ജോസഫ് സാർവ്വത്രിക സഭയുടെ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 122

ജോസഫ് സാർവ്വത്രിക സഭയുടെ മദ്ധ്യസ്ഥൻ

 
1870 ഡിസംബർ മാസം എട്ടാം തീയതി ഒൻപതാം പീയൂസ് മാർപാപ്പ ക്വുവേമാദ്മോഡും ദേവൂസ് (Quemadmodum Deus) എന്ന തിരുവെഴുത്ത് വഴി യൗസേപ്പിനെ സാർവ്വത്രിക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. പഴയ നിയമത്തിലെ പൂർവ്വ യൗസേപ്പിനു സമാനമായ രീതിയിൽ പുതിയ നിയമത്തിലെ യൗസേപ്പിനെ ദൈവം തൻ്റെ വിശിഷ്ട ദാനങ്ങളെ ഭരമേല്പിച്ചു എന്നു പീയൂസ് ഒൻപതാം മാർപാപ്പ പഠിപ്പിക്കുന്നു. “സർവ്വശക്തനായ ദൈവം പൂർവ്വ പിതാവായ യാക്കോബിൻ്റെ മകൻ ജോസഫിനെ ഈജിപ്തിൽ നിന്നു തൻ്റെ ജനത്തിനു വേണ്ടി ധ്യാന്യം സംഭരിക്കുവാൻ നിയോഗിച്ചതു പോലെ, സമയത്തിൻ്റെ പൂർത്തിയിൽ തൻ്റെ ഏകജാതനെ, ലോക രക്ഷകനെ, ഭൂമിയിലേക്കു അയ്‌ക്കാൻ തീരുമാനിച്ചപ്പോൾ മറ്റൊരു ജോസഫിനെ തിരഞ്ഞെടുത്തു. ദൈവം അവനെ തൻ്റെ ഭവനത്തിൻ്റെയും നിക്ഷേപങ്ങളുടെയും കർത്താവും നേതാവുമായി നിയമിക്കുകയും അവൻ്റെ ഏറ്റവും വിശിഷ്ടമായ നിധികളുടെ സംരക്ഷകനാക്കുകയും ചെയ്തു.”
 
ലെയോ പതിമൂന്നാമൻ പാപ്പ 1889 ൽ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഭക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ക്വാംക്വാം പ്ലൂറിസ് (Quamquam Pluris) എന്ന ചാക്രിക ലേഖനത്തിലൂടെ യൗസേപ്പിനെ സഭയുടെ മധ്യസ്ഥനാക്കിയതിനുള്ള കാരണം പറയുന്നു; “ജോസഫ് ദൈവീക കുടുംബത്തിൻ്റെ സംരക്ഷകനും ശിരസ്സും രക്ഷാധികാരിയുമായിരുന്നു. അതിനാൽ നസറത്തിലെ കുടുംബത്തെ സംരക്ഷിച്ചതുപോലെ ക്രിസ്തുവിൻ്റെ സഭയെ അവൻ്റെ ദൈവീക സഹായത്താൽ സംരക്ഷിക്കാനും പ്രതിരോധിക്കാനും യൗസേപ്പിതാവ് ഏറ്റവും അനുയോജ്യനും ശ്രേഷ്ഠനുമാണ്. “
 
യൗസേപ്പിതാവ് തൻ്റെ മൂന്നു പ്രത്യേക ഗുണങ്ങളാലും തിരുസഭയുടെ മദ്ധ്യസ്ഥനാക്കുന്നു. അനുസരണം, വിശ്വസ്തത, എളിമ ഇവ മൂന്നുമാണ് ആ ഗുണങ്ങൾ. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടതുമാണ്.ദൈവ പിതാവിനോടു അനുസരണയും ദൈവം ഭരമേല്പിച്ച വ്യക്തികളോടു വിശ്വസ്തതയും ഉത്തരവാദിത്വ നിർവ്വഹണത്തിൽ എളിമയും ശീലമാക്കിയ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥം നമുക്കു തേടാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment