പുലർവെട്ടം 495

{പുലർവെട്ടം 495}

 
വിനീതവിധേയരെ പരിഹസിക്കാനുള്ള ഒരു പദമായിട്ടാണ് മതത്തിന് പുറത്ത് ആമേൻ എന്ന് ഉപയോഗിക്കപ്പെടുന്നത്. അന്ധതയോളമെത്തുന്ന കീഴാള കീഴടങ്ങൽ തന്നെയാണ് സൂചിതം. ആമേൻ എന്ന് ഒരു ചിത്രത്തിന് ശീർഷകം ഇടുമ്പോൾ പോലും അതിന്റെ പിന്നിൽ അങ്ങനെയൊരു കല്പിതബുദ്ധിയുണ്ട്.
 
ഹിറ്റ്ലറുടെ ജർമ്മനി തന്നെയാണ് പശ്ചാത്തലം. Kurt Gerstein എന്ന ഒരു കെമിസ്റ്റ് കുടിവെള്ളം ശുദ്ധീകരിക്കാൻ വേണ്ടി കണ്ടെത്തിയ Zyklon മൂലകം യഹൂദരുടെ ഗ്യാസ് ചേമ്പറിലെ കൂട്ടക്കൊലയ്ക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ നടുക്കത്തിൽനിന്നാണ് ചിത്രത്തിന്റെ കഥാതന്തു. ഇതിനകം അയാൾ അധികാരികളുടെ താത്പര്യങ്ങൾക്ക് വിധേയനായി. തന്റെ പരീക്ഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ട ബാധ്യതയുമായി. പരമാവധി കാര്യങ്ങളെ വൈകിയ്ക്കുക എന്ന സ്ട്രാറ്റജി വിലപ്പോകുന്നില്ല. രഹസ്യമായി ഈ നരഹത്യയെ ചെറുക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമാകുന്നില്ല. അയാൾ വിശ്വാസത്തിലെടുത്ത ഒരു ജസ്യൂട്ട് വൈദികൻ വഴി അന്നത്തെ മാർപ്പാപ്പയായ പയസ്സ് പന്ത്രണ്ടാമനെ സമീപിക്കുവാൻ ശ്രമിച്ചു. ജർമ്മനിയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് ഹിറ്റ്ലറുടെ അപ്രീതി കാരണമാകും എന്ന് ഭയാശങ്കകളുണ്ട്.
 
പ്രത്യക്ഷത്തിൽ ഗൗരവമായ ഒരിടപെടലിനും വത്തിക്കാൻ തയ്യാറാവുന്നില്ല എന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ചരിത്രപരമായി സാധുതയില്ലാത്ത ഒന്നാണിത്. പരമാവധി യഹൂദരെ സഭയുടെ ഭാഗമാണെന്ന് കാട്ടി ജീവൻ സംരക്ഷിക്കുവാൻ തന്റെ പുരോഹിതർക്ക് രഹസ്യനിർദ്ദേശം കൊടുത്ത ആളാണ് പയസ് പന്ത്രണ്ടാമൻ. എട്ട്ലക്ഷത്തോളം യഹൂദരാണ് അതിന്റെ benefit അനുഭവിച്ചത്. അരങ്ങേറിയ നൃശംസതയുടെ തീവ്രതയുമായി തുലനം ചെയ്യുമ്പോൾ ആ അനുപാതം എത്ര ചെറുതാണെങ്കിൽപ്പോലും.
 
ചരിത്രവസ്തുതയെക്കാൾ ഒരു പ്രതീകമായി അതിനെ കണ്ടെത്തിയാൽ മതി. അധർമ്മത്തെ അനുകൂലിക്കാതിരിക്കുമ്പോഴും അതിനെ പ്രതിരോധിക്കാൻ തയ്യാറല്ലാത്ത സനാതന മൂല്യങ്ങളുടെ സൂക്ഷിപ്പുകാർ പുലർത്തുന്ന നിസ്സംഗതയുടെ ആവിഷ്കരണമെന്ന നിലയിൽ, തടവുകാരെ കൂട്ടിക്കൊണ്ടു പോകുന്ന റെയിൽപ്പാത പള്ളിയുടെ പിന്നാമ്പുറത്താണ്. അലമുറയിട്ടുള്ള അവരുടെ കരച്ചിൽ കേൾക്കാതിരിക്കാൻ പള്ളിയിലെ ഗീതങ്ങൾ ഉറക്കെ പാടിക്കൊണ്ടിരുന്ന തങ്ങളുടെ യൗവ്വനകാലത്തെക്കുറിച്ച് വാർദ്ധക്യത്തിൽ നിലവിളിച്ചോർക്കുന്ന ഒരാളെക്കുറിച്ച് Penny lea എഴുതിയിട്ടുണ്ട്. ചിത്രത്തിലേയ്ക്ക് തന്നെ വരിക. വലിയ നിരാശയിലാണ് അത് അവസാനിക്കുന്നത്. ഫ്രാൻസ് അയാളെ യുദ്ധകാല കുറ്റവാളിയായി ചാപ്പ കുത്തി. അയാൾ ആത്മഹത്യ ചെയ്തു.
 
ഒരു കൃതി എഴുതുന്നതിനേക്കാൾ പ്രധാനം അതിന് തലക്കെട്ട് ഇടുകയാണ് എന്നൊരു ഫലിതം എഴുത്തുകാർക്കിടയിലുണ്ട്. അങ്ങനെയെങ്കിൽ ആമേൻ എന്ന ശീർഷകം കൊണ്ട് Costa – Gavras ഉൾപ്പെടെ അതിന്റെ പിന്നണിയിലുള്ളവർ എന്തൊക്കെയായിരിക്കും ദ്യോതിപ്പിക്കുവാൻ ആഗ്രഹിച്ചത്. നിസ്സഹായത, അഭയമില്ലായ്മ, നിസ്സംഗത, കീഴടങ്ങൽ, ഒഴിഞ്ഞുമാൽ അങ്ങനെ ഇരുട്ടിന്റെ ലുത്തിനിയ നീളുന്നു.
 
ആദിയിൽ ‘ആമേൻ’ എന്തൊരു വിശുദ്ധമായ സമർപ്പണമായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും സ്വസ്ഥമായ പ്രാർത്ഥനയായിരുന്നു : let it be so, അങ്ങേ ഹിതം പോലെ എന്നാണ് അതിന്റെ ഹൃദയമന്ത്രം. സൂഫികൾ കരുതുന്നത് പോലെ തുള്ളിയാമെൻ്റെ പ്രാണനിലേക്ക് ഒരു കടൽ ഇരമ്പി വരികയാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 495”

Leave a comment