{പുലർവെട്ടം 491}
“Those who dance are considered insane by those who cannot hear the music.”
– George Carlin
കടലാഴങ്ങളിലേക്ക് മാഞ്ഞുപോയ ഒരു പുരാതന ക്ഷേത്രനഗരത്തിൻ്റെ കഥ വായിച്ചു കേട്ടത് Anthony de melloയുടെ പുസ്തകങ്ങളിലൊന്നിൽനിന്നായിരുന്നു. വല്ലപ്പോഴുമൊരിക്കൽ അമ്പലമണികളുടെ സ്വരം തീരത്ത് കേൾക്കാമെന്ന് ഒരു സങ്കല്പമുണ്ടായിരുന്നു. അത് കേൾക്കാനെത്തിയ ഒരു ചെറുപ്പക്കാരൻ കാതുകൂർപ്പിച്ചും കണ്ണിമയടയാതെയും മണിനാദത്തെ കാത്ത് സദാ തീരത്തുണ്ടായിരുന്നു. കാലങ്ങൾക്ക് ശേഷവും അത് സംഭവിക്കാത്തതുകൊണ്ട് അയാൾ നിരാശാഭരിതനായി അവിടം വിട്ടു പോകാൻ തീരുമാനിച്ചു. അന്ന് രാത്രി പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ ഇരിക്കുമ്പോൾ മറ്റ് ചില ശബ്ദങ്ങൾ അയാളെത്തേടിവന്നു. കാറ്റ്-അലകൾ, കടൽക്കാക്കകൾ, മുക്കുവരുടെ വായ്ത്താരികൾ, ദൂരെ ചന്തയിൽ നിന്നുള്ള കലപിലകൾ അങ്ങനെയങ്ങനെ.. ഇത്രയും കാലം അവയ്ക്കെതിരെ അകത്തുനിന്ന് ബോധത്തിന്റെ ഓടാമ്പലിട്ടിരിക്കുകയായിരുന്നു. എത്ര മധുരവും മനോഹരവുമായ ശബ്ദപ്രപഞ്ചമാണ് തന്നെ പൊതിഞ്ഞു നിന്നത്. പതുക്കെപ്പതുക്കെ ഓരോരോ ശബ്ദങ്ങളുടെ അലയടങ്ങുകയും അതിന്റെ നിശ്ശബ്ദതയിൽ കടലിന്റെ അടിത്തട്ടിൽ നിന്ന് ശംഖ് മുഴങ്ങുകയും പിന്നെ മണിനാദങ്ങളുടെ ആരോഹണം ഉയരുകയും ചെയ്തു.
അത് അങ്ങനെതന്നെയാവണം. പലതരം ശബ്ദങ്ങൾക്കിടയിൽനിന്ന് താനേ കണ്ടെത്താനാവുന്ന ഒരു സംഗീതമുണ്ട്. ദൈവഹിതത്തിന് കാതോർക്കുക എന്ന നമ്മുടെ പുലരിവിചാരങ്ങളിലേക്ക് ഇതിൽ നിന്ന് നേരെ തവളച്ചാട്ടം നടത്താവുന്നതാണ്. അനുദിനജീവിതത്തിൽ അഗാധവും നിഷ്കളങ്കവുമായി വ്യാപരിക്കാനാവുമ്പോൾ നമുക്കുള്ള അടയാളപ്പലകകൾ അതിസ്വാഭാവികമായിത്തന്നെ തെളിഞ്ഞു കിട്ടും. നാടകീയമായ അശരീരിയായി ദൈവ ഇംഗിതങ്ങളെ നിനച്ചതാണ് തെറ്റ്. നിരത്തിലേക്ക് നോക്കിയിരിക്കുമ്പോൾ അദ്ധ്യാപകൻ ഹാജർ വിളിക്കുന്നത് പോലെയാണത്. അർദ്ധമയക്കത്തിൽനിന്ന് ഞെട്ടി പ്രസൻ്റ് ആയിരിക്കാനുള്ള ശ്രമം ഒരു ചലച്ചിത്രത്തിലെന്നപോലെ തന്റെ പൂർത്തിയാക്കിയ ചിത്രം കണ്ടിട്ട് ചിത്രകാരിയോട് നായിക പറയുന്നത് പോലെ, ഈ ചിത്രത്തിന് ഒരു കുഴപ്പമുണ്ട്. അതിൽ എൻ്റെ പ്രസൻസ് തീരെയില്ല. ആശയക്കുഴപ്പത്തിലായ അവളോട് ഇതുകൂടി അവർ കൂട്ടിച്ചേർക്കുന്നു. ഈ ചിത്രത്തിൽ നീയുമില്ല. പിന്നീടാണ് അവർക്കിടയിൽ അഗാധമായി പിണഞ്ഞ ഒരടുപ്പമുണ്ടാകുന്നത്. ഇപ്പോൾ ക്യാൻവാസിൽ രണ്ടു പേരുമുണ്ട്, വലിയ അളവിൽ!
പുതിയ നിയമത്തിലെ മേരിയെപ്പോലെ ആ ചൈതന്യത്തിന്റെ പാദപത്മങ്ങളിൽ സദാ വെറുതെ ആയിരിക്കുക. മനസ്സാക്ഷിയുടെ നിമന്ത്രണങ്ങൾക്കും വേദഗ്രന്ഥങ്ങളിലെ പ്രചോദനങ്ങൾക്കും അഭിമുഖീകരിക്കുന്ന മനുഷ്യരുടെ ഇടപെടലുകൾക്കുമൊക്കെ കാതോർക്കുക.ഒടുവിൽ സൂചിപ്പിച്ചത് കുറച്ചുകൂടി വിശദീകരണം അർഹിക്കുന്നു. അത് നാളെയാവാം.
അലയൊടുങ്ങിയ കടലിൽ നിന്ന് ചെറുമണിനാദങ്ങളുടെ സിംഫണി ഉയരുന്നുണ്ട്.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment