Mathew, Chapter 11 | മത്തായി, അദ്ധ്യായം 11 | Malayalam Bible | POC Translation

സ്‌നാപകന്റെ ശിഷ്യന്‍മാര്‍
(ലൂക്കാ 7 : 18 – 7 : 23 )

1 : യേശു പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയതിനുശേഷം, അവരുടെ പട്ടണങ്ങളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.   

2 : യോഹന്നാന്‍ കാരാഗൃഹത്തില്‍വച്ച് ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്‍മാരെ അയച്ച് അവനോടു ചോദിച്ചു:   

3 : വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?   

4 : യേശു പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക.   

5 : അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.   

6 : എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍.   

സ്‌നാപകനെക്കുറിച്ചു സാക്ഷ്യം.
(ലൂക്കാ 7 : 24 – 7 : 35 )

7 : അവര്‍ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. എന്തു കാണാനാണു നിങ്ങള്‍ മരുഭൂമിയിലേക്കുപോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ?   

8 : അല്ലെങ്കില്‍ വേറെ എന്തു കാണാനാണു നിങ്ങള്‍ പോയത്? മൃദുല വസ്ത്രങ്ങള്‍ ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണുള്ളത്.   

9 : അല്ലെങ്കില്‍, പിന്നെ എന്തിനാണു നിങ്ങള്‍ പോയത്? പ്രവാചകനെ കാണാനോ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെത്തന്നെ.   

10 : ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ! നിനക്കുമുമ്പേ എന്റെ ദൂതനെ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ മുമ്പേ പോയി നിനക്കു വഴി ഒരുക്കും.   

11 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്.   

12 : സ്‌നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു.   

13 : യോഹന്നാന്‍വരെ സകല പ്രവാചകന്‍മാരും നിയമവും പ്രവചനം നടത്തി.   

14 : നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന ഏലിയാ.   

15 : ചെവിയുള്ളവന്‍ കേള്‍ക്കട്ടെ   

16 : ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്?   

17 : ചന്ത സ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികള്‍ക്കു സമാനമാണ് ഈ തലമുറ.   

18 : യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായിവന്നു. അവന്‍ പിശാചുബാധിതനാണെന്ന് അപ്പോള്‍ അവര്‍ പറയുന്നു.   

19 : മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍! എങ്കിലും ജ്ഞാനം അതിന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.   

അനുതപിക്കാത്തനഗരങ്ങള്‍.
(ലൂക്കാ 10 : 13 – 10 : 15 )

20 : യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി:   

21 : കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു!   

22 : വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടുപറയുന്നു.   

23 : കഫര്‍ണാമേ, നീ സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു.   

24 : ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോമിന്റെ സ്ഥിതി നിന്‍േറതിനെക്കാള്‍ സഹനീയമായിരിക്കും.   

ക്ലേശിതര്‍ക്കാശ്രയം.
(ലൂക്കാ 10 : 21 – 10 : 22 )

25 : യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.   

26 : അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം.   

27 : സര്‍വവും എന്റെ പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കുവെളിപ്പെടുത്തിക്കൊടുക്കാന്‍മനസ്‌സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.   

28 : അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;   

29 : ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.   

30 : എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.   

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment