ജോസഫ് സ്നേഹത്തിൻ്റെ അധ്യാപകൻ

ജോസഫ് ചിന്തകൾ 126

ജോസഫ് സ്നേഹത്തിൻ്റെ അധ്യാപകൻ

 
“വിശുദ്ധ യൗസേപ്പിതാവ് നമ്മുടെ കാലഘട്ടത്തിനുള്ള മഹനീയ മാതൃകയാണ് കാരണം അവൻ മനുഷ്യ ജീവനെ സംരക്ഷിക്കുവാനും കുടുംബത്തെ പരിപാലിക്കാനും ഈശോയെയും മറിയത്തെയും സ്നേഹിക്കാനും അവൻ നമ്മളെ പഠിപ്പിക്കുന്നു.” വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകളാണിവ.
 
യൗസേപ്പിതാവിൽ നിന്നു പല പുണ്യങ്ങളും നമുക്കു പഠിക്കാൻ കഴിയുമെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്നേഹം തന്നെയാണ്. എങ്ങനെയാണ് സ്നേഹം നമ്മിൽ വളരുക? മറ്റുള്ളവരിൽ നിന്നു നാം പ്രതീക്ഷിക്കുന്ന സ്നേഹം എങ്ങനെയാണ് അവർക്കു കൊടുക്കാൻ കഴിയുക? ഇവയ്ക്കുള്ള ഉത്തരമാണ് ആ പുണ്യജീവിതം. സ്വർഗ്ഗത്തിൽ സ്നേഹിക്കാൻ എളുപ്പമാണ്, ഭൂമിയിൽ സ്നേഹത്തിൽ വളരാൻ ആത്മപരിത്യാഗങ്ങളും സ്വയം ശ്യൂന്യമാക്കലുകളും ബോധപൂർവ്വമായ സഹനം ഏറ്റെടുക്കലുകളും ആവശ്യമാണ്. ഹൃദയത്തിൻ്റെ സ്വതന്ത്രമായ ആത്മദാനമണത്. ഈ ആത്മ ദാനത്തിലേ സ്നേഹം അമൂല്യവും ആദരണീയവുമായി മാറുകയുള്ളു. യൗസേപ്പിൻ്റെ ജീവിതം ഈശോയ്ക്കും മറിയത്തിനും വേണ്ടിയുള്ള ആത്മസമർപ്പണത്തിൻ്റെ തുറന്ന പുസ്തകമായിരുന്നു. അവർ സുഖമായി ഉറങ്ങാൻ ജാഗ്രതയോടെ അവൻ ഉണർന്നിരുന്നു. അവർ വേദനിക്കാതിരിക്കാൻ അവൻ സ്വയം വേദന ഏറ്റെടുത്തു. നിശബ്ദതയുടെ മൂടുപടത്തിനുള്ളിൽ ദൈവസ്നേഹത്തിൻ്റെ മന്ദസ്മിതം ആ മുഖത്തെന്നും വിരിഞ്ഞിരുന്നു. ഹൃദയത്തിൽ സ്വയം അനുഭവിച്ചറിഞ്ഞ നിഷ്കളങ്കമായ സ്നേഹം ദൈവത്തിൻ്റെ വലിയ ദാനമാണന്ന തിരിച്ചറിൽ യൗസേപ്പ് തിരുകുടുംബത്തെ പടുത്തുയർത്തിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രു പൊഴിച്ചിരിക്കാം. വിശുദ്ധ സ്നേഹത്തിൻ്റെ അധ്യാപകനെ നമുക്കും പിൻതുടരാം.
 
ഈശോയേയും മറിയത്തെയും സ്നേഹിച്ച വിശുദ്ധ യൗസേപ്പിതാവേ യഥാർത്ഥ സ്നേഹത്തിൽ വളരാൻ എന്നെ സഹായിക്കണമേ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment