മരിയൻവിചാരം
എട്ടുനോമ്പ് ചിന്തകൾ
പരിശുദ്ധ അമ്മയുടെ ജനനത്തെക്കുറിച്ചും , ബാല്യകാലത്തെക്കുറിച്ചുമൊന്നും സുവിശേഷങ്ങളിൽ പ്രതിബാധിക്കുന്നില്ല. അപ്രമാണിക ഗ്രന്ഥങ്ങളിൽ പ്രത്യേകിച്ചും “പ്രോട്ടോഇവാജലിയം ഓഫ് സെന്റ് ജെയിംസ് ” എന്ന ഗ്രന്ഥത്തിലാണ് അമ്മയുടെ ബാല്യകാലത്തെക്കുറിച്ചും , ഈശോയുടെ രഹസ്യജീവിതത്തെക്കുറിച്ചുമുള്ള വിവരണങ്ങൾ ലഭിക്കുന്നത്. 1850 ന് ശേഷം പരിശുദ്ധ അമ്മ അനേകം വ്യക്തികൾക്ക് വ്യക്തിപരമായും അല്ലാതെയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഒരുവന്റെ ദൈവാനുഭവം തികച്ചും വ്യക്തിപരമാണ്. ജീവിതം വിശുദ്ധിയുളള ജീവിതമായി മാറണമെങ്കിൽ അവനും ദൈവവുമായി അഭേദ്യമായ ബന്ധമുണ്ടാവണം. പരിശുദ്ധ അമ്മയ്ക്ക് ഇപ്രകാരം ഒരു ബന്ധം ഉണ്ടായിരുന്നു. യാദൃച്ഛികമായി നസ്രത്ത് എന്ന പട്ടണത്തിലെ ഒരു യുവതിയുടെ അടുത്തേയ്ക്ക് ഗബ്രിയേൽ ദൂതൻ ചെല്ലുകയായിരുന്നില്ല.
പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വകാര്യവെളിപാടുകളിൽ ഏറ്റവും ആകർഷിക്കുന്നത് മരിയ വോൾത്തോർത്തയുടെ ‘ദൈവമനുഷ്യന്റെ സ്നേഹഗീത’ എന്ന ഗ്രന്ഥമാണ്. അതിൽ പറയുന്നത് പരിശുദ്ധ അമ്മയുടെ ജീവിതം വിശുദ്ധിയിലേയ്ക്ക് നീങ്ങാൻ കാരണം അന്ന – ജൊവാക്കീം ദമ്പതികളുടെ അടിയുറച്ച വിശ്വാസമായിരുന്നു എന്നാണ്. അവരുടെ ജീവിതവിശുദ്ധിക്ക് സ്വർഗ്ഗം നൽകിയ പ്രതിഫലമാണ് മറിയം.
സൃഷ്ടാവായ ദൈവത്തിന്റെ ജീവൻ നൽകുന്ന പ്രഥമവും പ്രധാനവുമായ ദൗത്യത്തിൽ അതായിത് ,വിവാഹജീവിതത്തിൽ നാം പങ്കുകാരാകുമ്പോൾ നാം ഏറ്റെടുക്കുന്ന ഉത്തരവാദിത്തം എത്രയോ വലുതാണ്. സ്നേഹത്തിന്റെ പൂർണ്ണതയിൽ ജനിക്കുന്ന കുഞ്ഞ് വിശുദ്ധിയിലേയ്ക്കാണ് ജനിച്ചുവീഴുക.
അഗാധമായ ദൈവീകജ്ഞാനം വളരെ ചെറുപ്പത്തിലെ അമ്മയിലുണ്ടായിരുന്നു. രക്ഷകൻ എപ്പോഴാണ് വരിക എന്ന പരിശുദ്ധ അമ്മയുടെ ചോദ്യങ്ങൾക്ക് മുപ്പത് വർഷങ്ങൾക്ക് ശേഷം എന്നാണ് അന്ന പുണ്യവതി മറുപടി നൽകിയത്. പക്ഷേ പരി. അമ്മയുടെ മറുപടി താൻ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചാൽ രക്ഷകൻ ഇപ്പോൾ വരും എന്നായിരുന്നു. ഈ വിശ്വാസമാണ് മംഗളവാർത്തയുടെ അടിസ്ഥാനം. പത്ത് വർഷത്തിനുളളിൽ രക്ഷകനെ ഉദരത്തിൽ വഹിക്കാൻ അമ്മയ്ക്ക് ഇടയായി.
പരിശുദ്ധ അമ്മയുടെ അനുസരണമാണ് നോമ്പിന്റെ ആദ്യദിനം നാം അനുസ്മരിക്കുന്നത്. എന്നിട്ടും ” ഇതെങ്ങന്ന സംഭവിക്കും? ” എന്ന് എന്തുകൊണ്ട് അമ്മ ചോദിച്ചു എന്നതിന് മരിയൻ വ്യാഖ്യാതാക്കൾ നൽകുന്ന മറുപടി ഇതാണ് : അന്ന് ഇസ്രായേൽ ജനതയിൽ നിത്യകന്യകാത്വത്തിന് വേണ്ടി ഉടമ്പടിയെടുക്കുന്ന യുവതികളുണ്ടായിരുന്നു. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ധത്താൻ യൗസേപ്പുമായുള്ള വിവാഹത്തിൽ ഏർപ്പെടേണ്ടി വന്നു. തന്റെ ജീവിതം ദൈവത്തിന് സമർപ്പിച്ചതാണെന്ന് അമ്മയ്ക്ക് എപ്പോഴും ബോധ്യമുണ്ടായിരുന്നു. അതിനാലാണ് മറിയം അപ്രകാരം ചോദിച്ചത്.
ഇതാ, കർത്താവിന്റെ ദാസി എന്ന പരി. അമ്മയുടെ അനുസരണമാണ് ഇവിടെ ശ്രദ്ധേയം. അനുസരിക്കുന്നവർക്ക് കർത്താവിന്റെ കൃപ ലഭിക്കും. ആത്യന്തികമായി ദൈവത്തേയും അതുപോലെ മറ്റുള്ളവരേയും അനുസരിക്കുക എന്നതാണ് നമ്മുടെ കർത്തവ്യം. പരി. അമ്മയുടെ അനുസരണയുടെ ജീവിതമാതൃക വഴി ദൈവഹിതം നിറവേറ്റാനും , ദൈവാനുഗ്രഹം പ്രാപിക്കാനും നമുക്ക് സാധിക്കട്ടെ.
1 സെപ്തംബർ, 2021
Author: Unknown



Leave a comment