .ഞങ്ങൾക്കല്ല കർത്താവേ ഞങ്ങൾക്കല്ല അങ്ങയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ 🙏🙏
✒️റോസിന പീറ്റി


Leave a comment