Gospel of St. Mathew Chapter 19 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 19 | Malayalam Bible | POC Translation

വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 19

വിവാഹമോചനത്തെ സംബന്ധിച്ച്.
(മര്‍ക്കോസ് 10 : 1 – 10 : 2 )

1 ഈ വാക്കുകള്‍ അവസാനിപ്പിച്ചശേഷം, യേശു ഗലീലിവിട്ട് ജോര്‍ദാന് അക്കരെയൂദയായുടെ അതിര്‍ത്തിയിലെത്തി. 2 വലിയ ജനക്കൂട്ടങ്ങള്‍ അവനെ അനുഗമിക്കുകയും അവന്‍ അവിടെ വച്ച് അവരെ സുഖപ്പെടുത്തുകയും ചെയ്തു. 3 ഫരിസേയര്‍ അടുത്തുചെന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? 4 അവന്‍ മറുപടി പറഞ്ഞു: സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, 5 ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? 6 തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. 7 അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്ഷാപത്രം നല്‍കി ഭാര്യയെ ഉപേക്ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്? 8 അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല. 9 എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. 10 ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. 11 അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. 12 എന്തെന്നാല്‍, ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.

ശിശുക്കളെ അനുഗ്രഹിക്കുന്നു.
(മര്‍ക്കോസ് 10 : 13 – 10 : 16 ) (ലൂക്കാ 18 : 15 – 18 : 17 )

13 യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്‍മാര്‍ അവരെ ശകാരിച്ചു. 14 എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. 15 അവന്‍ അവരുടെമേല്‍ കൈകള്‍വച്ചശേഷം അവിടെനിന്നു പോയി.

ധനികനായയുവാവ്.
(മര്‍ക്കോസ് 10 : 18 – 10 : 31 )

16 ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്?(ലൂക്കാ 18 : 18 – 18 : 30 )

17 അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. 18 അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്. 19 പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക. 20 ആയുവാവ് ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്? 21 യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. 22 ഈ വചനം കേട്ട് ആയുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു. 23 യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്. 24 വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. 25 ശിഷ്യന്‍മാര്‍ ഇതുകേട്ട് വിസ്മയഭരിതരായി അവനോടുചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കു സാധിക്കും? 26 യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ്. 27 അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക?28 യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും. 29 എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും. 30 എന്നാല്‍, മുമ്പന്‍മാര്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാര്‍ മുമ്പന്‍മാരുമാകും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment