ജോസഫ് ചിന്തകൾ 119
ജോസഫ്: വേദനിക്കുന്നവരുടെ സങ്കേതം
യൗസേപ്പിതാവിൻ്റെ ലുത്തിനിയായിൽ വേദനിക്കുന്നവരുടെ സങ്കേതമേ (Solacium miserorum) എന്ന മറ്റൊരു അഭിസംബോധനയാണ് ഇന്നത്തെ ചിന്താവിഷയം. വേദനിക്കുന്നവരെ മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഉപേക്ഷിക്കാതെ കരുതലിൻ്റെ കരവലയത്തിൽ കാത്തു സൂക്ഷിക്കാൻ ദൈവ പിതാവു ഭൂമിയിൽ കണ്ടെത്തിയ പ്രതിനിധിയാണ് യൗസേപ്പിതാവ്.
വേദനിക്കുന്ന ഹൃദയങ്ങളെ മനസ്സിലാക്കാനും അവരോടൊപ്പം പങ്കുചേരാനും യൗസേപ്പിതാവിനു സവിശേഷമായ കഴിവും ഹൃദയവിശാലതയും ഉണ്ടായിരുന്നു. വേദനകളും ഒറ്റപ്പെടുത്തലുകളും ജീവിതത്തിൽ ചാകര തീർക്കുമ്പോൾ കൂടെയിരിക്കാൻ ആശ്വസിപ്പിക്കാൻ ഒരാളുണ്ടായിരിക്കുക എന്നത് ഏതൊരു മനുഷ്യ മനസ്സിൻ്റെയും അടങ്ങാത്ത ആഗ്രഹമാണ്. ജീവിതത്തിലെ ഇത്തരം നിർണ്ണായക നിമിഷങ്ങളിൽ ദൈവ പിതാവു ചൂണ്ടിക്കാണിച്ചു തരുന്ന വഴിവിളക്കാണ് നസറത്തിലെ യൗസേപ്പിതാവ്.
ദൈവപുത്രൻ പോലും പരിലാളന ഏറ്റുവാങ്ങിയ ആ പിതൃഹൃദയത്തിനു വേദനിക്കുന്നവരെയും കണ്ണീരണിയുന്നവരെയും കരുതലോടെ മാറോടണയ്ക്കാൻ സവിശേഷമായ നൈപുണ്യമുണ്ട്. വേദനിക്കുന്നവരുകൂടെ നിൽക്കുകയും അവരുടെ വേദന സ്വന്തം വേദനയായി കരുതി ജീവിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം സാക്ഷാത്കരിക്കപ്പെടുന്നതെന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു.
വേദനിപ്പിക്കുന്നവരെ സഹായിക്കുക എന്നത് ഓരോ ക്രൈസ്തവൻ്റെയും കടമയും ഉത്തരവാദിത്വവുമാണ്. വേദനിക്കുന്നവരെ കാണുമ്പോൾ ഒഴിവു കഴിവുകൾ കണ്ടെത്തുന്നവർ യൗസേപ്പിതാവിൽ നിന്നു ഇനിയും പഠിക്കേണ്ടിയിരുന്നു. അപരൻ്റെ വേദനകളിൽ ഇടപെട്ടാൽ എൻ്റെ സ്വൈര്യ ജീവിതം നഷ്ടപ്പെടുമോ എന്ന മിഥ്യാബോധം നമ്മളെ പിന്നോട്ടു വലിക്കുമ്പോൾ, വേദനിക്കുന്നവരെ കാണുമ്പോൾ അവരെ കരുതലോടെ കരവലയത്തിലാക്കാൻ യൗസേപ്പിതാവു നമ്മെ വെല്ലുവിളിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Leave a comment