Joshua Peedikayil Cor-Episcopa (1939-2013)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന്  ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Joshua Peedikayil Cor-Episcopa (1939-2013)

ചരിത്രം സൃഷ്ടിച്ച പിതാവിന്റെ ജീവിതമുൾക്കൊണ്ട പുത്രൻ, ജോഷ്വാ പീടികയിൽ കോർ – എപ്പിസ്കോപ്പ

പുനരൈക്യം എന്ന മഹത്തായ ആശയത്തെ, ആദർശത്തെ നെഞ്ചിലേറ്റി, പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയോടു ചേർന്നു നിന്നാൽ മാത്രമെ ഏക തൊഴുത്തും ഏക ഇടയനുമെന്ന യേശുനാഥന്റെ പ്രബോധനത്തിന്റെ പൂർണ്ണതയിലേക്ക് എത്തൂ എന്ന സത്യം തിരിച്ചറിഞ്ഞ് സ്വജീവിതം അതിനായി സമർപ്പിച്ച് 1926ൽ കത്തോലിക്കാ തിരുസഭയിലേക്ക് 100ൽ അധികം കുടുംബങ്ങളുമായി കടന്നുവന്ന് മലങ്കര മക്കളിൽ പുനരൈക്യമെന്ന ആശയത്തിന് ബീജോവാപം കുറിച്ച പീടികയിൽ ഗീവർഗീസ് അച്ചന്റെയും മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ അനന്തരവളായ വെണ്ണിക്കുളം തോണ്ടക്കരോട്ട് മറിയാമ്മയുടെയും പത്തു മക്കളിൽ കനിഷ്ഠ പുത്രനായി 1939 മാർച്ച്‌ 31ന് ജോഷ്വ ജനിച്ചു.

പത്തനംതിട്ട മാർത്തോമ്മ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തെ തുടർന്ന് ഹൈസ്കൂൾ കാലത്ത് അപ്പസ്തോലിക് സ്റ്റുഡന്റായി (വൈദിക ജീവിതത്തോട് ആഭിമുഖ്യം ഉള്ളവർക്ക് സെമിനാരിയോട് ചേർന്നുള്ള പരിശീലനം) പട്ടം സെന്റ് മേരീസ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും തുടർന്ന് ആലുവ സെന്റ് ജോസഫ്സ് മേജർ സെമിനാരിയിലും നിന്നുള്ള വൈദിക പഠനത്തിനുശേഷം 1964 മാർച്ച്‌ 19ന് പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈദിക പട്ടം സ്വീകരിച്ചു.

1964ൽ ഗീവർഗീസ് കുറ്റിയിലച്ചൻ്റെ അസിസ്റ്റൻ്റായി കടമ്പനാട്, തുവയൂർ ഈസ്റ്റ്‌, തുവയൂർ വെസ്റ്റ്, കരിന്തോട്ടുവ, അന്തിച്ചിറ, ഐവറുകാല, പാറക്കൂട്ടം, ശാസ്താംകോട്ട ഇടവകകളിൽ ശുശ്രൂഷ ആരംഭിച്ച പീടികയിൽ അച്ചൻ കുറ്റിയിലച്ചൻ്റെ മരണത്തെ തുടർന്ന് 1967ൽ ഈ പള്ളികളുടെ എല്ലാം വികാരിയായി. 1969-1971ൽ കായംകുളം, പെരിങ്ങാല എന്നീ ഇടവകകളിലും 1971-1977ൽ കടമ്മനിട്ട, തോന്നിയാമല, വല്യേന്തി, നാരങ്ങാനം പള്ളികളിലും 1977-1979ൽ പിരപ്പൻകോട്, മുദാക്കൽ, വള്ളിയറപ്പൻകാട്, കോലിയക്കോട്, പനവൂർ, ചെമ്പൂർ, കൊപ്പം, കടിയൂർക്കോണം, ഗുരുനപ്പൻകാവ്, ഒറ്റക്കൊമ്പ്, മലമുകൾ എന്നീ മിഷനുകളിലും 1979 മുതൽ 1983 വരെ മാമ്പാറ, തോണിക്കടവ്, കൊച്ചുകുളം, പാമ്പിനി, വടശ്ശേരിക്കര, മണിയാർ, ചിറ്റാർ, പുതുശ്ശേരിമല ഇടവകകളിലും 1983-1986ൽ മണ്ണാറകുളഞ്ഞി, ഉതിമൂട്, കുമ്പളാംപൊയ്ക എന്നിവിടങ്ങളിലും 1986-1987ൽ കടപ്പാക്കട, കൊട്ടറ ഇടവകകളിലും 1987-1990 കാലത്ത് വടശ്ശേരിക്കര, കുമ്പളാംപൊയ്ക എന്നിവിടങ്ങളിലും 1990- 1993ൽ കുടശ്ശനാട്, പൂഴിക്കാട്, കുരമ്പാല പള്ളികളിലും 1994 മുതൽ 1999 വരെ നിലയ്ക്കലും 1999-2001ൽ ഇലന്തൂർ, പുളിന്തിട്ട, കരിമ്പേക്കൽ ഇടവകകളിലും 2005ൽ പ്രക്കാനം ഇടവകയിലും അച്ചൻ വികാരിയായി സേവനമനുഷ്ഠിച്ചു.

1919ൽ ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് ബഥനി ആശ്രമം സ്ഥാപിച്ച പെരുനാട് പ്രദേശത്ത് കുരിശുമല സ്ഥാപിച്ച് ഇന്ന് കാണുന്ന രീതിയിലേക്ക് തീർത്ഥാടന കേന്ദ്രമായി വളരുവാൻ കാരണക്കാരൻ ജോഷ്വ അച്ചനാണ്. മാമ്പാറ പള്ളിയോട് ചേർന്ന് കിടന്നിരുന്ന സ്ഥലം ഈ ഉദ്ദേശത്തോട് കൂടെ അച്ചൻ വാങ്ങുകയും പിന്നീട് ചെറിയാൻ മായിക്കലച്ചൻ അവിടെ കുരിശുമല സ്ഥാപിക്കുകയും ചെയ്തു.

ശുശ്രൂഷ ചെയ്തിരുന്ന പള്ളികളിലെ വിശ്വാസ സമൂഹവുമായി നിഷ്കളങ്കമായ സ്നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്ന അച്ചൻ അവരെ പേരെടുത്ത് വിളിക്കാൻ തക്കവിധമുള്ള അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. സമ്പത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ വിദ്യാഭ്യാസ യോഗ്യതകളുടെയോ വലുപ്പചെറുപ്പ ഭേദമില്ലാതെ എല്ലാവരേയും ഒരേ പോലെ കരുതിയിരുന്നു. കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ചിരുന്ന, അവരുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കാൻ വേദികളൊരുക്കിയ അച്ചനാണ് സഭാകമ്പമില്ലാതെ വലിയ ജനക്കൂട്ടത്തിന് മുമ്പിൽ നിന്ന് സംസാരിക്കാനുള്ള കഴിവ് ലഭിക്കാൻ തന്നെ പ്രാപ്തയാക്കിയതെന്ന് ഇലന്തൂർ ഇടവകാംഗമായ ഈവാ സാറാ ജേക്കബ് അനുസ്മരിക്കുന്നു.

തിരുവനന്തപുരം അതിരൂപതയുടെ ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടറായും പിരപ്പൻകോട് സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ ഡയറക്ടറായും, റാന്നി-പെരുന്നാട്, കായംകുളം, കിളിമാനൂർ വൈദിക ജില്ലകളുടെ ജില്ലാവികാരിയായും, മലങ്കരയിലെ എപ്പിസ്കോപ്പൽ സഭകളുടെ ഐക്യത്തിൻ്റെ വേദിയായ നിലയ്ക്കൽ എക്യുമിനിക്കൽ ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്ററായും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ഉജ്ജ്വല വാഗ്മിയായിരുന്ന അച്ചൻ മലയാളം, ഇംഗ്ളീഷ് ഭാഷകൾ അനായാസേന കൈകാര്യം ചെയ്തിരുന്നു. വൈദികരുടെ പ്രതിനിധിയായി പലപ്പോഴും വിവിധ യോഗങ്ങളിൽ സംസാരിച്ചിരുന്ന അച്ചൻ മലങ്കര സഭയിലെ എല്ലാ പിതാക്കൻമാരുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പ്രായഭേദമന്യേ എല്ലാവരോടും അടുത്ത് ഇടപഴകിയിരുന്ന അച്ചൻ ഇളംതലമുറക്കാരായ വൈദികരെ പ്രോത്സാഹിപ്പിച്ച് വളർത്തുവാൻ ശ്രദ്ധിച്ചിരുന്നു.

2008 ജൂൺ 7ന് ജോഷ്വ അച്ചന്റെ നിരവധിയായ ശുശ്രൂഷകളെ മാനിച്ച് മലങ്കര സുറിയാനി കത്തോലിക്കാസഭ കോർ – എപ്പിസ്കോപ്പ സ്ഥാനം നൽകി ആദരിച്ചു. പീടികയിൽ കുടുംബത്തിലെ പതിനഞ്ചാമത് തലമുറയിലെ വൈദികനും ഏഴാമത്തെ കോർ-എപ്പിസ്കോപ്പയുമാണ് അച്ചൻ.

പ്രായാധിക്യത്താൽ ഇടവക ശുശ്രൂഷകളിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിച്ചുവരവെ 2013 ജൂൺ 25ന് അച്ചൻ നിര്യാതനായി, മാതൃദേവാലയമായ പുത്തൻപീടിക സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ കബറടക്കിയിരിക്കുന്നു.

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements

Leave a comment