പുലർവെട്ടം 483

{പുലർവെട്ടം 483}

 
Tucson Garbage Project എന്ന പേരിൽ Dr. William Rathke എന്നൊരാളുടെ ഒരു സംരംഭമുണ്ട്. ഒരു ദേശത്തിന്റെ മാലിന്യങ്ങളുടെ ഘടന പരിശോധിച്ച് ആയിടത്തിൻ്റെ ഭക്ഷണശീലങ്ങളും വസ്ത്രരീതികളും സാമ്പത്തിക പശ്ചാത്തലവും ഒക്കെ ഗണിച്ചെടുക്കാനാവുമെന്ന് അയാൾ കരുതുന്നു. എന്തിന്, സാമൂഹികവും സാംസ്കാരികവുമായ ആഭിമുഖ്യങ്ങൾ പോലും അതിനിടയിൽ നിന്ന് തിരഞ്ഞെടുക്കാനാവുമെന്ന് അയാൾ വിശ്വസിക്കുന്നു. അയാളുടെ ഓഫീസ് മുറിയിൽ പണ്ടെങ്ങോ വന്ന ഒരു പത്രത്താള് ചില്ലിട്ട് വച്ചിട്ടുണ്ട്. അതിൻ്റെ തലക്കെട്ട് ഇങ്ങനെയാണ്: Gold in Garbage. എച്ചിൽക്കൂമ്പാരത്തിനടിയിൽ സ്വർണ്ണപ്പതക്കമുണ്ടെന്ന് വിശ്വസിച്ചിരുന്ന ചില മനുഷ്യരുടെ സാന്നിധ്യങ്ങളായിരുന്നു ഓരോ ഇരുണ്ട കാലത്തെയും പ്രകാശിപ്പിച്ചിരുന്നത്.
 
കാണുന്ന രീതിയെ ജ്ഞാനസ്നാനപ്പെടുത്തുകയാണ് പ്രധാനം. അങ്ങനെയാണ് കാഴ്ചയെക്കുറിച്ചുള്ള ഏറ്റവും ക്ലാസിക് ആയ വചനമുണ്ടാകുന്നത് :
 
കണ്ണ് ശരീരത്തിന്റെ വിളക്കു ആകുന്നു; അതുകൊണ്ട് കണ്ണ് ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശത്താൽ നിറഞ്ഞിരിക്കും. കണ്ണ് ദോഷമുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുട്ടായിരിക്കും; അതുകൊണ്ട് നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ട് എത്ര വലിയത്! ( മത്തായി 6:22-23)
 
ഏത് ദുഃഖത്തിലും ചില ലക്ഷ്യങ്ങൾ കാണാനാവുക. എത്ര വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുമ്പോഴും പുതിയ ചില വഴികളുണ്ടെന്ന് വിശ്വസിക്കുക ഇതൊക്കെയാണ് അവൻ്റെ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നവരുടെ മൂലധനം. പിയാനിസ്റ്റ് ഒരു must watch പടമാണ്. നാസിഭീകരതയെ അതിജീവിച്ച പോളീഷ് ജൂതനായ Wladyslaw Zpilman എന്ന സംഗീതജ്ഞൻ്റെ അതേ പേരിലുള്ള ആത്മകഥയിൽ നിന്നാണ് ആ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
 
വാഴ്സ റേഡിയോയിൽ തന്റെ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് കാര്യങ്ങളെല്ലാം തകിടം മറിയുന്നത്. നിരത്തുകളിൽ മൃതശരീരങ്ങൾ തട്ടി വീഴുന്ന വിധത്തിൽ പക അതിന്റെ രുദ്രതയാടുകയായിരുന്നു. കുടുംബം ചിതറപ്പെടുന്നു. തകർന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ഒളിച്ചു പാർക്കുകയായിരുന്നു അയാളുടെ വിധി.
 
ഉടഞ്ഞുപോയൊരു വീടിന്റെ കബോർഡിൽ നിന്ന് ഒരു അച്ചാർഭരണി തുറക്കാനുള്ള ശ്രമത്തിനിടയിൽ അയാളെ ഒരു മിലിട്ടറി ഓഫീസർ കണ്ടെത്തുന്നു. അനുഭാവത്തിൻ്റെ ചില കണികകൾ അയാളിലിനിയും ശേഷിച്ചിരുന്നു. ഒരു പിയാനിസ്റ്റാണ് അയാളെന്ന് മനസ്സിലാക്കിയ ആ ഓഫീസർ ഒരു പിയാനോ കാട്ടിക്കൊടുക്കുന്നു. അവിടെ അയാൾ എല്ലാം മറന്ന് തൻ്റെ മാന്ത്രിക സംഗീതം വായിക്കുകയാണ്. അവിടെ ഒളിച്ചു പാർക്കാനുള്ള സാഹചര്യങ്ങൾ ആ ജർമൻ ഓഫീസർ ഒരുക്കുന്നു. കഥ കുറേക്കൂടി മുൻപോട്ടു പോകണം. കാഴ്ചയെ കാല്പനികമാക്കുന്നത് പോർവിമാനങ്ങൾ തലയ്ക്ക് മുകളിലൂടെയും ടാങ്കറുകൾ നിരത്തിലൂടെയും പാഞ്ഞു പോകുമ്പോൾ, ജാലകത്തിന് വെളിയിൽ മൃതശരീരങ്ങൾ അട്ടിയായി കിടക്കുമ്പോൾ, അതിനിടയിൽ നിന്ന് സംഗീതത്തിന്റെ സാന്ത്വനം സൃഷ്ടിക്കുന്ന അയാളുടെ ദൃശ്യമാണ്. ഇത് പഴഞ്ചൊല്ലിലെ നീറോയുടെ വീണവായനയല്ല. മറിച്ച് മറ്റൊരു ലോകത്തിന് വേണ്ടിയുള്ള ഒരാളുടെ ഗീതാഞ്ജലിയാണ്.
 
കൺൻ്റോൻമെൻ്റ് പശ്ചാത്തലത്തിൽ നിന്നുള്ള ചില കുറിപ്പുകൾ ഈ അടുത്ത കാലത്തായി വായിക്കുന്നുണ്ട്. ഇന്ത്യൻ റെയ്ൻബോ എന്ന പേരിൽ. പടയൊരുക്കങ്ങളും യുദ്ധകഥകളുമൊക്കെ പ്രമേയമായി മാറുമ്പോഴും അതിൽ നിന്ന് മമതയുടെയും അനുഭാവത്തിൻ്റെയും ഹൃദ്യസുഗന്ധം പേരറിയാപ്പൂക്കളെപ്പോലെ പടരുന്നുണ്ട്. ഒടുവിലത്തെക്കുറിപ്പ് ഒരു വയോധികൻ്റെ നെടുവീർപ്പിലാണ് അവസാനിക്കുന്നത്: War is very very bad…!
 
പൂപ്പാത്രം പോലെ ചിതറിയ ലോകത്തിന് ഒരു വീണ്ടെടുപ്പ് സാധ്യമാണ്. ദുഖവും രോഗവും അനീതിയും യുദ്ധവുമെല്ലാം കടന്നുപോകുന്ന ഒരു നാൾ വരും. അങ്ങ് ആദിയിൽ വിഭാവനം ചെയ്ത ആ ലോകത്തിലേക്ക് ഞങ്ങൾ കൈകോർത്ത് തിരികെ നടക്കും. മുൻപോട്ടുള്ള ചുവട്, അഗാധ ഗർത്തമാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 483”

Leave a comment