Gospel of St. Mathew Chapter 17 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 17 | Malayalam Bible | POC Translation

വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 17

യേശു രൂപാന്തരപ്പെടുന്നു.
(മര്‍ക്കോസ് 9 : 2 – 9 : 8 ) (ലൂക്കാ 9 : 28 – 9 : 36 )

1 യേശു, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കുപോയി. 2 അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെവെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശംപോലെ ധവളമായി. 3 മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു. 4 പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം – ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്.5 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍.6 ഇതുകേട്ട ക്ഷണത്തില്‍ ശിഷ്യന്‍മാര്‍ കമിഴ്ന്നു വീണു; അവര്‍ ഭയവിഹ്വലരായി. 7 യേശു സമീപിച്ച് അവരെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ. 8 അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.

ഏലിയായുടെ ആഗമനം.
(മര്‍ക്കോസ് 9 : 9 – 9 : 13 )

9 മലയില്‍നിന്ന് ഇറങ്ങുമ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രന്‍മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്. 10 ശിഷ്യന്‍മാര്‍ അവനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്ന് നിയമജ്ഞര്‍ പറയുന്നതെന്തുകൊണ്ട്? 11 അവന്‍ പറഞ്ഞു: ഏലിയാ വന്ന് എല്ലാം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. 12 എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്‌സിലാക്കിയില്ല. തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍നിന്നു പീഡകളേല്‍ക്കാന്‍ പോകുന്നു. 13 സ്‌നാപകയോഹന്നാനെപ്പറ്റിയാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ ശിഷ്യന്‍മാര്‍ക്കു മനസ്‌സിലായി.

അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു.
(മര്‍ക്കോസ് 9 : 14 – 9 : 29 ) (ലൂക്കാ 9 : 37 – 9 : 43 )

14 അവര്‍ ജനക്കൂട്ടത്തിന്റെ അടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് അവന്റെ സന്നിധിയില്‍ പ്രണമിച്ചുകൊണ്ടു പറഞ്ഞു: 15 കര്‍ത്താവേ, എന്റെ പുത്രനില്‍ കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. 16 ഞാന്‍ അവനെ നിന്റെ ശിഷ്യന്‍മാരുടെ അടുത്തുകൊണ്ടുവന്നു. പക്‌ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. 17 യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക.18 യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖംപ്രാപിച്ചു. 19 അനന്തരം ശിഷ്യന്‍മാര്‍ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്? 20 യേശു പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും. 21 നിങ്ങള്‍ക്ക്‌യാതൊന്നും അസാധ്യമായിരിക്കുകയില്ല.

പീഡാനുഭവവും ഉത്ഥാനവും – രണ്ടാം പ്രവചനം.
(മര്‍ക്കോസ് 9 : 30 – 9 : 32 ) (ലൂക്കാ 9 : 43 – 9 : 45 )

22 അവര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. 23 അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും. ഇതുകേട്ട് അവര്‍ അതീവ ദുഃഖിതരായിത്തീര്‍ന്നു.

നികുതിയെക്കുറിച്ച്.

24 അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിന്റെ അടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതികൊടുക്കുന്നില്ലേ? 25 അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്‍മാര്‍ ആരില്‍ നിന്നാണ് നികുതിയോചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്‍മാരില്‍ നിന്നോ, അന്യരില്‍ നിന്നോ? 26 അന്യരില്‍ നിന്ന് വ പത്രോസ് മറുപടി പറഞ്ഞു. യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്‍മാര്‍ സ്വതന്ത്രരാണല്ലോ; 27 എങ്കിലുംഅവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ നീ കടലില്‍പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്‌സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കുംവേണ്ടി അവര്‍ക്കു കൊടുക്കുക.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment