Mathew, Chapter 10 | മത്തായി, അദ്ധ്യായം 10 | Malayalam Bible | POC Translation

അപ്പസ്‌തോലന്‍മാരെഅയയ്ക്കുന്നു.
(മര്‍ക്കോസ് 3 : 13 – 3 : 19 ) (മര്‍ക്കോസ് 7 : 7 – 7 : 13 ) (ലൂക്കാ 6 : 12 – 6 : 16 ) (ലൂക്കാ 9 : 1 – 9 : 6 )

1 : അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്‍മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി.   

2 : ആ പന്ത്രണ്ട് അപ്പസ്‌തോലന്‍മാരുടെ പേരുകള്‍: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, അവന്റെ സഹോദരന്‍ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍,   

3 : പീലിപ്പോസ്, ബര്‍ത്തലോമിയോ, തോമസ്, ചുങ്കക്കാരന്‍ മത്തായി, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്, തദേവൂസ്,   

4 : കാനാന്‍കാരന്‍ ശിമയോന്‍, യേശുവിനെഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്താ.   

5 : ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്.   

6 : പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍.   

7 : പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍.   

8 : രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.   

9 : നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്ക്കരുത്.   

10 : യാത്രയ്ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്. വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്.   

11 : നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍.   

12 : നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനം ആശംസിക്കണം.   

13 : ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.   

14 : ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍.   

15 : വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോം-ഗൊമോറാദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.   

പീഡകളുടെ കാലം.
(മര്‍ക്കോസ് 13 : 9 – 13 : 13 ) (ലൂക്കാ 12 : 11 – 12 : 12 ) (ലൂക്കാ 21 : 12 – 21 : 19 )

16 : ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.   

17 : മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെന്യായാധിപസംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദിക്കും.   

18 : നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്‍മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും.   

19 : അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും.   

20 : എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്.   

21 : സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്‍പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്‍മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും.   

22 : എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും.   

23 : ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല.   

24 : ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല; ഭൃത്യന്‍യജമാനനെക്കാള്‍ വലിയ വനല്ല.   

25 : ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!   

നിര്‍ഭയം സാക്ഷ്യം നല്‍കുക.
(ലൂക്കാ 12 : 2 – 12 : 9 )

26 : നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.   

27 : അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍.   

28 : ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.   

29 : ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.   

30 : നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.   

31 : അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ.   

32 : മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.   

33 : മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.   

സമാധാനമല്ല, ഭിന്നതകള്‍.
(ലൂക്കാ 9 : 23 – 9 : 24 ) (ലൂക്കാ 12 : 51 – 12 : 53 ) (ലൂക്കാ 14 : 25 – 14 : 27 ) (മര്‍ക്കോസ് 8 : 34 – 8 : 35 ) (മത്തായി 16 : 24 – 16 : 25 )

34 : ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്.   

35 : എന്തെന്നാല്‍, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്‌ക്കെതിരായും മരുമകളെ അമ്മായിയമ്മയ്‌ക്കെതിരായും ഭിന്നിപ്പിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്.   

36 : സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍.   

37 : എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.   

38 : സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.   

39 : സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.  

പ്രതിഫലവാഗ്ദാനം.
(മര്‍ക്കോസ് 9 : 41 – 9 : 41 ) 

40 : നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.   

41 : പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു.   

42 : ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.   

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment