ആരെങ്കിലും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ടോ?

ആരെങ്കിലും

നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ടോ?

മിണ്ടാമഠത്തിലുള്ള സഹോദരിയോട് ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു:

“ചുമരുകൾക്കുള്ളിലെ ഈ ജീവിതം മടുപ്പുളവാക്കുന്നില്ലേ? എന്തിനാണ് ജീവിതമിങ്ങനെ പാഴാക്കുന്നത്?”

“താങ്കൾ ചിന്തിച്ചതു പോലെ ഒരു കാലത്ത് ഞാനും ചിന്തിച്ചിരുന്നു. എന്നാൽ ഈ ജീവിതമാണ് തിരഞ്ഞെടുത്തത്. ഇതെനിക്ക് തെല്ലും മടുപ്പുളവാക്കുന്നില്ല. താങ്കൾ വിവാഹിതനാണല്ലോ, ഭാര്യയോടൊപ്പം ഒരേ ഭവനത്തിലുള്ള ജീവിതം മടുപ്പുളവാക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ താങ്കളിലെ സ്നേഹം കുറഞ്ഞു തുടങ്ങി. ഇല്ലെങ്കിൽ താങ്കളുടെ ദാമ്പത്യം ഇന്നും അർത്ഥവത്താണ്.”

ഇത്രയും പറഞ്ഞശേഷം ഉറച്ച ബോധ്യത്തോടെ ആ സഹോദരി തുടർന്നു:
“മറ്റുള്ളവർക്കു വേണ്ടി ഉപവസിക്കാനും പ്രാർത്ഥിക്കാനുമെല്ലാം
ഈ ലോകത്തിൽ ആരെങ്കിലുമൊക്കെ ഉണ്ടെന്ന ഉറപ്പാണ് ഞങ്ങളുടെ ജീവിതം.
ഇങ്ങനെയുള്ള സന്യാസ ആശ്രമങ്ങൾ ഉള്ളിടത്തോളം കാലം ഈ ലോകത്തിൽ ആരും അനാഥരല്ല. താങ്കൾ പോയിക്കഴിയുമ്പോൾ,താങ്കൾക്കു വേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കും ….”

അവരുടെ മുമ്പിൽ ഒരു നിമിഷം നമ്രശിരസ്ക്കനായ് നിന്ന ശേഷം അയാൾ യാത്രയായി.

നമുക്കുവേണ്ടി ആരെങ്കിലും പ്രാർത്ഥിക്കുന്നു എന്നത് എത്രയോ ആനന്ദദായകമാണ്.
അതുപോലെ തന്നെ ആനന്ദപ്രദമാകണം മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിയുക എന്നതും.

അതുകൊണ്ടാകുമോ
“യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക “
(ലൂക്കാ 11 :1) എന്ന് ശിഷ്യർ ക്രിസ്തുവിനോട് ചോദിച്ചതും.

അതിന് മറുപടിയായി ക്രിസ്തു പഠിപ്പിച്ചതാണ് ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ… ‘
എന്ന പ്രാർത്ഥന.

ഈ പ്രാർത്ഥനയിലെവിടെയും
‘ഞാൻ, എന്റെ’
എന്നീ പദങ്ങൾ ഇല്ല.
‘ഞങ്ങൾ … ഞങ്ങളുടെ …
ഞങ്ങൾക്കു വേണ്ടി’ എന്നീ പ്രയോഗങ്ങൾ മാത്രമേയുള്ളൂ.
എന്നിട്ടും നമ്മുടെ പ്രാർത്ഥനകളിൽ
എന്തുമാത്രം സ്വാർത്ഥമാണ്
കടന്നു കൂടിയിരിക്കുന്നത്.

മറ്റുള്ളവർക്കു വേണ്ടി
പ്രാർത്ഥിക്കുക എന്നത്
ഒരു ദൗത്യമാണെന്ന് ഓർമയുണ്ടെങ്കിൽ
നമ്മുടെ പ്രാർത്ഥനകൾ കുറച്ചു കൂടെ
അർത്ഥവത്താകും. ഉറപ്പ് !

ഫാദർ ജെൻസൺ ലാസലെറ്റ്
നവംബർ15-2021.

Advertisements

https://www.facebook.com/profile.php?id=100050372997201

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment