പുലർവെട്ടം 515

{പുലർവെട്ടം 515}

 
ടോട്ടോചാൻ മടുക്കാത്തൊരു പുസ്തകമാണ്. എന്തൊക്കെ കാര്യങ്ങളിലേക്കാണ് കൊബായാഷി എന്ന അദ്ധ്യാപകൻ കുട്ടികളെ സ്വാഭാവികമായി കൂട്ടിക്കൊണ്ടു പോകുന്നത്.
 
ഉച്ചയ്ക്ക് കുട്ടികളുടെ തുറന്നുവച്ച ചോറ്റുപാത്രങ്ങൾക്കരികിലൂടെ മാസ്റ്ററുടെ ഒരു എത്തിനോട്ടം ഉണ്ട്. കടലിൽനിന്നുള്ള പങ്കും മലയിൽ നിന്നുള്ള പങ്കും കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് അയാൾ ആരായുന്നത്. അതിന് ഒരുപാട് ചെലവോ മെനക്കേടോ ഇല്ല. മലയിൽനിന്നുള്ളതിന് കാട്ടുപയറിൻ്റെ തോരനോ ഒരു ഓംലെറ്റോ മതിയാകും. കടൽവിഭവമായി ഒരു ഉണക്കമീൻ്റെ തുണ്ടായാലും മതി.
 
ഏതെങ്കിലും ഒരു അമ്മയ്ക്ക് തിരക്ക് കാരണം അതിലൊന്നേ തയ്യാറാക്കാൻ കഴിഞ്ഞിട്ടുള്ളൂവെങ്കിൽ മാസ്റ്ററോടൊപ്പം ഇരുകയ്യിലും ഓരോ ചട്ടിയുമായി അദ്ദേഹത്തിന്റെ ഭാര്യയുമുണ്ടാകും. ഒരു കുട്ടിയുടെ മുന്നിൽ നിന്ന് ഇവിടെ അല്പം കടൽ എന്ന് അയാൾ പറയുമ്പോൾ അവർ ഉടനെതന്നെ ചോറ്റുപാത്രത്തിലേക്ക് മീൻകറി ഇട്ടുകൊടുക്കും. മലകളുടെ പങ്ക് എന്ന് പറയുമ്പോൾ മറ്റേ പാത്രത്തിൽ നിന്ന് ഒരു തവി ഉരുളക്കിഴങ്ങ് ആയിരിക്കാം ചിലപ്പോൾ വിളമ്പുന്നത്.
 
ഞാൻ വിനയപൂർവ്വം ഭക്ഷിക്കുന്നു എന്നൊരു ഉപചാരവാക്കാണ് പൊതുവേ ഭക്ഷണത്തിനു മുമ്പ് ജപ്പാൻകാർ പറയുന്നത്. എന്നാൽ മാസ്റ്റർ അതിനുമുൻപെ ഒരു പാട്ട് പാടിപ്പിക്കും. കഴിക്കുന്നതൊക്കെ മെല്ലെ ചവച്ചരച്ചിറക്കാം എന്നതാണ് ആ പാട്ടിന്റെ സാരം.
 
സമീകൃതാഹാരവും ആരോഗ്യകരമായ മേശശീലങ്ങളും ഭക്ഷണത്തെ ഹർഷവേളയാക്കുക എന്ന സങ്കല്പവുമൊക്കെ എത്ര ആയാസരഹിതമായാണ് അയാൾ ഇളമുറയ്ക്ക് കൈമാറുന്നത്. ഭക്ഷണത്തെക്കുറിച്ചുള്ള താരതമ്യങ്ങളും ബോധപൂർവ്വമുള്ള വിവേചനങ്ങളുമൊക്കെ ഇരമ്പിയാർത്തുവരുന്ന ഒരു കാലത്ത് കൊബായാഷി മാസ്റ്ററെ വെറുതെ ഓർത്തുപോകുന്നു.
 
– ബോബി ജോസ് കട്ടികാട്
Advertisements

പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 515”

Leave a comment