Mathew, Chapter 3 | മത്തായി, അദ്ധ്യായം 3 | Malayalam Bible | POC Translation

സ്‌നാപകയോഹന്നാന്റെ പ്രഭാഷണം (മര്‍ക്കോസ് 1: 11 : 8) (ലൂക്കാ 3 : 13 : 9) (ലൂക്കാ 3 : 153 : 17) (യോഹന്നാന്‍ 1 : 191 : 28)

1 : അക്കാലത്ത് സ്‌നാപകയോഹന്നാന്‍യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു:   

2 : മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.   

3 : ഇവനെപ്പറ്റിയാണ് ഏശയ്യാപ്രവാചകന്‍വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം – കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍.   

4 : യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം.   

5 : ജറുസലെമിലുംയൂദയാ മുഴുവനിലും ജോര്‍ദാന്റെ പരിസരപ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്റെ അടുത്തെത്തി.   

6 : അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്, ജോര്‍ദാന്‍ നദിയില്‍വച്ച് അവനില്‍നിന്നു സ്‌നാനം സ്വീകരിച്ചു.   

7 : അനേകം ഫരിസേയരും സദുക്കായരും സ്‌നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്?   

8 : മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍.   

9 : ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.   

10 : വൃക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാംവെട്ടി തീയിലെറിയും.   

11 : മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്.   

12 : അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ശേഖരിക്കും; പതിര് കെടാത്ത തീയില്‍ കത്തിച്ചു കളയുകയുംചെയ്യും.   

യേശുവിന്റെ ജ്ഞാനസ്‌നാനം (മര്‍ക്കോസ് 1: 91 : 11 ) (ലൂക്കാ 3 : 213 : 22 )

13 : യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്റെ അടുത്തേക്കുവന്നു.   

14 : ഞാന്‍ നിന്നില്‍നിന്ന് സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു.   

15 : എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു.   

16 : സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു.   

17 : ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.   

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment