അനുദിനവിശുദ്ധർ – മാർച്ച് 31

⚜️⚜️⚜️⚜️ March 31 ⚜️⚜️⚜️⚜️

രക്തസാക്ഷിയായ വിശുദ്ധ ബെഞ്ചമിന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

സാപ്പോർ ദ്വീതീയൻ, തൃതീയൻ എന്നീ രാജാക്കന്മാരുടെ കാലത്ത് നാലാം ശതാബ്ദത്തിന്റെ അന്ത്യത്തിൽ പേഴ്സ്യയിൽ, ക്രിസ്തുമര്‍ദ്ദനം ഭീകരമായിരിന്നു. 421-ൽ ബെരാണസു രാജാവ് നടത്തിയ മതപീഢനം അതീവ ഘോരമായിരിന്നു. പ്രസ്തുത മര്‍ദ്ദനത്തിന്റെ വര്‍ണ്ണന സമകാലികനായ തെയോഡൈറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മുള്ള് കൊണ്ട് ശരീരത്തില്‍ കുത്തിയും തൊലിപൊളിച്ചും മറ്റു പലവിധത്തിലുമൊക്കെ അവര്‍ ക്രിസ്ത്യാനികളെ മര്‍ദ്ദിച്ചു.

ബരാനെസ്സു രാജാവിന്‍റെ കാലത്ത് മര്‍ദ്ദിതനായ ഒരു ആറാം പട്ടക്കാരനാണ് ബഞ്ചമിന്‍. ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ജയിലിലടച്ചു. ഒരു കൊല്ലം കഴിഞ്ഞു ക്രിസ്തുമതം ഇനി പ്രഘോഷിക്കരുത് എന്ന താക്കീതോടെ അദ്ദേഹത്തെ വിട്ടയച്ചു. പരിശുദ്ധാത്മാവിന്റെ നിറവ് മൂലം സത്യം അടച്ചു പൂട്ടി വെക്കില്ലയെന്ന് അദ്ദേഹം തീരുമാനിച്ചു. ബഞ്ചമിന്‍ വീണ്ടും വചനപ്രഘോഷണം നടത്താന്‍ തുടങ്ങി. ഇതറിഞ്ഞ രാജാവ് അദ്ദേഹത്തെ വിളിച്ച് ചോദ്യം ചെയ്തു.

ബഞ്ചമിന്‍ ക്രിസ്തുവിനെ നിരാകരിക്കാന്‍ തയാറാകില്ലയെന്ന് മനസ്സിലാക്കിയ രാജാവ് അദ്ദേഹത്തെ മര്‍ദിക്കാന്‍ ആജ്ഞ നല്കി. പടയാളികള്‍ ബഞ്ചമിന്‍റെ വിരലുകളിലെ നഖങ്ങളുടെ കീഴിലുള്ള മാംസത്തില്‍ മുള്ള് കുത്തികേറ്റി കൊണ്ടിരിന്നു. ശരീരത്തിന്റെ ഏറ്റവും മൃദുലഭാഗങ്ങളിലും ഇത് തുടര്‍ന്നു കൊണ്ടിരിന്നു. അവസാനം വയറില്‍ ഒരു കുറ്റി തറച്ചു കയറി കുടല്‍ ഭേദിച്ചു. അങ്ങനെ 424-ല്‍ അദ്ദേഹം രക്തസാക്ഷിത്വ മകുടം ചൂടി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഏഷ്യാമൈനറിലെ അക്കാസിയൂസു

2. ആമോസ്

3. ആഫ്രിക്കയിലെ തെയോഡുളൂസ് അനേസിയൂസ് ഫെലിക്സ്, കൊര്‍ണീലിയാ ‍

4. റോമായിലെ ബല്‍ബീനാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: മുപ്പത്തിയൊന്നാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

“ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ’20 എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു”
(മത്തായി 2:19-20).

മാര്‍ യൗസേപ്പിതാവിനോടുള്ള ഭക്തി-ഉത്തമ ക്രൈസ്തവ ജീവിതത്തിനുള്ള മാര്‍ഗ്ഗം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

നമുക്ക് ഏതെങ്കിലും വിശുദ്ധനോടോ അഥവാ വിശുദ്ധയോടോ ഉള്ള ഭക്തി പ്രകടിപ്പിക്കേണ്ടത് ആ വിശുദ്ധനെ അനുകരിച്ചു കൊണ്ടും അദ്ദേഹത്തിന്‍റെ സേവനത്തിന് നമ്മെത്തന്നെ പ്രതിഷ്ഠിച്ചു കൊണ്ടുമാണ്. അത് കൊണ്ട് തന്നെ ഈശോമിശിഹായുടെ വളര്‍ത്തുപിതാവും ദൈവജനനിയുടെ വിരക്ത ഭര്‍ത്താവുമായ മാര്‍ യൗസേപ്പിനോടുള്ള നമ്മുടെ ഭക്തി പ്രകടിപ്പിക്കേണ്ടത് ആ വന്ദ്യപിതാവിനെ അനുകരിച്ചും അദ്ദേഹത്തിന്‍റെ സേവനത്തിനായി നമ്മെത്തന്നെ പ്രതിഷ്ഠിച്ചു കൊണ്ടുമാകണം.

മാര്‍ യൗസേപ്പ്, ദൈവ സേവനത്തിനും മിശിഹാനുകരണത്തിനും നമ്മുടെ ഉത്തമ മാതൃകയാണ്. ദൈവപിതാവിന്‍റെ ഹിതം നിവര്‍ത്തിക്കുന്നതാണ് വിശുദ്ധിയുടെ മാനദണ്ഡമെന്ന്‍ വന്ദ്യപിതാവ് തെളിയിച്ചു. ഏത് ജീവിതാന്തസ്സുകാര്‍ക്കും അദ്ദേഹം മാതൃകാ പുരുഷനാണ്. വൈദികരും സന്യാസിനി സന്യാസികളും യൌസേപ്പ് പിതാവിന്‍റെ മാതൃക അനുകരിക്കണം. കുടുംബ ജീവിതം നയിക്കുന്നവരുടെയും തൊഴിലാളികളുടെയും ഉത്തമ മാതൃകയായി മാര്‍ യൗസേപ്പില്‍‍ കാണാവുന്നതാണ്. ഒരു ക്രിസ്ത്യാനി എപ്രകാരമാണ് ക്രിസ്തുവിനെ തന്‍റെ ജീവിത മണ്ഡലങ്ങളില്‍ സംവഹിക്കേണ്ടതെന്ന് മാര്‍ യൗസേപ്പ് കാണിച്ചു തരുന്നു. അദ്ദേഹത്തിന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളുമെല്ലാം ക്രിസ്തുവിനു വേണ്ടിയായിരുന്നുവല്ലോ.

ദൈവ മാതാവായ കന്യകയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലും വിശുദ്ധ യൗസേപ്പ് കാണിച്ച അതീവ ശ്രദ്ധ നാമെല്ലാവരും അനുകരിക്കേണ്ടിയിരിക്കുന്നു. എല്ലാ ക്രിസ്തീയ സുകൃതങ്ങളും മാര്‍ യൗസേപ്പില്‍ പ്രശോഭിച്ചിരുന്നു. ദൈവ സ്നേഹവും പരസ്നേഹവും അതിന്‍റെ ഏറ്റവും പൂര്‍ണ്ണതയില്‍ മാര്‍ യൗസേപ്പ് പ്രാവര്‍ത്തികമാക്കി. വിശ്വാസത്തിന്‍റെയും പ്രത്യാശയുടേതുമായ ഒരു തീര്‍ത്ഥയാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

മാര്‍ യൗസേപ്പിന്‍റെ ജീവിതം നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കപ്പെടാന്‍ നാം യൌസേപ്പിന് പ്രതിഷ്ഠിക്കണം. വന്ദ്യപിതാവ്‌ ഈ ലോകത്തില്‍ ജീവിച്ചിരുന്നത് ഏതു ലക്ഷ്യത്തിനു വേണ്ടിയായിരുന്നുവോ അതേ ലക്ഷ്യം തന്നെ നമ്മുടെ ജീവിതത്തിലും നമുക്ക് ഉണ്ടായിരിക്കണം. ദൈവത്തെ മഹത്വപ്പെടുത്തുകയും ഈശോയെയും ദൈവമാതാവിനെയും സേവിക്കുകയും അതോടൊപ്പം നമ്മുടെ പിതാവിനെയും നാം അറിയുകയും സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യണം.

പിതാവിനെ ബഹുമാനിക്കുന്നവര്‍ക്ക് അവിടുന്ന്‍ ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുന്നതാണ്. മാര്‍ യൗസേപ്പിനെ പറ്റി കൂടുതലായി ഭക്തി പ്രചരിപ്പിക്കുന്നവര്‍ക്ക് അസാധാരണമായ സിദ്ധികളും ദാനങ്ങളും ലഭിക്കുന്നതാണ്. മാര്‍ യൗസേപ്പിനോടു അപേക്ഷിച്ചിട്ടുള്ളതൊന്നും തിരസ്ക്കരിക്കപ്പെട്ടിട്ടില്ല എന്നതാണ് വി.അമ്മത്രേസ്യാ പ്രസ്താവിച്ചിട്ടുള്ളതാണ്. അതിനാല്‍ ഉത്തമ ക്രിസ്തീയ ജീവിതം നയിക്കുന്നതില്‍ ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള അനേകം നന്മകള്‍ ലഭിക്കുന്നതിനും മാര്‍ യൗസേപ്പിനോടുള്ള ഭക്തി ഏറെ ഉപകരിക്കും.

സംഭവം
🔶🔶🔶🔶

1847-ല്‍ ആഗസ്റ്റ്‌ മാസം മാന്നാനത്തെ പ്രസ്സിന്‍റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു മാസമായി. ആശ്രമത്തിന്‍റെ പണിയും പുരോഗമിക്കുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ ദീര്‍ഘമായ ഒരു യാത്ര കഴിഞ്ഞ് ക്ഷീണിതനായി മാന്നാനത്ത്‌ മടങ്ങിയെത്തിയതേയുള്ളൂ. വിവിധ പ്രശ്നങ്ങള്‍ അദ്ദേഹത്തെ വിഷമിപ്പിക്കുകയാണ്. പ്രസ്സിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ദിവസം. പക്ഷേ, ഒരു ചില്ലിക്കാശുപോലും കൈവശമില്ല. ആശ്രമം പണി മൂലം ഒരു വലിയ കടബാദ്ധ്യതയുമുണ്ട്. ചാവറയച്ചന്‍ വലിയ മനോവിഷമത്തോടെ പള്ളിയില്‍ വി. യൗസേപ്പുപിതാവിന്‍റെ അള്‍ത്താരയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. ഒരു വഴിയുമില്ലാതെ അദ്ദേഹം മാര്‍ യൗസേപ്പു പുണ്യവാനോടു അപേക്ഷിച്ചു.

ചാവറയച്ചന്‍ പള്ളിക്കകത്ത് വിഷാദിച്ചു നില്‍ക്കുമ്പോള്‍ ദൈവസഹായത്തിന്‍റെ പ്രത്യക്ഷം പോലെ ചേര്‍പ്പുങ്കല്‍ പള്ളി ഇടവകക്കാരന്‍ നെല്ലിപ്പുഴ ഇട്ടി എന്നയാള്‍ അവിടെ വന്നു. അദ്ദേഹം പറഞ്ഞു, “ഞാന്‍ അഞ്ഞൂറ് ചക്രം കൊണ്ടുവന്നിട്ടുണ്ട്. ഇനിയൊരു ആളയച്ചാല്‍ അഞ്ഞൂറും കൂടി കൊടുത്തയയ്ക്കാം. യൌസേപ്പ് പിതാവ് പ്രവര്‍ത്തിച്ച അത്ഭുദത്തെ ഓര്‍ത്ത് വി. യൗസേപ്പിതാവിനു അദ്ദേഹം നന്ദി അറിയിച്ചു. ഇതുപോലെ വിശുദ്ധ യൌസേപ്പ് പിതാവിന്റെ മാദ്ധ്യസ്ഥം മൂലം നിരവധി അനുഗ്രഹ സാക്ഷ്യങ്ങള്‍ വിശുദ്ധ ചാവറയച്ചന്‍റെ ജീവിതത്തിലുണ്ട്.

ജപം
🔶🔶🔶

മഹാമാദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ! അങ്ങില്‍ അഭയം പ്രാപിച്ചിരിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളെ അവിടുന്ന്‍ സാധിച്ചു കൊടുക്കുന്നു. അവരെ എല്ലാ വിപത്തുകളില്‍ നിന്നും പ്രത്യേകമായി ദുര്‍മരണങ്ങളില്‍ നിന്നും അങ്ങ് രക്ഷിക്കുന്നതാണ്. തിരുസഭയുടെ പാലകനും സാര്‍വത്രിക മദ്ധ്യസ്ഥനുമായ വന്ദ്യപിതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ. തിരുസഭ അഭിമുഖീകരിക്കുന്ന വിപത്തുകളെയും വിജയപൂര്‍വ്വം തരണം ചെയ്യുവാന്‍ വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടും കന്യകാംബികയോടും അപേക്ഷിച്ചു ലഭിച്ചു തരണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

തിരുക്കുടുംബത്തിന്‍റെ നാഥനായ പിതാവേ, ഞങ്ങളുടെ ഭവനത്തിന്‍റെ നാഥനായിരിക്കേണമേ.

മാര്‍ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠാജപം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

എല്ലാ കുടുംബത്തിലും വച്ച് ഏറ്റവും പരിശുദ്ധമായ തിരുക്കുടുംബത്തിന്‍റെ നാഥനായി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മഹാത്മാവായ മാര്‍ യൗസേപ്പേ, ഈ കുടുംബത്തിന്‍റെയും തലവന്‍ എന്ന സ്ഥാനം അങ്ങ് വഹിക്കണമേ. ഈ ക്ഷണം മുതല്‍ അങ്ങയെ പിതാവും മദ്ധ്യസ്ഥനും മാര്‍ഗദര്‍ശിയുമായി ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ ആത്മശരീരങ്ങളും വസ്തുവകകളും മറ്റെല്ലാം ഞങ്ങളുടെ മരണവും അങ്ങേ പ്രത്യേക സംരക്ഷണയില്‍ ഞങ്ങള്‍ ഭരമേല്‍പ്പിക്കുന്നു. ഞങ്ങളെ അങ്ങേ പുത്രനായിട്ട് സ്വീകരിക്കേണമേ. ഞങ്ങളുടെ ആത്മശരീര ശത്രുക്കളില്‍ നിന്നും പരിരക്ഷിക്കണമേ. എല്ലാ കാലങ്ങളിലും ആവശ്യങ്ങളിലും ഞങ്ങള്‍ക്ക് ആലംബമായിരിക്കേണമേ. ജീവിതകാലത്തും മരണാവസരങ്ങളില്‍ വഹിച്ചിരിക്കുന്ന ദിവ്യകുമാരനോടും പരിശുദ്ധ മണവാട്ടിയായ കന്യകാംബികയോടും ഞങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ. ഈ കുടുംബത്തെ (സമൂഹത്തെ) അങ്ങേയ്ക്ക് പ്രിയങ്കരമാക്കിത്തീര്‍ക്കുക. ഞങ്ങള്‍ ഉത്തമ ക്രിസ്ത്യാനികളായി ജീവിക്കാമെന്നും ഈശോമിശിഹായേയും ദൈവജനനിയേയും അങ്ങയേയും വിശ്വസ്തതാപൂര്‍വ്വം സേവിക്കാം എന്നും പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമ്മേന്‍.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

🌻പ്രഭാത പ്രാർത്ഥന… 🌻

അവനെ ക്രൂശിക്കണമെന്ന് അവർ നിർബന്ധപൂർവ്വം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..അവസാനം അവരുടെ നിർബന്ധം തന്നെ വിജയിച്ചു.. (ലുക്ക:23/23)

പരമ പരിശുദ്ധനായ ദൈവമേ..
അങ്ങ് എന്റെ പ്രാർത്ഥന ശ്രവിച്ചതിനാലും, എപ്പോഴും ശ്രവിക്കുന്നതിനാലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഈ പ്രഭാതത്തിലും ഞാനങ്ങയെ തേടുന്നു. ജീവിതത്തിൽ പലപ്പോഴും വാശിയോടെ.. നിർബന്ധം പിടിച്ച് ഞങ്ങൾ പല കാര്യങ്ങളും നേടിയെടുക്കാറുണ്ട്. എന്റെ സഹോദരനു കൂടി പകുത്തു കിട്ടേണ്ട അവകാശങ്ങളെ മാതാപിതാക്കളിൽ നിന്നും വാശിയോടെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോഴും.. അനുയോജ്യമല്ലാത്ത ഹൃദയബന്ധങ്ങളെ നേടിയെടുക്കാൻ ശ്രമിക്കുമ്പോഴും.. എന്റെ അയൽവാസികൾക്ക് അർഹതപ്പെട്ട അനുകൂല്യങ്ങളെ തടസ്സപ്പെടുത്തി അവ കൈവശപ്പെടുത്താൻ ശ്രമിക്കുമ്പോഴുമെല്ലാം അന്യായമായ എന്റെ നിർബന്ധബുദ്ധിയുടെ വിജയം കൊണ്ട് കാരണങ്ങളില്ലാതെ തന്നെ ക്രൂശിക്കപ്പെടുന്നവരും വേദനിക്കുന്നവരുമുണ്ടെന്ന യാഥാർഥ്യം ഞാൻ തിരിച്ചറിയുന്നില്ല.

ഈശോയേ.. എന്റെ അന്യായമായ സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടി മറ്റുള്ളവർക്ക്‌ അവകാശമുള്ള നന്മകളെ നിഷേധിച്ചു കൊണ്ട് ആരുടെയും മനമുരുകുന്ന വേദനയ്ക്ക് ഒരിക്കലും ഞാൻ കാരണമാകാതിരിക്കട്ടെ.. മറ്റുള്ളവർക്ക് അർഹതപ്പെട്ട നന്മയെ നിഷേധിക്കുന്നവൻ ദൈവ തിരുമുൻപിൽ കുറ്റക്കാരനായി വിധിക്കപ്പെടുക തന്നെ ചെയ്യുമെന്ന സത്യം ഇനിയെങ്കിലും ഞാൻ തിരിച്ചറിയട്ടെ നാഥാ.. അർഹിക്കാത്ത അനുഗ്രഹങ്ങൾക്കു വേണ്ടി വാശി പിടിക്കാതെ എന്റെ ഇഷ്ടമല്ല.. അങ്ങയുടെ ഇഷ്ടം മാത്രം എന്റെ ജീവിതത്തിൽ നിറവേറട്ടെ എന്ന നിഷ്കളങ്കമായ പ്രാർത്ഥനയുടെ പരിശുദ്ധിയായി എന്റെ ജീവിതവും അങ്ങയുടെ കരങ്ങളിലേക്ക് ഉയർത്തപ്പെടട്ടെ..

വിശുദ്ധ ജോൺ ക്ലിമാക്കസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

നോമ്പുകാല വിചിന്തനം – 42
വി. യോഹന്നാൻ 12 : 27 – 33

മരണം ഏവർക്കും സ്വാഭാവികവും സാധാരണവുമാണെങ്കിൽ യേശുവിന് അതു അസാധാരണത്വംനിറഞ്ഞ ഒരനുഭവമായിരുന്നു.ദൈവമനുഷ്യനായ യേശുവിലെ മനുഷ്യത്വം അതിജീവിച്ച അതിദാരുണവും സംഘർഷനിർഭരവുമായ സാഹചര്യമായിരുന്നു അത് .അവിടുത്തെ മനുഷ്യത്വത്തിന്മേൽ മരണചിന്തയുടെ ആകുലതകൾ പീലി നിവർന്നാടിയ ആ അന്ത്യ മുഹൂർത്തങ്ങൾ ആർക്കും ഉൾക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു. മരണത്തെ മുൻകൂട്ടി മുഖാമുഖംകണ്ട് അവിടുന്നു നടത്തിയ സാഹസികയാത്രയുടെ പരിസമാപ്തിയിലായിരുന്നു വിക്ഷോഭജനകമായ വിചാരങ്ങൾ ഉരുണ്ടുകൂടിയ ത്. മാത്രമല്ല, മരണചിന്തയുടെ ആ വൈകാരികവിചാരധാരയിൽ രക്തംപോലും വിയർപ്പുകണങ്ങളായി പൊടിഞ്ഞുവീണപ്പോൾ കടിച്ചമർത്തിയ വേദനകളുടെ രോദനങ്ങളിൽ വാർന്നൊഴുകിയ പ്രാർത്ഥനയായിരുന്നു’ പിതാവേ, ഈ മണിക്കൂറിൽനിന്ന് എന്നെ രക്ഷിക്കണമേ’ എന്നത്. എന്നാൽ, അടുത്തനിമിഷംതന്നെ ‘ അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്ക് ഞാൻ വന്നത് ‘ എന്ന ദൗത്യബോധം സടകുടഞ്ഞെഴുന്നേറ്റു. പാപബന്ധിതമായ മനുഷ്യവർഗ്ഗത്തിന്റെ മോചനത്തിനായുള്ള ദൈവികപദ്ധതിപ്രകാരം ഒരു ബലിയർപ്പണത്തിനായാണ് താൻ നിയോഗിക്കപ്പെട്ടതെന്ന ചിന്ത തെളിഞ്ഞുവന്നപ്പോൾ എല്ലാം സ്വപിതാവിനു സമർപ്പിച്ച് സായൂജ്യമടഞ്ഞു. അപ്രകാരം അനേകരുടെ വീണ്ടെടുപ്പിന് വേദിയും വിളനിലവുമായിത്തീർന്ന കാൽവരിക്കുന്നിലെ സഹനപൂർണ്ണമായ ക്രൂശാരോഹണത്താൽ അത്യന്തം സന്തുഷ്ടനായി പറഞ്ഞു: ” ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകർഷിക്കും”. അതുകൊണ്ട് ,” അല്പസമയത്തേക്കൂകൂടി പ്രകാശം നിങ്ങളോടുകൂടിയുണ്ട്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാനും… നിങ്ങൾ പ്രകാശത്തിന്റെ മക്കളാകേണ്ടതിനും നിങ്ങൾക്കു പ്രകാശമുള്ളപ്പോൾ അതിൽ വിശ്വസിക്കുവിൻ.”

“ഹാ! വിജിഗീഷു മൃത്യുവിന്നാമോ / ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ”(കന്നിക്കൊയ്ത്ത്, വൈലോപ്പിളളി ശ്രീധരമേനോൻ) എന്ന കവിവാക്യം അന്വർത്ഥമാകുമാറ് മരണത്തിനുപോലും ഒരിക്കലും കീഴടക്കാനാവാത്തവിധം അവിടുന്നു കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും അപ്രകാരം നിത്യജീവന്റെ ഉറവയായിത്തീർന്നു. ആ ഉറവയിൽനിന്നുള്ള ജീവജലമാണ് നമ്മുടെ അനുദിനജീവിതത്തെ തളിരണിയിക്കുന്നത് എന്ന സത്യം തിരിച്ചറിയാൻ ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ.

* ഫാ. ആന്റണി പൂതവേലിൽ

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment