ഉണ്ണീശോയെ ഞാൻ നിങ്ങൾക്കു നൽകാം

ജോസഫ് ചിന്തകൾ 352
നിങ്ങൾ എൻ്റെ പക്കൽ എത്തിയാൽ ഉണ്ണീശോയെ ഞാൻ നിങ്ങൾക്കു നൽകാം
 
കേരളത്തിലെ പ്രമുഖ കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മുതലക്കോടം സെൻ്റ്. ജോർജ് ഫൊറേനാ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുസ്വരൂപമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.
യൗസേപ്പിതാവിൻ്റെ ഇടത്തെ കരത്തിൽ വിടർത്തിയ കരങ്ങളുമായി ഇരിക്കുന്ന ഉണ്ണീശോയുടെ മാറിടത്തിൽ തൻ്റെ വലതുകൈ പിടിച്ചു നിൽക്കുന്ന യൗസേപ്പിതാവ്. ഉയിർപ്പിനു ശേഷം ഈശോയുടെ പിളർക്കപ്പെട്ട പാർശ്വം കണ്ട
തോമാശ്ലീഹായുടെ എൻ്റെ കർത്താവേ എൻ്റെ ദൈവമേ എന്ന വിശ്വാസ പ്രമാണം പോലെ ഉണ്ണീശോയുടെ മാറിടത്തിൽ കൈ അമർത്തി യൗസേപ്പിതാവും നിശബ്ദമായി ഒരു വിശ്വാസ പ്രമാണം നടത്തുന്നു.” ഇതാ ലോകത്തിൻ്റെ രക്ഷകനായ ഈശോ മിശിഹാ. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എൻ്റെ അടുക്കൽ വരുവിൻ, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ ഈശോയെ നിങ്ങൾക്കു ഞാൻ നൽകാം. എൻ്റെ ഹൃദയ രക്തമൊഴുക്കി മുദ്ര വയ്ക്കുന്ന വിശ്വാസ പ്രമാണമാണത്”.
 
നിങ്ങൾ എൻ്റെ പക്കൽ എത്തിയാൽ നിങ്ങളെ ഇരുകരങ്ങും നീട്ടി സ്വീകരിക്കാനായി കാത്തു നിൽക്കുന്ന ഉണ്ണീശോയെ ഞാൻ നൽകാം എന്ന് ദൈവപുത്രൻ്റെ മാറിടത്തിൽ കൈവച്ചു യൗസേപ്പിതാവ് ഉറപ്പു തരുന്നു. ദൈവപുത്രൻ്റെ മാറിടത്തിൽ കൈവച്ചു ഉറപ്പു തരാൻ യോഗ്യതയും ചങ്കൂറ്റവും ഉള്ള പിതാവാണ് യൗസേപ്പ് താതൻ. ആ പിതൃസന്നിധിയിൽ നമുക്കു പ്രത്യാശയും ശരണവും ലഭിക്കും.
 
ദിവ്യത്വവും ആത്മവിശ്വാസവും പ്രസരിക്കുന്ന രണ്ടു മുഖങ്ങളാണ് ഈ തിരുസ്വരൂപത്തിൽ കാണാൻ സാധിക്കുന്നത്. യൗസേപ്പിതാവിൻ്റെ കരങ്ങളിൽ ദൈവപുത്രനായ ഈശോ എത്രമാത്രം സുരക്ഷിതത്വവും
സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു എന്നതിൻ്റെ പ്രഘോഷണമാണ് വിടർത്തിയ ഉണ്ണീശോയുടെ കരങ്ങൾ. യൗസേപ്പിതാവിൻ്റെ പക്കൽ എത്തിയാൽ ദൈവക്കൾക്കടുത്ത സ്വാതന്ത്ര്യവും സംതൃപ്തിയും നമുക്കും ലഭിക്കുമെന്ന് ഈശോ പഠിപ്പിക്കുന്നു.
 
ഈശോയെ നമുക്കു നൽകുന്ന യൗസേപ്പിതാവിൻ്റെ പക്കൽ അഭയം തേടാൻ നമുക്കു ഉത്സാഹമുള്ളവരാകാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
St. Joseph
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment