Mathew, Chapter 4 | മത്തായി, അദ്ധ്യായം 4 | Malayalam Bible | POC Translation

മരുഭൂമിയിലെ പരീക്ഷ (മര്‍ക്കോസ് 1: 121 : 13 ) (ലൂക്കാ 4 : 14 : 13 )

1 : അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു.   

2 : യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.   

3 : പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.   

4 : അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.   

5 : അനന്തരം, പിശാച് അവനെ വിശുദ്ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു:   

6 : നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവന്‍ തന്റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു.   

7 : യേശു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.   

8 : വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു:   

9 : നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും.   

10 : യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.   

11 : അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.   

യേശു ദൗത്യം ആരംഭിക്കുന്നു (മര്‍ക്കോസ് 1: 141 : 15 ) (ലൂക്കാ 4 : 144 : 15 )

12 : യോഹന്നാന്‍ ബന്ധനസ്ഥനായെന്നുകേട്ടപ്പോള്‍ യേശു ഗലീലിയിലേക്കു പിന്‍വാങ്ങി.   

13 : അവന്‍ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്ത്താലിയുടെയും അതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ചെന്നു പാര്‍ത്തു.   

14 : ഇത് ഏശയ്യാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന്‍ വേണ്ടിയാണ്:   

15 : സമുദ്രത്തിലേക്കുള്ള വഴിയില്‍, ജോര്‍ദാന്റെ മറുകരയില്‍, സെബുലൂണ്‍, നഫ്ത്താലി പ്രദേശങ്ങള്‍ – വിജാതീയരുടെ ഗലീലി!   

16 : അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു.   

17 : അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.   

ആദ്യത്തെനാലു ശിഷ്യന്‍മാര്‍ (മര്‍ക്കോസ് 1: 161 : 20 ) (ലൂക്കാ 5 : 15 : 11 )

18 : അവന്‍ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്‍മാരെ കണ്ടു – പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.   

19 : അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.   

20 : തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു.   

21 : അവര്‍ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്‍മാരെ കണ്ടു – സെബദീപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു.   

22 : തത്ക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു.   

യേശു രോഗികളെ സുഖപ്പെടുത്തുന്നു (ലൂക്കാ 6: 176 : 19 )

23 : അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷംപ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു.   

24 : അവന്റെ കീര്‍ത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അവന്റെ അടുത്തുകൊണ്ടുവന്നു. അവന്‍ അവരെ സുഖപ്പെടുത്തി.   

25 : ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോര്‍ദാന്റെ മറുകര എന്നിവിടങ്ങളില്‍നിന്ന് വലിയ ജനക്കൂട്ടങ്ങള്‍ അവനെ അനുഗമിച്ചു.

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment