ജോസഫ് ചിന്തകൾ 173
ജോസഫ്: പരിശുദ്ധ ത്രിത്വത്തിൽ ബന്ധിക്കപ്പെട്ടവൻ
പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിനത്തിൽ പരിശുദ്ധ ത്രിത്വവുമായി ബന്ധിക്കപ്പെട്ട ജീവിതം നയിച്ച വിശുദ്ധ യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ വഴികാട്ടി.
ക്രിസ്തീയ കലയിൽ പരിശുദ്ധ ത്രിത്വത്തെ ഏറ്റവും ലളിതമായ രീതിയിൽ ചിത്രീകരിക്കുന്ന അടയാളമാണ് ത്രിത്വ കെട്ട് അഥവാ Trinity Knot. ഇതിനെ ചിലപ്പോൾ ത്രികെത്രാ (triquetra) എന്നു വിശേഷിപ്പിക്കാറുണ്ട്. പരസ്പരം ബന്ധിതമായിരിക്കുന്ന ഇലയുടെ ആകൃതി പോലുള്ള മൂന്നു രൂപങ്ങൾ ,അവയക്കു മൂന്നു കോണുകൾ അവയ്ക്കു നടുവിലായി ഒരു വൃത്തം, ഇതു നിത്യ ജീവനെ പ്രതിനിധാനം ചെയ്യുന്നു. പരിശുദ്ധ ത്രിത്വവുമായി ബന്ധിക്കപ്പെട്ട ജീവിതമായിരുന്നു യൗസേപ്പിതാവിൻ്റെ ജീവിതം.
പിതാവിൻ്റെ പ്രതിനിധിയും പുത്രൻ്റെ കാവൽക്കാരനും പരിശുദ്ധാമാവിൻ്റെ ആജ്ഞാനുവർത്തിയും എന്ന നിലയിൽ പരിശുദ്ധ ത്രിത്വത്തെ മറന്നൊരു ജീവിതം അവനില്ലായിരുന്നു. അതിനാൽ തിരു കുടുബത്തെ പരിശുദ്ധ ത്രിത്വത്തിൻ്റെ ഭൂമിയിലെ പതിപ്പിക്കാൻ അവനു തെല്ലും ബുദ്ധിമുട്ടില്ലായിരുന്നു. ഈശോയും പരിശുദ്ധ കന്യകാ മറിയവും യൗസേപ്പിതാവും പരസ്പരം സ്നേഹിച്ചും പങ്കുവച്ചും ഒരുമയോടെ ജീവിച്ചപ്പോൾ ത്രിത്വജീവിതം ഭൂമിയിൽ ജീവിക്കാനാവും എന്ന് നസറത്തിലെ കുടുബം തെളിയിക്കുകയായിരുന്നു.
അപരനെ സന്തോഷത്തോടെ സ്നേഹിക്കുകയോ സഹായിക്കുകയോ പരിചരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും പരിശുദ്ധ ത്രിത്വത്തിന്റെ പ്രതിഫലനമാണന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. അതുപോലെ തന്നെ പരസ്പരം സ്നേഹിച്ചും ആദരിച്ചും സഹായിച്ചും ജീവിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും പരിശുദ്ധത്രിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ആ പുണ്യജീവിതം നമ്മളെ പഠിപ്പിക്കുന്നു.
വിശുദ്ധ യൗസേപ്പിതാവ് പരിശുദ്ധ ത്രിത്വത്തെ സ്നേഹിച്ചതു പോലെ നമുക്കും വിശ്വസത്തിൻ്റെ ഈ മഹാ രഹസ്യത്തെ സ്നേഹിക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Leave a comment