Rev. Fr PT Abraham Assariathu (1899-1949)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr PT Abraham Assariathu (1899-1949)

പുനരൈക്യ വഴിത്താരയിൽ ജീവൻ ഹോമിച്ച
ആശാരിയത്ത് അബ്രഹാം അച്ചൻ…

മലങ്കര സുറിയാനി അപ്പസ്തോലിക സഭയുടെ അസ്തമിക്കാത്ത സൂര്യതേജസ്സ് ദൈവദാസൻ മാർ
ഈവാനിയോസ് തിരുമേനി സാർവ്വത്രിക കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടപ്പോൾ മലങ്കര യാക്കോബായ സുറിയാനി സഭയിൽ നിന്ന് അനേകം വൈദികശ്രേഷ്ഠർ തിരുമേനിയോട് ചേർന്ന് നിന്ന്
സത്യസഭയെ ആശ്ലേഷിക്കുകയുണ്ടായി. നമ്മുടെ കർത്താവും രക്ഷകനുമായ യേശുമിശിഹാ ശ്ലീഹന്മാരുടെ തലവനായ മാർ പത്രോസ് ശ്ലീഹായുടെ അടിസ്ഥാനത്തിൻമേൽ സ്ഥാപിച്ച കാതോലികവും ശ്ലൈഹികവും വിശുദ്ധവുമായ ഏക സത്യസഭ കത്തോലിക്കാ സഭയാണ് എന്ന പഠനത്തിന്റെയും പ്രാർത്ഥനയുടെയും അതുവഴി ഉണ്ടായ ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് പുനരൈക്യ പ്രസ്ഥാനത്തിലേക്ക് ഇവർ കടന്ന് വരുന്നത്. സത്യസഭയുടെ പരിപൂർണ്ണതയിലേക്ക് ദൈവദാസൻ മാർ ഈവാനിയോസ് വലിയ മെത്രാപ്പോലീത്ത വഴി കടന്നു വന്ന പ്രമുഖ വൈദികരിൽ ഒരുവനായിരുന്നു സത്യത്തിന് വേണ്ടി ജീവൻ ഹോമിക്കപ്പെട്ട വന്ദ്യനായ ആശാരിയത്ത് അബ്രഹാം കശീശ്ശാ.

പത്തനംതിട്ട ജില്ലയിൽ പ്രക്കാനം എന്ന പ്രകൃതിരമണീയമായ പ്രദേശത്ത് പ്രശസ്തമായ കളീക്കൽ കുടുംബയോഗത്തിൽപ്പെട്ട കൊച്ചുപേങ്ങാട്ട് ആശാരിയത്ത് തര്യൻ, അന്നമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ കന്നി സന്താനമായി 1899 നവംബർ 26ന് അബ്രഹാം ജനിച്ചു. മാതാപിതാക്കളുടെ അടിയുറച്ച ദൈവവിശ്വാസത്തിലൂന്നിയ ജീവിതം അബ്രഹാമിന്റെ ദൈവാശ്രയ ജീവിതത്തിന് അടിസ്ഥാനമിട്ടു. കൂടാതെ മാതാവിന്റെയും പിതാവിന്റെയും കുടുംബങ്ങൾ പ്രബലമായ പൗരോഹിത്യ പാരമ്പര്യം പേറുന്നവ ആയിരുന്നതിനാൽ അതും അബ്രഹാമിന്റെ ദൈവവിളിക്ക് നിദാനമായി. വിശ്വാസികളുടെ പിതാവായി യഹോവയായ ദൈവം അബ്രഹാമിനെ വിളിച്ചതുപോലെ ഇവരിൽ നിന്ന് സത്യത്തിന് വേണ്ടി നിലകൊള്ളുവാൻ പി.റ്റി. അബ്രഹാമിനെ ദൈവം വിളിച്ച് വേർതിരിച്ചു. അങ്ങനെ കുഴിക്കാല സി.എം.എസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തന്റെ ആഗ്രഹാനുസരണം 1920ൽ കോട്ടയം പഴയ സെമിനാരിയിൽ വൈദിക പഠനത്തിനായി ചേർന്നു. പഠനത്തിൽ അതീവ സമർത്ഥനായിരുന്ന
പി.റ്റി.അബ്രഹാം അധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നു. ശെമ്മാശന്റെ ശാന്ത പ്രകൃതവും ഹൃദ്യമായ പെരുമാറ്റവും ഏവരുടെയും ഇഷ്ടത്തിന് കാരണഭൂതനാക്കി. ഈ കാലയളവിൽ ആയിരുന്നു മലങ്കര സുറിയാനി സഭയുടെ ആദ്ധ്യാത്മിക നവോത്ഥാനത്തിനായി ബഥനി ആശ്രമ പ്രസ്ഥാനം ആബോ ഗീവർഗീസ് പണിക്കർ അച്ചൻ റാന്നി-പെരുന്നാട്ടിൽ തുടക്കം കുറിച്ചത്. പണിക്കർ അച്ചന്റെ ഈ ദൈവിക നിലപാട് ശെമ്മാശനെ വളരെയേറെ സ്വാധീനിച്ചു.
സെമിനാരി പഠനം സ്തുത്യർഹമായി പൂർത്തിയാക്കിയ അബ്രഹാം ശെമ്മാശൻ 1923ൽ കാട്ടൂർ പൊൻമേലിൽ അബ്രഹാം പോത്ത കത്തനാരുടെ ചെറുമകളായ മറിയാമ്മയെ വിവാഹം ചെയ്തു. ഇതേ വർഷം തന്നെ മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയിൽ നിന്ന് പൂർണ്ണ ശെമ്മാശപട്ടവും കശീശ്ശാ പട്ടവും സ്വീകരിച്ചു. തുടർന്ന് തോട്ടുപുറം, പ്രക്കാനം യാക്കോബായ ഇടവകകളിൽ വികാരിയായി ശുശ്രൂഷ നടത്തിവരവെയാണ് ബഥനി മെത്രാപ്പോലീത്ത മാർ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ മലങ്കര പുനരൈക്യം 1930ൽ നടക്കുന്നത്. പുനരൈക്യ പ്രസ്ഥാനത്തെ ശക്തമായി എതിർത്ത് തന്റെ ഇടവകകളിൽ വിശ്വാസികളെ ബോധവത്ക്കരിക്കുന്നതിനായി അച്ചൻ പരിശ്രമിച്ചു. എതിർപ്പ് ശക്തമായിരുന്നുവെങ്കിലും ദൈവാത്മാവിന്റെ നിറവിൽ പുനരൈക്യ പ്രസ്ഥാനത്തിന്റെ വളർച്ച അച്ചനെ ഏറെ സ്വാധീനിച്ചു. അച്ചന് ഇതിന് പ്രചോദനം ലഭിക്കുന്നതിന് നിമിത്തമായ കാരണം തന്റെ സമകാലീനരായ യാക്കോബായ സുറിയാനി സഭയിലെ പ്രശസ്തരായ വൈദികരുടെ പുനരൈക്യമാണ്. പ്രധാനമായും ജോൺ കുഴിനാപ്പുറത്ത് ഓ.ഐ.സി അച്ചൻ, ആറ്റരികം എഴിയത്ത് സഖറിയാസ് അച്ചൻ, കുമ്പഴ മേടയിൽ ഫിലിപ്പോസ് അച്ചൻ, പൊൻമേലിൽ അബ്രഹാം പോത്ത കത്തനാർ(ഭാര്യയുടെ പിതാമഹൻ), മൈലപ്ര തെങ്ങുംതറയിൽ ഏബ്രഹാം അച്ചൻ, കടമ്മനിട്ട പുത്തൻപുരയ്ക്കൽ അച്ചൻ തുടങ്ങിയവർ.

ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനിയുടെ കല്പനാനുസരണം കുമ്പഴ അച്ചനാണ് പുനരൈക്യത്തിന് വേണ്ട പിൻതുണയും പ്രോൽസാഹനവും നല്കി അബ്രഹാം അച്ചനെ പിതാവിന്റെ പക്കലേക്ക് കൂട്ടിക്കൊണ്ടു പോയത്. അങ്ങനെ 1937 ആഗസ്റ്റ് 5ന് പട്ടം അരമനയിൽ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ആശാരിയത്ത് അച്ചൻ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അംഗമായി. തുടർന്ന് അച്ചൻ കുടുംബാംഗങ്ങളെ കത്തോലിക്കാ കൂട്ടായ്മയിലേക്ക് സ്വീകരിച്ചു. ഇതിലൂടെ
പ്രക്കാനം മിഷന് ആരംഭം കുറിച്ചു.
തനിക്ക് ബോദ്ധ്യപ്പെട്ട സത്യസഭാ ദർശനം ഏവരോടും സൗഹാർദത്തോടെ സംവദിക്കുന്നതിൽ അച്ചൻ ബദ്ധശ്രദ്ധനായിരുന്നു. ജാതി മതഭേദമന്യേ ഏവരോടും സ്നേഹത്തോടെ ഇടപെടുന്നതിലും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സമുദ്ധരിക്കുന്നതിലും അച്ചൻ പരിശ്രമിച്ചു.
പുനരൈക്യാനന്തരം ആർച്ച്ബിഷപ്പ് തിരുമേനിയുടെ കല്പനയാൽ തോട്ടുപുറം തുടർന്ന് പുത്തൻപീടിക, ചീക്കനാൽ എന്നീ ദൈവാലയങ്ങളുടെ വികാരിയായി അച്ചൻ നിയമിക്കപ്പെട്ടു. കൂടാതെ പത്തനംതിട്ടയുടെ പരിസരങ്ങളിലുള്ള വിവിധ പുനരൈക്യ മിഷനുകളുടെ ചുമതലകളും ബഹുമാനപ്പെട്ട അച്ചനു നൽകുകയുണ്ടായി. പുത്തൻപീടിക ഇടവക വികാരിയായിരിക്കുമ്പോളാണ് സെമിത്തേരിക്കുവേണ്ടി സ്ഥലം മേടിക്കുന്നതിന് ഇടയായത്. ഇടവക പ്രവർത്തനങ്ങളിൽ ഏവരെയും ഉൾക്കൊള്ളിച്ച് ചിട്ടയായി ക്രമീകരിക്കുന്നതിൽ അച്ചൻ ശ്രദ്ധാലുവായിരുന്നു. തന്റെ ജീവിതം വഴി നിത്യസത്യമായ യേശു തമ്പുരാൻ ആഗ്രഹിക്കുന്ന വിധം ജീവിച്ച ഈ പുരോഹിതൻ സത്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തിത്വം ആയിരുന്നു. യേശുവാകുന്ന സത്യത്തെ പിൻപറ്റി നിലപാടുകൾ എടുത്ത ഈ സ്നേഹവര്യൻ പുനരൈക്യവിരോധിയായ ഒരു വ്യക്തിയുടെ കുത്തേറ്റ് 1949 സെപ്റ്റംബർ 21ന് (മലങ്കര പുനരൈക്യ
ദിനത്തിന്റെ പിറ്റേ ദിവസം) പ്രക്കാനത്തുളള തന്റെ ഭവനാങ്കണത്തിൽ വെച്ച് അതിദാരുണമായി കൊല്ലപ്പെട്ടു. മലങ്കര സഭയെ ആകമാനം സങ്കടത്തിലാഴ്ത്തിയ ഈ മരണം മൂലം ഒരു പ്രദേശം മുഴുവനും കണ്ണീരിലാഴ്ത്തപ്പെട്ടു. കാരണം, ആശാരിയത്ത് അച്ചൻ അത്രമാത്രം ഓമല്ലൂർ, പ്രക്കാനം നിവാസികൾക്ക് പ്രിയങ്കരനായ വ്യക്തിത്വം ആയിരുന്നു. തുടർന്ന് നടന്ന കബറടക്കത്തിന്റെ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം കൊടുക്കുന്നതിന് മുൻനിരയിൽ നിന്ന് ആർച്ച്ബിഷപ്പ് തിരുമേനിയുടെ കല്പനയാൽ പ്രവർത്തിച്ചത് എഴിയത്ത് സഖറിയാസ് അച്ചനും കുമ്പഴ പീലിപ്പോസ് അച്ചനും അല്മായ സഹോദരങ്ങളും ഉൾപ്പെടെയുള്ള അനേകരാണ്. ചേപ്പാട്ട് ഫിലിപ്പോസ് റമ്പാച്ചന്റെ മുഖ്യ കാർമ്മികത്വത്തിൽ അനേകം വൈദികരുടെയും സന്യസ്തരുടെയും ദൈവജനത്തിന്റെയും സാന്നിധ്യത്തിൽ ചീക്കനാൽ ഇടവകയോട് ചേർന്ന് മൃതദേഹം കബറടക്കപ്പെട്ടു. സത്യത്തിനു വേണ്ടി നിലകൊണ്ട് സത്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ഈ ത്യാഗവര്യന്റെ ജീവിതം യേശു ക്രിസ്തുവാകുന്ന സത്യത്തെ അടുത്തറിഞ്ഞ് ജീവിക്കുന്നതിന് നമുക്ക് പ്രേരകമാകട്ടെ.

അച്ചന്റെ പ്രിയ ബസ്ക്കിയാമ്മ 1990ൽ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. മറിയാമ്മ, എബ്രഹാം, ഏലിയാമ്മ, വർഗീസ്,
തോമസ്, ജോർജ്ജ്,
ഫിലിപ്പോസ്, ചെല്ലമ്മ, സാറാമ്മ എന്നീ ഒൻപത് മക്കളും സ്കറിയ, പാപ്പി, കുട്ടി, കൊച്ചുണ്ണുണ്ണി, ഏലിയാമ്മ, റാഹേലമ്മ എന്നീ സഹോദരങ്ങളും അച്ചനുണ്ടായിരുന്നു. ഇവരിൽ മൂത്തമകൻ ഏബ്രഹാം സാർ മാത്രം 93ന്റെ നിറവിൽ ചീക്കനാൽ ആശാരിയത്ത് ഭവനത്തിൽ ജീവിച്ചിരിക്കുന്നു.
അധ്യാപനരംഗങ്ങളിലും മറ്റ് മേഖലകളിലും അനുഗ്രഹീതമായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് അച്ചന്റെ മക്കളും കൊച്ചുമക്കളും.

അവലംബം:
1)ചേപ്പാട്ട് റമ്പാച്ചന്റെ പൂർവ്വകാലസ്മരണകൾ
2)മൈലപ്ര അച്ചന്റെ ഓർമ്മക്കുറിപ്പുകൾ
3)കുമ്പഴ അച്ചന്റെ ഡയറിക്കുറിപ്പുകൾ
4)പരേതനായ ഫാ.തോമസ് എഴിയത്ത്,ആറ്റരികം.

കടപ്പാട്: ലീലാമ്മ ഏബ്രഹാം (ആശാരിയത്ത് അച്ചന്റെ മകന്റെ ഭാര്യ)

എഴുതിയത് : ഡീക്കൻ ജോർജ്ജ് വടക്കേതിൽ എഴിയത്ത്

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s