പുലർവെട്ടം 473

{ പുലർവെട്ടം 473 }

 
പറുദീസാനഷ്ടം ജോൺ മിൽട്ടൻ്റെ പ്രസിദ്ധമായ കവിതയാണ്. ചെറുതും വലുതുമായ നഷ്ടസ്വർഗ്ഗങ്ങളുടെ കഥയാണ് ജീവിതം. മാധവിക്കുട്ടി എൻ്റെ കഥയിൽ കുറിക്കുന്നത് പോലെ : “വസന്തോത്സവം എത്രയോ ഹ്രസ്വമായിരുന്നു. ഒട്ടും ക്ഷീണിക്കാതെ വെയിലിലും മഴയത്തും ഞാൻ നടന്നു.
 
ഓരോരോ വാതിലുകളായി അടയുകയാണ്. എത്ര പതുക്കെയടച്ചാലും എന്തൊരു മുഴക്കമാണ്. ഏതൊരു ബന്ധത്തിലും മനുഷ്യർ കാണുന്ന ഏറ്റവും നിറമുള്ള സ്വപ്നം അതാണ്, നിന്നോടൊപ്പം വയസ്സാവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നിട്ടും പാതിവഴിപോലുമാവാതെ കോർത്ത കരങ്ങൾ അഴിഞ്ഞു പോകുന്നു.പുറത്ത് നരകയാതനകളാണ് പ്രാണനെ കാത്തുനിൽക്കുന്നത്. ഉൾത്താപത്തിൻ്റെ കനലും വീണ്ടുവിചാരങ്ങളുടെ വിലാപവും കഠിനക്ഷോഭത്തിൻ്റെ പല്ലിറുമ്മലും ചേർന്നതാണ് പുതിയനിയമത്തിൻ്റെ നരകഭാവന. ഒക്കെ കടുംവർണ്ണങ്ങൾ കൊണ്ട് ഒരു വൈയക്തിക ദുരന്തത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ്. അകന്നുപോയവരുടെ ഉള്ളംപോലെയൊരു ഉലയില്ല. വിഭജിക്കപ്പെട്ടുപോകുന്നതിനേക്കാൾ കഠിനമായ എന്ത് ദുരനുഭവമുണ്ട്? ചൂണ്ടയിൽ കൊരുക്കാനായി മണ്ണിരയെ മുറിച്ചിട്ടിരുന്നു. കുട്ടിക്കാലം ഓർക്കുന്നു. ഓരോ അംശവും എന്തൊരു പിടച്ചിലാണ്. സ്നേഹിക്കുന്നവരോടൊപ്പം സദാ ആയിരിക്കുക എന്നതിനേക്കാൾ സ്വർഗ്ഗീയമായിട്ടെന്തുണ്ട്? സ്വർഗ്ഗം അതുതന്നെയാണ്. ശുദ്ധസ്നേഹത്തിൻ്റെ മടിത്തട്ടിൽ ഒരാളറിയുന്ന വിശ്രാന്തി. നരകത്തിൽ എല്ലാ ഓർമ്മകളും പൊള്ളുന്നു.
 
വിലാപമാണ് അതിന്റെ തലവര. ഒന്ന് പൊറുത്തിരുന്നെങ്കിൽ, ഒരു മാത്ര അണച്ചു പിടിച്ചിരുന്നെങ്കിൽ, ഒരു കാതം കൂട്ടുപോയിരുന്നെങ്കിൽ, ഒരു യാമം ഉണർന്നിരുന്നെങ്കിൽ ജീവിതത്തിന്റെ വിധി ഇങ്ങനെയൊന്നും ആവേണ്ടതല്ലായിരുന്നു. പ്രാണൻ്റെ ഖേദം എന്നൊരു വിചാരം ആവർത്തിക്കുകയാണ്. ആരോടൊപ്പം ആയിരിക്കണമെന്നും എന്തിനുവേണ്ടിയാണ് അർപ്പിക്കേണ്ടതെന്നും കൃത്യമായ ധാരണയുണ്ടായിട്ടും അതിനായില്ലല്ലോ എന്ന നെടുവീർപ്പാണത്. ജീവിതം തിരിച്ചു വരാനാവാത്ത മുനമ്പ് പോലെ തോന്നുന്ന നേരം – പോയിന്റ് ഓഫ് നോ റിട്ടേൺ.
 
പതുക്കെപ്പതുക്കെ ഖേദം ക്ഷോഭത്തിന് വഴിമാറുന്നു.ശമനമില്ലാത്ത എല്ലാ ദുഃഖങ്ങളുടെയും സ്വാഭാവിക നൈരന്തര്യമാണത്. സിനിസിസവും പരിഹാസവും കൊടിയ വിമർശനവുമൊക്കെയായി സകലത്തിനോടും കലഹിക്കുന്ന, എല്ലാത്തിലും അപൂർണ്ണത കണ്ടെത്തുന്ന, തീരെ ശുഭാപ്തിയില്ലാത്ത ഒരാൾ രൂപപ്പെടുകയാണ്. ഒക്കെ കാണാത്ത തീനാളങ്ങൾ തന്നെ.
 
സ്വർഗ്ഗം ഒരു സമാന്തര ലോകമാണ്. മനുഷ്യഭാവനയിലെ ഏറ്റവും നലം തികഞ്ഞ കവിത. അതിലേക്കൊരു വീണ്ടെടുപ്പ് സാധ്യമാണെന്ന് പറയാനാണ് അയാൾ ചുറ്റിസഞ്ചരിച്ചത്. ഒരു കുരിശേറ്റത്തിൽപ്പോലും കൊടിയ അപമാനത്തിന്റെ തീയിൽ പെട്ട ഒരാൾക്കത് ഉറപ്പുവരുത്തുന്നു, നീ എന്നോടൊപ്പം പറുദീസയിലാണെന്ന് പറഞ്ഞ്.ആ നാകവിചാരങ്ങളുടെ ഏറ്റവും ഭംഗിയുള്ള നിമിഷം അതായിരുന്നു: ശിമയോനേ, നിന്റെ കൈവെള്ളയിൽ ഞാൻ സ്വർഗ്ഗത്തിന്റെ താക്കോൽ വച്ചിട്ടുണ്ട്.
 
വായന അവസാനിപ്പിച്ചോളൂ. എന്നിട്ട് കൈവെള്ളയിലേക്ക് ഉറ്റുനോക്കുക.കൈരേഖകൾക്കിടയിൽ ഒരു താക്കോൽ തെളിഞ്ഞു വരുന്നത് കാണുന്നില്ലേ?
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment