{പുലർവെട്ടം 500}
മഹാപ്രസ്ഥാനം ആരംഭിക്കുകയാണ്. തെക്കോട്ടുള്ള യാത്ര നീളുന്നു. നായയുൾപ്പെടെയുള്ള ഏഴുപേരുടെ സംഘമാണ്. യാത്രയുടെ അവസാനത്തെ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഓരോരുത്തരായി നിലംപതിക്കുകയാണ്. ആദ്യം ദ്രൗപദി പിന്നെ നകുലൻ, സഹദേവൻ, അർജ്ജുനൻ.. ഓരോരുത്തരും വീഴുന്നത് അറിയുമ്പോൾ ധർമ്മജൻ തിരിഞ്ഞുനോക്കാതെ വീണതിന്റെ കാരണം പറയാനാണ് ശ്രദ്ധിച്ചിരുന്നത്. ഇനി ഭീമനാണ്. പിരിയാതെ യാത്ര തുടരുന്ന ജ്യേഷ്ഠനോട് താൻ എന്തുകൊണ്ട് പതിച്ചുവെന്ന് ഭീമൻ നിലവിളിക്കുന്നു. നീ കണക്കിലധികം ഭക്ഷിച്ചു. അതിനിടയിൽ മറ്റുള്ളവർക്ക് വിശക്കുന്നുണ്ടെന്നുള്ള കാര്യം ശ്രദ്ധിച്ചിട്ടേയില്ല എന്നായിരുന്നു യുധിഷ്ഠിരന്റെ മറുപടി. അപ്പോൾ അതുമൊരു സോളിഡ് റീസൺ ആണ്. ഒരാളുടെ മോക്ഷപ്രാപ്തിയ്ക്ക് കടമ്പയാകാൻ.
ഒരാൾക്ക് എത്ര ഭൂമി വേണം എന്നുള്ള ടോൾസ്റ്റോയിയുടെ കഥ അറിയാത്ത ഒരാളുമുണ്ടായില്ല. സഞ്ചരിക്കുന്ന ദൂരം മുഴുവൻ നിനക്കുള്ളതാണെന്നുള്ള ഉറപ്പിൽ, തിടുക്കത്തിൽ യാത്ര ചെയ്തിരുന്ന ഒരാൾ അന്തിയിൽ തളർന്നു വീഴുമ്പോൾ അവന് അവകാശപ്പെട്ട ആറടി മണ്ണ് കൊടുത്തേക്കൂ എന്ന യജമാനന്റെ മഹാമനസ്കതയിലാണ് കഥ തീരുന്നത്. ഒരാൾക്ക് എത്ര മണ്ണ് വേണമെന്ന ചോദ്യം പോലെ പ്രധാനമാണ് ഒരാൾക്ക് എത്ര ഭക്ഷണം വേണം, എന്ത് ശേഖരണം വേണം, വീടിന് എത്ര വലിപ്പം വേണം തുടങ്ങിയ ഉപചോദ്യങ്ങളും വളരെ കുറച്ച് മാത്രം ആവശ്യമുള്ള ഒരു നിലനില്പാണത്.
ഭക്ഷണം അതിൽത്തന്നെ പൊങ്ങച്ചത്തിൻ്റെയും ആഡംബരത്തിൻ്റെയും പദമായി. ഈ പാചകപരീക്ഷണങ്ങളുടെ ധാരാളിത്തം പോലും ആശാസ്യമായ സൂചനയല്ല. നെപ്പോളിയനെക്കുറിച്ച് പറഞ്ഞു കേൾക്കുന്നത് പോലെ വിഭവസമൃദ്ധമായ മേശയുടെ അരികിൽ ഇരുന്നാണ് വളരെക്കുറച്ച് മാത്രം ഭക്ഷണം റേഷനായി ലഭിച്ചിരുന്ന സൈനികരോട് അയാൾ യുദ്ധതന്ത്രങ്ങൾ പറഞ്ഞുകൊടുത്തിരുന്നുവെന്നത്. പ്രശസ്തമായ ചിക്കൻ വിഭവം ടിയാൻ്റെ പേരിലാണ് Chicken Marengo. അയാൾ സ്ട്രാറ്റജിക്കായ കാര്യങ്ങളോരോന്ന് വിശദീകരിക്കുമ്പോൾ അവരെന്തായിരിക്കും ശ്രദ്ധിച്ചുകൊണ്ടിരുന്നത്? ഈ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കെത്തുന്നവർ നാല് ഇടവേളകളിലായുള്ള നമ്മുടെ ഭക്ഷണശീലം കണ്ട് അമ്പരക്കുകയും ദു:ഖിതരാവുകയും ചെയ്യാറുണ്ട്.
ആവശ്യത്തിലേറെ അലഞ്ഞ ഒരു കവി നമുക്കുണ്ട്. രുചികളെക്കുറിച്ച് വാചാലനാവുന്ന, ഒറ്റയ്ക്ക് പാർക്കാൻ നിശ്ചയിച്ച ഒരു വലിയ കവിയുടെ വീട്ടിൽ കയറിച്ചെല്ലുന്നു. തീരെ ലളിതമായ ഒരിത്തിരി ഭക്ഷണം അയാൾക്ക് വിളമ്പിക്കൊടുക്കുമ്പോൾ കവി ഭക്ഷണത്തെക്കുറിച്ചുള്ള കൊച്ചുവർത്തമാനം പറയുകയായിരുന്നു.
“കൂടല്മാണിക്യത്തിലെ സദ്യ നീയുണ്ടിട്ടുണ്ടോ?
പാടി ഞാന് പുകഴ്ത്താം കെങ്കേമമാപ്പുളിങ്കറി.”
ചെറുപ്പക്കാരൻ്റെ ഉള്ളിൽ നിന്ന് കവിയുൾപ്പെടെയുള്ള എല്ലാം മാഞ്ഞുപോവുകയാണ്. അയാളിപ്പോൾ ബംഗാൾ കടലിന്റെ തീരത്തുള്ള ഏതോ ശ്മശാനഭൂമിയിലാണ്. മരിച്ചവർക്ക് വേണ്ടി മൺകലങ്ങളിൽ നേദിച്ചുവച്ച അന്നമുണ്ട്. ജീവിച്ചിരിക്കുന്നവർക്കാണ് അതുകൊണ്ട് ഇനി കാര്യം. തകർന്നുവീഴാതിരിക്കാൻ അതുവാരി ഭക്ഷിച്ചിട്ടുണ്ട്.
ഒന്നുംപറയാതെ ചാരുകസേരയിലേക്ക് വൈലോപ്പിള്ളി പിൻവാങ്ങി. എത്ര ഭക്ഷിച്ചാലും വിശപ്പ് മാറാത്ത കാലത്തെയോർത്തുള്ള നെടുവീർപ്പോടെ.
“ഇന്നെനിക്കറിയാമാക്കിടപ്പിലുണര്ന്നില്ലേ,
അങ്ങ തന്നുള്ളില് ജഗത് ഭക്ഷകനാകും കാലം”.
ചുള്ളിക്കാടിന്റെ ‘അന്നം’ എന്ന കവിതയാണത്.ഈ ചെറുകവിത സായിപ്പിൻ്റെ ശൈലിയിൽ Will speak volumes.
– ബോബി ജോസ് കട്ടികാട്
Advertisements

Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment