Mathew, Chapter 9 | മത്തായി, അദ്ധ്യായം 9 | Malayalam Bible | POC Translation

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു (മര്‍ക്കോസ് 2: 12 : 12 ) (ലൂക്കാ 5 : 17 – 5 : 26 )

1 : യേശു തോണിയില്‍കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി.   

2 : അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.   

3 : അപ്പോള്‍ നിയമജ്ഞരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു.   

4 : അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ വിചാരിക്കുന്നതെന്ത്?   

5 : ഏതാണ് എളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?   

6 : ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം, അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക.   

7 : അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി.   

8 : ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി.   

മത്തായിയെ വിളിക്കുന്നു (മര്‍ക്കോസ് 2: 13 – 2 : 17 ) (ലൂക്കാ 5 : 27 – 5 : 32 )

9 : യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.   

10 : യേശു അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്ഷണത്തിനിരുന്നു.   

11 : ഫരിസേയര്‍ ഇതുകണ്ട് ശിഷ്യന്‍മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്?   

12 : ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.   

13 : ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.  

ഉപവാസത്തെക്കുറിച്ച് തര്‍ക്കം (മര്‍ക്കോസ് 2: 18 – 2 : 22 ) (ലൂക്കാ 5 : 33 – 5 : 39 ) 

14 : യോഹന്നാന്റെ ശിഷ്യന്‍മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?   

15 : അവന്‍ അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും.   

16 : ആരും പഴയ വസ്ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തയ്ച്ചുചേര്‍ത്ത തുണിക്കഷണം വസ്ത്രത്തില്‍ നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും.   

17 : ആരും പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പൊട്ടി, വീഞ്ഞ് ഒഴുകിപ്പോവുകയും കുടങ്ങള്‍ നഷ്ടപ്പെടുകയുംചെയ്യും. അതിനാല്‍, പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കുക. അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും. 

രക്തസ്രാവക്കാരി; ഭരണാധിപന്റെ മകള്‍ (മര്‍ക്കോസ് 5: 21 – 5 : 43 ) (ലൂക്കാ 8 : 40 – 8 : 56 )  

18 : അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി അവനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്റെ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന് അവളുടെമേല്‍ കൈവയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും.   

19 : യേശുവും ശിഷ്യന്‍മാരും അവനോടൊപ്പം പോയി.   

20 : പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം നിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു.   

21 : അവന്റെ വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു.   

22 : യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്തു: മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി.   

23 : യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്ക്കുന്ന ജനങ്ങളെയും കണ്ട് പറഞ്ഞു:   

24 : നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മരിച്ചിട്ടില്ല; അവള്‍ ഉറങ്ങുകയാണ്. അവരാകട്ടെ അവനെ പരിഹസിച്ചു.   

25 : ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്, അവളെ കൈയ്ക്കുപിടിച്ച് ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു.   

26 : ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.   

അന്ധര്‍ക്കു കാഴ്ച നല്‍കുന്നു

27 : യേശു അവിടെനിന്നു കടന്നുപോകുമ്പോള്‍, രണ്ട് അന്ധന്മാര്‍, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് അവനെ അനുഗമിച്ചു.   

28 : അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്‍മാര്‍ അവന്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവേ, എന്ന് അവര്‍ മറുപടി പറഞ്ഞു.   

29 : നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവന്‍ അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു.   

30 : അവരുടെ കണ്ണുകള്‍ തുറന്നു. ഇത് ആരും അറിയാനിടയാകരുത് എന്ന് യേശു അവരോടു കര്‍ശനമായി നിര്‍ദേശിച്ചു.   

31 : എന്നാല്‍, അവര്‍ പോയി അവന്റെ കീര്‍ത്തി നാടെങ്ങും പരത്തി.   

ഊമനെ സുഖമാക്കുന്നു (ലൂക്കാ 11: 14 – 11 : 15 )

32 : അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പിശാചുബാധിതനായ ഒരു ഊമനെ ജനങ്ങള്‍ അവന്റെ യടുക്കല്‍ കൊണ്ടുവന്നു.   

33 : അവന്‍ പിശാചിനെ പുറത്താക്കിയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇതുപോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല.   

34 : എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്.   

വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍

35 : യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു.   

36 : ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സഹായരുമായിരുന്നു.   

37 : അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.   

38 : അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍.   

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment