മറിയത്തെക്കുറിച്ച് പറഞ്ഞാൽ ഒരിക്കലും മതിയാവുകയില്ല

അമ്മ വിചാരങ്ങൾ 7
മറിയത്തെക്കുറിച്ച് പറഞ്ഞാൽ ഒരിക്കലും മതിയാവുകയില്ല
 
വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പരിശുദ്ധ മാതാവിനോടുള്ള ഭക്തി സഭയിൽ പ്രചരിപ്പിക്കുന്നതിൽ എന്നും ശ്രദ്ധാലുവായിരുന്നു. ക്രിസ്താനികളുടെ ജീവിതത്തിൽ ദൈവമാതാവിനുള്ള സവിശേഷ സ്ഥാനത്തെപ്പറ്റി നിരന്തരം പഠിപ്പിച്ചിരുന്ന ലൂയിസ് മരിയവിജ്ഞാനത്തിലെ പ്രസിദ്ധമായ രണ്ടു കൃതികളുടെ രചിതാവാണ്. മറിയത്തോടുള്ള യഥാർത്ഥ ഭക്തി (True Devotion to Mary ) ജപമാലയുടെ രഹസ്യം ( The Secret of the Rosary) എന്നിവയാണ് ആ ഗ്രന്ഥങ്ങൾ. മറിയത്തോടുള്ള യഥാർത്ഥ ഭക്തി എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗമാണ് ഇന്നത്തെ അമ്മ വിചാരം.
 
എല്ലാ ദിവസവും ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ, ആകാശത്തിന്റെ ഏറ്റവും ഉയർന്ന ഉയരങ്ങളിലും ഭൂമിയുടെ അഗാധമായ ആഴങ്ങളിലും, എല്ലാവരും ശ്രേഷ്ഠയായ മറിയത്തെക്കുറിച്ച് പ്രസംഗിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. മറിയം! ഒമ്പതു വൃന്ദം മാലാഖമാരും പ്രായഭേദ്യമെന്യ എല്ലാ മനുഷ്യരും സാഹചര്യങ്ങളും, പിശാചുക്കൾ പോലും, മനസ്സറിവോടെയോ അല്ലാതയോ – അവളെ “ഭാഗ്യവതി” എന്ന് വിളിക്കാൻ സത്യത്തിന്റെ ശക്തിയാൽ നിർബന്ധിതരാകുന്നു.
സ്വർഗ്ഗത്തിലെ എല്ലാ മാലാഖമാരും ഇടവിടാതെ ദൈവമാതാവും കന്യകയുമായ മറിയത്തെ പരിശുദ്ധ പരിശുദ്ധ പരിശുദ്ധ എന്നു പാടി സ്തുതിക്കുന്നതായി വിശുദ്ധ ബെനവെന്തൂരാ രേഖപ്പെടുത്തിയിരിക്കുന്നു.
 
ആവേ മരിയ, എന്ന മാലാഖയുടെ അഭിവാദ്യത്തെ ഒരു ദിവസം ദശലക്ഷക്കണക്കിനു പ്രാവശ്യം ഏറ്റു ചൊല്ലി സ്വർഗ്ഗീയ ഗണം അവളുടെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ സ്വർഗ്ഗീയ കൊട്ടാരത്തിലെ ഉന്നത സ്ഥാനീയനെങ്കിലും മിഖായേൽ മാലാഖ പോലും മറിയത്തെ ബഹുമാനിക്കുന്നതിലും ഏറ്റവും തീക്ഷ്ണത കാണിക്കുന്നു.
ഭൂമി മുഴുവനും പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്കിടയിൽ അവളുടെ മഹത്വം നിറഞ്ഞിരിക്കുന്നു. അവൾ പല രാജ്യങ്ങളുടെയും പ്രവിശ്യകളുടെയും രൂപതകളുടെയും നഗരങ്ങളുടെയും സംരക്ഷകയും മദ്ധ്യസ്ഥയുമാണ്. .പല കത്തീഡ്രലുകളും അവളുടെ പേരിൽ ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്നു. അവളുടെ ബഹുമാനാർത്ഥം അൾത്താരകളില്ലാത്ത ദൈവാലയങ്ങളില്ല, അവളുടെ അത്ഭുതകരമായ ചിത്രങ്ങൾ ഇല്ലാത്ത ഒരു രാജ്യമോ ഒരു കന്റോണോ ഇല്ല.
 
മറിയത്തെക്കുറിച്ച് പറഞ്ഞാൽ ഒരിക്കലും മതിയാവുകയില്ല (De Maria numquam satis) എന്ന വിശുദ്ധരുടെ ഓർമ്മപ്പെടുത്തൽ തീർത്തും അർത്ഥവത്താണ്.
 
പ്രാർത്ഥന
മറിയമേ, എന്റെ അമ്മേ, ഞാൻ നിന്നെ സ്നേഹിക്കുന്നു, ആയിരം നാവുകളിൽ നിന്നെപ്പറ്റി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതു വഴി നിൻ്റെ മഹത്വവും വിശുദ്ധിയും കരുണയും, നിന്നെ സ്നേഹിക്കുന്ന എല്ലാരും നീ സ്നേഹിക്കുന്ന എല്ലാവരും അറിയാൻ ഇടയാകട്ടെ. ആമ്മേൻ
 
ഫാ. ജയ്സൺ കുന്നേൽ mcbs
05, ജനുവരി, 2022
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment