Fr ES John (1927-1984)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr ES John (1927-1984)

എല്ലാവരെയും ഒരുപോലെ കരുതിയ ജോണച്ചൻ…

1927 ജൂൺ 22ന് പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ, ഉളനാട് എഴുവങ്ങുവടക്കേതിൽ സ്കറിയയുടെയും അന്നമ്മയുടെയും പത്ത് മക്കളിൽ ഒരാളായി ജനിച്ച ജോൺ അച്ചന്റെ മാമോദീസ പേര് പാപ്പച്ചൻ എന്നായിരുന്നു, ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലാണ് പൈതലിന് മാമോദീസ നൽകിയത്. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ ദർശനത്തിൽ ആകൃഷ്ടരായി പിന്നീട് ഈ കുടുംബം കത്തോലിക്കാ സഭയിലേക്ക് കടന്നുവരുകയായിരുന്നു. ജോർജ്ജ്, ശാമുവേൽ, ബേബി, ജേക്കബ്, തോമസ് എന്നീ അഞ്ച് സഹോദരന്മാരും ചിന്നമ്മ, കുഞ്ഞമ്മ, മറിയാമ്മ, പൊടിയമ്മ എന്നീ നാല് സഹോദരിമാരുമാണ് അച്ചനുള്ളത്.

ഉളനാട് എം. എസ്. സി. എൽ. പി സ്കൂൾ, തുമ്പമൺ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം വൈദികനാകണമെന്നുള്ള ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു, ദേവാലയത്തിന്റെ എല്ലാ കാര്യങ്ങളിലും തത്പരരായിരുന്ന മാതാപിതാക്കൾ മകനെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ തിരുവനന്തപുരം പട്ടത്ത് പോയി ദൈവദാസൻ മാർ ഈവാനിയോസ് പിതാവിനെ കാണുകയും 1945ൽ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയോട് ചേർന്നുള്ള അപ്പസ്തോലിക് സെമിനാരിയിൽ ചേരുകയും ചെയ്തു. വൈദിക ജീവിതത്തോട് ആഭിമുഖ്യമുള്ള കുട്ടികളെ സെമിനാരിയോട് ചേർന്ന് തന്നെ താമസിപ്പിച്ച് ഫിഫ്ത്ത് ഫോം (പത്താം ക്ളാസ്) പൂർത്തിയാക്കുന്ന ക്രമീകരണമാണിത്. പട്ടം സെന്റ് മേരീസ് സ്കൂളിൽ പത്താം ക്ളാസ് പൂർത്തിയാക്കി സെമിനാരി പരിശീലനം ആരംഭിച്ചു. സെമിനാരിക്കാരെ സുറിയാനിയും ആരാധനക്രമവും പഠിപ്പിക്കുന്നത് മാർ ഈവാനിയോസ് പിതാവു തന്നെയായിരുന്നു. വൈദികനാകുന്നതിനു മുമ്പുള്ള ചെറുപട്ടങ്ങളിൽ ആദ്യ പട്ടം നൽകിയത് ഈവാനിയോസ് പിതാവും തുടർന്നുള്ള പട്ടങ്ങൾ നൽകിയത് മാർ സേവേറിയോസ് പിതാവും മാർ അത്തനാസിയോസ് പിതാവുമായിരുന്നു.

ഫിലോസഫി, തിയോളജി പഠനങ്ങൾ ആലുവ സെന്റ് ജോസഫ് സെമിനാരിയിൽ പൂർത്തിയാക്കി സതീർത്ഥ്യരായ സാമുവേൽ തെങ്ങുവിളയിൽ, തോമസ് പ്ളാവിള, ഉമ്മൻ അയ്യനേത്ത് എന്നിവർക്കൊപ്പം ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയിൽ നിന്നും 1956 മാർച്ച് 16ന് തട്ട പള്ളിയിൽ വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മാതൃ ദേവാലയമായ ഉളനാട് സെന്റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ജോണച്ചൻ പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.

ആദ്യ നിയമനം മാവേലിക്കര അടുത്ത് പുന്നമൂട് പള്ളിയുടെ വികാരിയായിട്ടായിരുന്നു. എന്നാൽ പിന്നീട് അച്ചന്റെ ശുശ്രൂഷാ വേദികളിലേറിയപങ്കും തിരുവനന്തപുരത്തിന് സമീപമുള്ള മിഷൻ പ്രദേശങ്ങളിലായിരുന്നു.

ഒരു ദശാബ്ദത്തിലധികം അവിഭക്ത തിരുവനന്തപുരം മേജർ അതിരൂപതയിൽ എം.എസ്.സി മാനേജ്മെന്റ് സ്കൂളുകളുടെ കറസ്പോണ്ടന്റായി സ്തുത്യർഹമായ സേവനം ചെയ്തു, ഈ കാലയളവിൽ അനവധി സ്കൂളുകൾ വാങ്ങാനും പുതിയ സ്കൂളുകൾ നിർമ്മിക്കാനും പുതുക്കിപ്പണിയാനും അച്ചന് സാധിച്ചു. സ്കൂളിലെ അധ്യാപകരുമായും സ്റ്റാഫുമായും അടുത്ത ബന്ധം അച്ചൻ കാത്തുസൂക്ഷിച്ചിരുന്നു. ദീർഘകാലം തിരുവനന്തപുരത്തായിരുന്നതിനാൽ ആ കാലത്തെ മന്ത്രിമാരുമായും രാഷ്ട്രീയ, സാമൂഹ്യ നേതാക്കൻമാരുമായും ഉറ്റബന്ധം പുലർത്തിയിരുന്ന അച്ചൻ തന്നാൽ കഴിയും വിധം അതെല്ലാം സഭയുടെയും സമൂഹത്തിന്റെയും ഗുണപരമായ വളർച്ചക്കായി വിനിയോഗിച്ചു. കറസ്പോണ്ടന്റ് ആയിരുന്ന കാലത്തുടനീളം കുന്നപ്പുഴ ഇടവക വികാരിയായിരുന്നു. സഹായമാവശ്യമുള്ളവരെയെല്ലാം നിർലോഭം താങ്ങിയിരുന്ന അച്ചൻ എല്ലാവരേയും ഒരേപോലെ കരുതുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. കുന്നപ്പുഴ ഇടവക വികാരിയായിരുന്ന അച്ചന്റെ ശുശ്രൂഷയുടെ നന്മകൾ അവിടുത്തെ ഇടവക സമൂഹം ഇന്നും നന്ദിയോടെ അനുസ്മരിക്കുന്നുവെന്ന് പിന്നീട് അവിടെ വികാരിയായിരുന്ന പി.ടി ജോർജ് അച്ചൻ പങ്കുവെക്കുന്നു.

സെമിനാരി പരിശീലന കാലത്ത് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കിഡ്നി സംബന്ധമായ രോഗമാണെന്ന് തിരിച്ചറിയുകയും ഓപ്പറേഷൻ നടത്തുകയും ചെയ്തു. വൈദ്യശാസ്ത്രം ഇന്നത്തെ പോലെ വളർന്നിട്ടില്ലാത്ത ആ കാലത്ത് പിന്നീടുള്ള കാലം മുഴുവൻ ഒരു കിഡ്നിയുമായിട്ടാണ് അച്ചൻ ജീവിച്ചത്, എന്നാൽ അതൊന്നും കർമ്മനിരതമായ ആ ജീവിതത്തെ തെല്ലും ബാധിച്ചതേയില്ല.

പിന്നീട് അമേരിക്കയിലേക്ക് പോയ അച്ചൻ അവിടെയായിരിക്കുമ്പോൾ 1984 മാർച്ച്‌ 26ന് ഒരു കാർ അപകടത്തിൽ മരണമടഞ്ഞു . ഭൗതിക ശരീരം നാട്ടിൽ എത്തിക്കുകയും മാതൃ ദേവാലയമായ ഉളനാട് മലങ്കര കത്തോലിക്ക പള്ളിയിൽ കബറടക്കുകയും ചെയ്തു.

ബഹുമാനപ്പെട്ട ജോൺ അച്ചന്റെ ആഗ്രഹപ്രകാരം സഹോദരൻ ശ്രീ. ഇ.എസ്. തോമസ് ജന്മസ്ഥലമായ ഉളനാട്ടിൽ സ്ഥലം വാങ്ങി ഒരു രണ്ടുനില കെട്ടിടം പണികഴിപ്പിച്ചു. താഴത്തെ ഹാളിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ മുറിയും മുകളിൽ അച്ചന്റെ ഓർമ്മയ്ക്കായി ഫാ. ഇ.എസ്.ജോൺ ചാരിറ്റബിൾ സൊസൈറ്റിയും രൂപീകരിച്ചു. പ്രവർത്തന താല്പര്യവും അറിവുമുള്ള പതിനഞ്ചുപേരെ ചേർത്ത് സൊസൈറ്റി ഉദ്ഘാടനം നടത്തി. ഉളനാട് പോസ്റ്റ്‌ ഓഫീസ് പരിധിയിൽപ്പെട്ട സാമ്പത്തികശേഷി ഇല്ലാത്ത കുട്ടികളെ കണ്ടെത്തി സഹായിക്കുക, സമർത്ഥരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക, അവർക്കു മികച്ച അധ്യാപകരുടെ ക്ലാസുകൾ നൽകുക, സാമ്പത്തികശേഷി ഇല്ലാത്ത രോഗികളെ കണ്ടെത്തി സഹായിക്കുക എന്നിവയാണ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ. നല്ലവരായ നാട്ടുകാരുടെ സഹായസഹകരണങ്ങൾ കൊണ്ട് ഈ പ്രസ്ഥാനം ഇന്നും ഭംഗിയായി പ്രവർത്തിച്ചു വരുന്നു.

കടപ്പാട് : കെ.പി. ജോയി ( അച്ചന്റെ കുടുംബാംഗം)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment