Mathew, Chapter 7 | മത്തായി, അദ്ധ്യായം 7 | Malayalam Bible | POC Translation

അന്യരെ വിധിക്കരുത് (ലൂക്കാ 6: 37 – 6 : 38 ) (ലൂക്കാ 6 : 41 – 6 : 42 )

1 : വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.   

2 : നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.   

3 : നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?   

4 : അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?   

5 : കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും.   

6 : വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.  

പ്രാര്‍ഥനയുടെ ശക്തി (ലൂക്കാ 11: 9 – 11 : 13 ) 

7 : ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.   

8 : ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.   

9 : മകന്‍ അപ്പംചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ?   

10 : അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ?   

11 : മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്‍മകള്‍ നല്‍കും!   

12 : മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും.  

ഇടുങ്ങിയ വാതില്‍ (ലൂക്കാ 13: 24 – 13 : 24 ) 

13 : ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും.   

14 : എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.   

വ്യാജപ്രവാചകന്‍മാര്‍ (ലൂക്കാ 6: 43 – 6 : 44 )

15 : ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്.   

16 : ഫലങ്ങളില്‍നിന്ന് അവരെ മനസ്‌സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?   

17 : നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു.   

18 : നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.   

19 : നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.   

20 : അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.   

യഥാര്‍ഥ ശിഷ്യന്‍ (ലൂക്കാ 13: 25 – 13 : 27 ) (ലൂക്കാ 6 : 47 – 6 : 49 )

21 : കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.   

22 : അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?   

23 : അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍.   

24 : എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.   

25 : മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു.   

26 : എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും.   

27 : മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.   

28 : യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്. 

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment