Rev. Fr Samuel Kavil (1936-1999)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr Samuel Kavil (1936-1999)

ഭോപ്പാൽ രൂപതയുടെ വികാരി ജനറാളായ മലങ്കര സഭയുടെ മകൻ സാമുവേൽ കാവിൽ അച്ചൻ…

1936 ജൂൺ 22ന് കൊച്ചുമ്മൻ കോശിയുടെയും റാഹേലമ്മയുടെയും മൂത്തമകനായി ജോയി ജനിച്ചു. ചന്ദനപ്പള്ളി ഓർത്തഡോക്സ് പള്ളിയിൽ പൈതലിന് മാമോദീസ നൽകി പുരോഹിതനും പ്രവാചകനുമായ സാമുവേലിന്റെ പേര് നൽകപ്പെട്ടു. കെ.കെ.മത്തായി, കെ.തോമസ്, കെ.കെ.ഗീവർഗ്ഗീസ്, മറിയക്കുട്ടി, കെ.അന്നമ്മ, സിസ്റ്റർ അമൃത എന്നിവരുടെ ജേഷ്ഠനായിരുന്ന ജോയി ബാല്യം മുതൽ തന്നെ ദേവാലയത്തിന്റെ എല്ലാ കാര്യങ്ങളിലും അനന്യസാധാരണമായ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

കരീനാട് എൽ.പി.സ്കൂൾ, കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
സ്കൂൾ പഠന സമയത്ത് കളികളിൽ താല്പര്യവാനായിരുന്ന ജോയി ചന്ദനപ്പള്ളി മലങ്കര കത്തോലിക്ക ദേവാലയത്തിൽ കളിക്കാനായി പോവുകയും അന്നത്തെ വികാരി ആന്റണി കേളംപറമ്പിൽ അച്ചനുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു. ആന്റണിയച്ചന്റെ ജീവിതവിശുദ്ധിയിലും കർമ്മ ചൈതന്യത്തിലും ആകൃഷ്ടനായി കത്തോലിക്ക വൈദികനാകണം എന്ന ചിന്ത ജോയിയിൽ രൂപപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു തന്റെ വൈദിക പഠനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് മാംഗ്ലൂർ സെന്റ് ജോസഫ് മേജർ സെമിനാരിയിൽ പഠനത്തിനായി അയച്ചു. പഠനകാലത്ത് സംഗീതത്തിലും മറ്റു കാര്യങ്ങളിലും വളരെ പ്രഗത്ഭനായിരുന്നുവെങ്കിലും പാവങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന മിഷണറിയാകുക എന്നതായിരുന്നു ദൈവഹിതം, സെമിനാരി ജീവിതം അവസാനിപ്പിച്ച് സാമുവേലിന് മടങ്ങേണ്ടി വന്നു.

എന്നാൽ തന്റെ ജീവിതവിളി ഒരു വൈദികനാകുക എന്നതാണ് എന്ന് ഉറച്ച് വിശ്വസിച്ച്, സാമുവേൽ ഉത്തരേന്ത്യയിൽ എത്തുകയും ബിരുദാനന്തര ബിരുദം നടത്തുകയും അവിടെവെച്ച് ഫ്രാൻസിസ്കൻ ബ്രദേഴ്സിന്റെ കൂടെ ചേർന്ന് ഫ്രാൻസിസ്കൻ സന്യാസിയാവുകയും സന്യാസസമൂഹത്തിൽ ശ്രേഷ്ഠമായ ശുശ്രൂഷ ചെയ്യുകയും ചെയ്തു. എന്നാൽ അപ്പോഴും ഒരു വൈദികൻ ആകണം, വിശുദ്ധ കുർബാനയർപ്പിക്കണം എന്ന തീവ്രമായ ആഗ്രഹം സാമുവേൽ തന്റെ ഉള്ളിൽ കെടാതെ സൂക്ഷിച്ചിരുന്നു. ദൈവകൃപയാൽ ഭോപ്പാൽ ബിഷപ്പ് ഈ ആഗ്രഹമറിയുകയും അദ്ദേഹത്തെ തിയോളജി പഠിപ്പിക്കാൻ വിടുകയും ചെയ്തു. അങ്ങനെ 1968 ഏപ്രിൽ 7ന് ഭോപ്പാൽ ലത്തീൻ രൂപതാ ബിഷപ്പ് ആയിരുന്ന യുജിൻ ഡിസ്സൂസ്സ മെത്രാപ്പോലീത്തയിൽ നിന്നും സാമുവേൽ വൈദിക പട്ടം സ്വീകരിച്ചു. അച്ചൻ ആദ്യബലി അർപ്പിച്ചത് ചന്ദനപ്പള്ളി മലങ്കര കത്തോലിക്ക പള്ളിയിലാണ്.
തന്നോടൊപ്പം സ്വന്തം കുടുംബത്തേയും മലങ്കര കത്തോലിക്ക സഭയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അച്ചന് സാധിച്ചു. അച്ചൻ വൈദികനാകുന്നതിന് മുമ്പ് തന്നെ കുടുംബാംഗങ്ങളെല്ലാം കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിരുന്നു. വൈദികനായതിനു ശേഷം കുടുംബാംഗങ്ങളോടൊപ്പം ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിനെ കാണുകയും അനുഗ്രഹാശീർവാദങ്ങൾ നേടുകയും ചെയ്തു. പിതാവ് ഉത്തരേന്ത്യയിൽ വിവിധ ആവശ്യങ്ങൾക്കായി വരുമ്പോഴെല്ലാം ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ അച്ചൻ ശ്രദ്ധിച്ചിരുന്നു. പിത്രുതുല്യമായ വാൽസല്യത്തോടെ പിതാവും അച്ചനെ സ്നേഹിച്ചു.

എം.എ, ബി.എഡ് ഡിഗ്രി ഉണ്ടായിരുന്ന ഫാ.സാമുവേൽ ഡാങ്രാബാദ് സെന്റ് ഫ്രാൻസിസ് അസ്സീസി ഹയർ സെക്കണ്ടറി സ്കൂളിലും, ബർകാഡ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലും പ്രിൻസിപ്പലായി നിരവധി വർഷങ്ങൾ സേവനമനുഷ്ഠിച്ചു.
പിന്നീട് ബോംബെ കർദ്ദിനാൾ ഗ്രേഷ്യസ് പിതാവിന്റെ പ്രത്യേക താല്പര്യപ്രകാരം ബോംബെ ബാന്ദ്രയിലെ കാർഡിനൽ
ഗ്രേഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായും അഞ്ചുവർഷത്തോളം അച്ചൻ സേവനമനുഷ്ഠിച്ചു.

എവിടെയൊക്കെ അച്ചൻ സ്കൂൾ ശുശ്രൂഷയിൽ ആയിരുന്നോ അവിടെയൊക്കെ നിരവധി മലയാളികളെ മലങ്കര സഭയിൽ ചേർക്കുവാനും വിശ്വാസികൾക്ക് ആവശ്യമായ കൂദാശാകർമ്മങ്ങൾ നടത്തിക്കൊടുക്കുവാനും ശ്രമിച്ചിരുന്നു. ഉത്തരേന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ മലങ്കര കൂട്ടായ്മകൾ ആരംഭിക്കാൻ അച്ചന്റെ സഹകരണമുണ്ടായിരുന്നു. ഭോപ്പാലിൽ മലങ്കര പള്ളി തുടങ്ങാനും ബഥനി മഠം ആരംഭിക്കാനും അച്ചന്റെ വലിയ പിന്തുണയുണ്ടായിരുന്നു.

ഇതിനിടയിൽ ഭോപ്പാൽ രൂപതക്കായി ആഷ്ട്ര എന്ന സ്ഥലത്ത് അച്ചന്റെ ശ്രമഫലമായി 40 ഏക്കർ ഭൂമി വാങ്ങിക്കുകയും അവിടെ ഒരു മൈനർ സെമിനാരി സ്ഥാപിക്കുകയും ചെയ്തു. മൈനർ സെമിനാരി റെക്ടർ ആയിരുന്ന അച്ചൻ പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി തുടങ്ങി വിവിധ രൂപതകളിലെ ബിഷപ്പുമാരെ അറിയിച്ച ശേഷം മിഷണറി വൈദികനാകാൻ ആഗ്രഹമുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും
അങ്ങനെ നിരവധി മിഷണറി വൈദികരെ വാർത്തെടുക്കുകയും ചെയ്തു. ഇന്ന് ഭോപ്പാൽ രൂപതയിൽ വിവിധ ചുമതലകൾ വഹിക്കുന്ന അച്ചന്മാർ സാമുവേൽ അച്ചന്റെ സെമിനാരി പരിശീലനത്തിൽ വളർന്നു വന്നവരാണ്. പത്തിലധികം വിദേശ രാജ്യങ്ങൾ സന്ദർശിക്കാനും അമേരിക്കയിൽ ശുശ്രൂഷ ചെയ്യുവാനും അച്ചന് കഴിഞ്ഞു.

ഇന്ത്യയെ നടുക്കിയ ഭോപ്പാൽ ഗ്യാസ് (Bhopal Gas Tragedy) ദുരന്തസമയത്ത് സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ ഫലമായി അച്ചന് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; സ്റ്റേറ്റ് ഗവണ്മെൻറ് അച്ചന്റെ പ്രവർത്തനങ്ങൾ ആദരിച്ച് നിരവധി അംഗീകാരങ്ങൾ നൽകി. സമൂഹത്തിൽ വൈഷമ്യം അനുഭവിക്കുന്നവരെ സഹായിക്കുവാനും അവർക്ക് കൈത്താങ്ങ് നൽകി ഉയർത്താനും തന്റെ സമയവും പണവും ആരോഗ്യവും വിനിയോഗിക്കുന്നതിനും അച്ചൻ എപ്പോഴും സന്നദ്ധനായിരുന്നു.

ഭോപ്പാൽ രൂപതയിലെ അച്ചന്റെ മികവുറ്റ സേവനങ്ങളെ പരിഗണിച്ച് രണ്ട് തവണ വികാരി ജനറാൾ ആയി തിരഞ്ഞെടുക്കുകയും ഈ കാലയളവിലും പല സ്ഥലങ്ങളിൽ മിഷൻ പ്രവർത്തനത്തിനായി പോവുകയും ചെയ്തിരുന്നു. ആ സമയത്ത് മധ്യപ്രദേശിൽ ദാരുണമായി കൊല്ലപ്പെട്ട സിസ്റ്റർ റാണി മരിയ ആക്രമിക്കപ്പെട്ട സ്ഥലങ്ങളും അച്ചൻ സന്ദർശിക്കുകയുണ്ടായി. സിസ്റ്ററിന്റെ മരണശേഷം അച്ചനും ഫോണിൽ കൂടി വധഭീഷണി നേരിട്ടിരുന്നു.

1996ൽ ഭോപ്പാൽ രൂപത അച്ചന്റെ അറുപതാം പിറന്നാൾ സമുചിതമായി ആഘോഷിച്ചു. 1999 ഫെബ്രുവരി മാസം 26നു രാവിലെ ആശുപത്രിയിൽ കിടക്കുന്ന രോഗിക്ക് വിശുദ്ധ കുർബാന നൽകി മടങ്ങി വരവെ അച്ചനു നേരെ വധശ്രമം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ആവുകയും ചെയ്തു. പിന്തുടർന്നു വന്ന രണ്ട് ചെറുപ്പക്കാർ അച്ചനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ തലച്ചോറിന് സാരമായി പരിക്കേല്ക്കുകയും കാഴ്ച്ച ശക്തി, കേൾവി ശക്തി, സംസാരശേഷി എന്നിവ നഷ്ടപ്പെടുകയും ചെയ്തു. ജീവിതത്തിൽ ഉടനീളം വിവിധ സഹനങ്ങളിലൂടെ കടന്ന് പോയപ്പോഴും എല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്ന അച്ചന്റെ ജീവിത രീതി അറിയാവുന്ന സ്വസഹോദരങ്ങൾ വധിക്കാൻ ശ്രമിച്ചവരോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞ് കേസ് ഒഴിവാക്കുകയാണ് ചെയ്തത്. ഏകദേശം മൂന്നു മാസത്തെ ഡൽഹി അപ്പോളോ ആശുപത്രി വാസത്തിനു ശേഷം നഴ്സിംഗ് കെയർ മാത്രമേ ആവശ്യമുള്ളു എന്ന ഡോക്ടേഴ്സിന്റെ നിർദേശപ്രകാരം അച്ചനെ തിരിച്ചു ഭോപ്പാൽ നഴ്സിംഗ് ഹോമിൽ എത്തിച്ചു.

ധാരാളം സഹനങ്ങളിലൂടെ വൈദികവൃത്തിയിലേക്ക് കടന്ന് തന്റെ ശുശ്രൂഷ ഭംഗിയായി നിർവ്വഹിച്ച സാമുവേൽ കാവിൽ അച്ചൻ 1999 ഒക്ടോബർ 15നു നിര്യാതനായി.
38 വർഷക്കാലം ഭോപ്പാൽ രൂപതയെ വളർത്തിയ സാമുവേൽ അച്ചനെ അവിടെത്തന്നെ അടക്കാൻ രൂപതാ നേതൃത്വം ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ താൽപര്യമറിഞ്ഞ് സിറിൽ മാർ ബസേലിയോസ്‌ തിരുമേനി ഇടപെട്ട് ഭൗതീകശരീരം നാട്ടിൽ എത്തിക്കുകയും 1999 ഒക്ടോബർ 17ന് ചന്ദനപ്പള്ളി മലങ്കര കത്തോലിക്ക ദേവാലയത്തിൽ കബറടക്കുകയും ചെയ്തു.

ഓർത്തഡോക്സ് സഭയിൽ ജനിച്ച് കത്തോലിക്കാ വൈദികനാകാൻ ആഗ്രഹിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ അംഗമായി ഫ്രാൻസിസ്കൻ മിഷണറിയായി സന്യാസം സ്വീകരിച്ച് ഭോപ്പാൽ ലത്തീൻരൂപതയിൽ വൈദികനായും വികാരി ജനറാളായും ശുശ്രൂഷ ചെയ്ത് വലിയ സഹനങ്ങളിലൂടെ കടന്നുപോയ സാമുവേൽ അച്ചന്റെ ജീവിതം തലമുറകൾക്ക് മാതൃകയായി ഇന്നും പ്രശോഭിക്കുന്നു.

സി. അമൃത SIC (സാമുവേൽ അച്ചന്റെ സഹോദരി)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s