Mathew, Chapter 13 | മത്തായി, അദ്ധ്യായം 13 | Malayalam Bible | POC Translation

വിതക്കാരന്റെ ഉപമ
(മര്‍ക്കോസ് 4 : 1 – 4 : 9) (ലൂക്കാ 8 : 4 – 8 : 8)

1 : അന്നുതന്നെ യേശു ഭവനത്തില്‍ നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്ത് ഇരുന്നു.   

2 : വലിയ ജനക്കൂട്ടങ്ങള്‍ അവന്റെ അടുത്തു വന്നു. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തു നിന്നു.   

3 : അപ്പോള്‍ അവന്‍ വളരെക്കാര്യങ്ങള്‍ ഉപമകള്‍വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.   

4 : അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അതു തിന്നു.   

5 : ചിലത് മണ്ണ് അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്ന് മുളച്ചുപൊങ്ങി.   

6 : സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു.   

7 : വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.   

8 : മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി.   

9 : ചെവിയുള്ളവന്‍കേള്‍ക്കട്ടെ.   

ഉപമകളുടെ ഉദ്‌ദേശ്യം
(മര്‍ക്കോസ് 4 : 10 – 4 : 12 )

10 : അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി അവനോടു ചോദിച്ചു: നീ അവരോട് ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്? (ലൂക്കാ   

11 : അവന്‍ മറുപടി പറഞ്ഞു: സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അതു ലഭിച്ചിട്ടില്ല.(ലൂക്കാ   

12 : ഉള്ളവനുനല്‍കപ്പെടും. അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും.   

13 : അതുകൊണ്ടാണ് ഞാന്‍ അവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്. കാരണം, അവര്‍ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല.   

14 : ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്‌സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.   

15 : അവര്‍ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്‌സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജന തയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.   

16 : നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു.   

17 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്‍മാരും നീതിമാന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.   

വിതക്കാരന്റെ ഉപമ വിശദീകരിക്കുന്നു
(മര്‍ക്കോസ് 4 : 13 – 4 : 20 ) (ലൂക്കാ 8 : 11 – 8 : 15 )

18 : അതിനാല്‍, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍   

19 : രാജ്യത്തിന്റെ   

20 : വചനം കേട്ടിട്ടു മനസ്‌സിലാകാതിരിക്കുന്നവനില്‍നിന്ന്, അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത് ദുഷ്ടന്‍ വന്ന് അപഹരിക്കുന്നു. ഇതാണ് വഴിയരികില്‍ വീണ വിത്ത്.   

21 : വചനം കേട്ടിട്ട് ഉടനെ സസന്തോഷം സ്വീകരിക്കുകയും തന്നില്‍ വേരില്ലാത്തതിനാല്‍ അല്‍പനേരം മാത്രം നിലനിന്നിട്ട്, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്ക്ഷണം വീണുപോവുകയും ചെയ്യുന്നവനാണ് പാറമേല്‍ വീണ വിത്ത്.   

22 : ഒരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍ വീണ വിത്ത്.   

23 : വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ല നിലത്തു വീണ വിത്ത്. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.   

കളകളുടെ ഉപമ

24 : മറ്റൊരുപമ അവന്‍ അവരോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്ക്കുന്നതിനോട് സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.   

25 : ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു.   

26 : ചെടികള്‍ വളര്‍ന്ന് കതിരായപ്പോള്‍ കളകളും പ്രത്യക്ഷപ്പെട്ടു.   

27 : വേലക്കാര്‍ ചെന്ന് വീട്ടുടമസ്ഥനോടു ചോദിച്ചു:യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്?   

28 : അവന്‍ പറഞ്ഞു: ശത്രുവാണ് ഇതുചെയ്തത്. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ?   

29 : അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.   

30 : കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍. 

കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ
(മര്‍ക്കോസ് 4 : 30 – 4 : 34 ) (ലൂക്കാ 13 : 18 – 13 : 21 )  

31 : വേറൊരുപമ അവന്‍ അവരോടു പറഞ്ഞു: സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശം.   

32 : അത് എല്ലാവിത്തിനെയുംകാള്‍ ചെറുതാണ്; എന്നാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.   

33 : മറ്റൊരുപമ അവന്‍ അവരോട് അരുളിച്ചെയ്തു: മൂന്ന് ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് സ്വര്‍ഗരാജ്യം.   

34 : ഇതെല്ലാം യേശു ഉപമകള്‍ വഴിയാണ് ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല.   

35 : ഞാന്‍ ഉപമകള്‍ വഴി സംസാരിക്കും, ലോകസ്ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ പ്രസ്താവിക്കും എന്ന പ്രവാചക വചനം പൂര്‍ത്തിയാകാനായിരുന്നു ഇത്.  

കളകളുടെ ഉപമ – വിശദീകരണം 

36 : ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവന്‍ വീട്ടിലേക്കു വന്നു. ശിഷ്യന്‍മാര്‍ അവന്റെ അടുത്തുവന്ന് അപേക്ഷിച്ചു: വയലിലെ കളകളെ സംബന്ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും!   

37 : അവന്‍ ഉത്തരം പറഞ്ഞു: നല്ല വിത്തു വിതയ്ക്കുന്നവന്‍മനുഷ്യപുത്രനാണ്.   

38 : വയല്‍ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്‍മാരും കളകള്‍ ദുഷ്ടന്റെ പുത്രന്‍മാരുമാണ്.   

39 : അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്തുയുഗാന്തമാണ്; കൊയ്ത്തുകാര്‍ ദൈവദൂതന്‍മാരും.   

40 : കളകള്‍ ശേഖരിച്ച് അഗ്‌നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെയുഗാന്തത്തിലും സംഭവിക്കും.   

41 : മനുഷ്യപുത്രന്‍ തന്റെ ദൂതന്‍മാരെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിന്‍മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്‍ഡത്തിലേക്കെറിയുകയുംചെയ്യും.   

42 : മനുഷ്യപുത്രന്‍ തന്റെ ദൂതന്‍മാരെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിന്‍മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.   

43 : അപ്പോള്‍ നീതിമാന്‍മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.   

നിധിയുടെയും രത്‌നത്തിന്റെയും വലയുടെയും ഉപമകള്‍

44 : സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയുംചെയ്യുന്നു.   

45 : വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.   

46 : അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.   

47 : സ്വര്‍ഗരാജ്യം, എല്ലാത്തരം മത്‌സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്ക്കു തുല്യം.   

48 : വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്, നല്ല മത്‌സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്‌സ്യങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്തു.   

49 : യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്‍മാര്‍ ദുഷ്ടന്‍മാരെ നീതിമാന്‍മാരില്‍നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്‍ഡത്തിലേക്കെറിയുകയും ചെയ്യും.   

50 : അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.   

51 : നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? അവന്‍ ചോദിച്ചു. ഉവ്വ്, അവര്‍ ഉത്തരം പറഞ്ഞു.   

52 : അവന്‍ തുടര്‍ന്നു: സ്വര്‍ഗരാജ്യത്തിന്റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്ഞനും, തന്റെ നിക്‌ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യന്‍.   

സ്വന്തം നാട്ടില്‍ അവഗണിക്കപ്പെടുന്നു
(മര്‍ക്കോസ് 6 : 1 – 6 : 6 ) (ലൂക്കാ 4 : 16 – 4 : 30 )

53 : യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്,   

54 : സ്വദേശത്തുവന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്?   

55 : ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?   

56 : ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്?   

57 : അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല.   

58 : അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment