വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 26
യേശുവിനെ വധിക്കാന്‍ ആലോചന
(മര്‍ക്കോസ് 14 : 1 – 14 : 2 ) (ലൂക്കാ 22 : 1 – 22 : 2 ) (യോഹന്നാന്‍ 11 : 45 – 11 : 53 )
1 യേശു ഈ വചനങ്ങളെല്ലാം അവസാനിപ്പിച്ചശേഷം ശിഷ്യന്‍മാരോടു പറഞ്ഞു:2 രണ്ടു ദിവസം കഴിഞ്ഞ് പെസഹായാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാനായി ഏല്‍പിക്കപ്പെടും.3 പ്രധാനപുരോഹിതന്‍മാരും ജനപ്രമാണികളും കയ്യാഫാസ് എന്നു പേരായ പ്രധാനാചാര്യന്റെ കൊട്ടാരത്തില്‍ സമ്മേളിച്ച്,4 യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടതെങ്ങനെയെന്ന് ആലോചിച്ചു.5 അവര്‍ പറഞ്ഞു: തിരുനാള്‍ ദിവസം വേണ്ടാ; ജനങ്ങള്‍ ബഹളമുണ്ടാക്കും.
ബഥാനിയായിലെ തൈലാഭിഷേകം
(മര്‍ക്കോസ് 14 : 3 – 14 : 9 ) (യോഹന്നാന്‍ 12 : 1 – 12 : 8 )
6 യേശു ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ ഭവനത്തില്‍ ഇരിക്കുമ്പോള്‍,7 വിലയേറിയ സുഗന്ധതൈലം നിറച്ച ഒരു വെണ്‍കല്‍പാത്രവുമായി ഒരു സ്ത്രീ അവനെ സമീപിച്ചു. അവന്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, അവള്‍ തൈലം അവന്റെ ശിരസ്‌സില്‍ ഒഴിച്ചു.8 ഇതു കണ്ട ശിഷ്യന്‍മാര്‍ കോപത്തോടെ പറഞ്ഞു: എന്തിന് ഈ പാഴ്‌ചെലവ്?9 ഈ സുഗന്ധതൈലം നല്ലവിലയ്ക്കു വിറ്റ് ദരിദ്രര്‍ക്കുകൊടുക്കാമായിരുന്നില്ലേ?10 യേശു ഇതുഗ്രഹിച്ച് അവരോടു പറഞ്ഞു: എന്തിനു നിങ്ങള്‍ ഈ സ്ത്രീയെ വിഷമിപ്പിക്കുന്നു? ഇവള്‍ എനിക്കു വേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.11 ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്. ഞാനാകട്ടെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.12 എന്നെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കമായിട്ടാണ് ഇവള്‍ എന്റെ ശരീരത്തില്‍തൈലം പൂശിയത്.13 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തില്‍ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.
യൂദാസിന്റെ വഞ്ചന
(മര്‍ക്കോസ് 14 : 10 – 14 : 11 ) (ലൂക്കാ 22 : 3 – 22 : 6 )
14 പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് സ്‌കറിയോത്താ പ്രധാന പുരോഹിതന്‍മാരുടെ അടുത്തു ചെന്നു ചോദിച്ചു:15 ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും? അവര്‍ അവന് മുപ്പതുവെള്ളിനാണയങ്ങള്‍ വാഗ്ദാനം ചെയ്തു.16 അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.
പെസഹാ ആചരിക്കുന്നു.
(മര്‍ക്കോസ് 14 : 12 – 14 : 21 ) (ലൂക്കാ 22 : 7 – 22 : 23 ) (യോഹന്നാന്‍ 13 : 21 – 13 : 30 )
17 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം ശിഷ്യന്‍മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?18 അവന്‍ പറഞ്ഞു: നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ അടുത്തു ചെന്ന് പറയുക: ഗുരു പറയുന്നു, എന്റെ സമയം സമാഗതമായി; ഞാന്‍ എന്റെ ശിഷ്യന്‍മാരോടുകൂടെ നിന്റെ വീട്ടില്‍ പെസഹാ ആചരിക്കും.19 യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്‍മാര്‍ പെസഹാ ഒരുക്കി.20 വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്‍മാരോടൊത്ത് ഭക്ഷണത്തിനിരുന്നു.21 ഭക്ഷിച്ചുകൊണ്ടിരിക്കെ, അവന്‍ പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.22 അവര്‍ അതീവ ദുഃഖിതരായി; കര്‍ത്താവേ, അതു ഞാന്‍ അല്ലല്ലോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി.23 അവന്‍ പ്രതിവചിച്ചു: എന്നോടുകൂടെ പാത്രത്തില്‍കൈ മുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും.24 മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!25 അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ഗുരോ, അതു ഞാനോ? അവന്‍ പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു.
പുതിയ ഉടമ്പടി
(മര്‍ക്കോസ് 14 : 22 – 14 : 26 ) (ലൂക്കാ 22 : 15 – 22 : 20 )
26 അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. 27 അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. 28 ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉട മ്പടിയുടേതുമായ എന്റെ രക്തമാണ്. 29 ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.30 സ്‌തോത്രഗീതം ആലപിച്ചശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.
പത്രോസ് ഗുരുവിനെ നിഷേധിക്കും.
(മര്‍ക്കോസ് 14 : 27 – 14 : 31 ) (ലൂക്കാ 22 : 31 – 22 : 34 ) (യോഹന്നാന്‍ 13 : 36 – 13 : 38 )
31 യേശു അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു.32 എന്നാല്‍, ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടശേഷം നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കുപോകും.33 അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു. എല്ലാവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല.34 യേശു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഈ രാത്രി കോഴി കൂകുന്നതിനുമുമ്പു നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചു പറയും.35 പത്രോസ് പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാല്‍പ്പോലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യന്‍മാരും പറഞ്ഞു.
ഗത്‌സേമനിയില്‍ പ്രാര്‍ഥിക്കുന്നു
(മര്‍ക്കോസ് 14 : 32 – 14 : 42 ) (ലൂക്കാ 22 : 39 – 22 : 46 )
36 അനന്തരം യേശു അവരോടൊത്ത് ഗത്‌സേമനി എന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഞാന്‍ പോയി പ്രാര്‍ഥിക്കുവോളം നിങ്ങള്‍ ഇവിടെ ഇരിക്കുക.37 അവന്‍ പത്രോസിനെയും സെബദിയുടെ ഇരുപുത്രന്‍മാരെയും കൂടെക്കൊണ്ടുപോയി, ദുഃഖിക്കാനും അസ്വസ്ഥനാകാനും തുടങ്ങി.38 അവന്‍ അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക.39 അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ഥിച്ചു: എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.40 അനന്തരം അവന്‍ ശിഷ്യന്‍മാരുടെ അടുത്തേക്കുവന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?41 പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.42 രണ്ടാം പ്രാവശ്യവും അവന്‍ പോയി പ്രാര്‍ഥിച്ചു: എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ!43 അവന്‍ വീണ്ടും വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു.44 അവന്‍ അവരെവിട്ടു മൂന്നാം പ്രാവശ്യവും പോയി അതേ പ്രാര്‍ഥന ആവര്‍ത്തിച്ചു.45 പിന്നെ അവന്‍ ശിഷ്യന്‍മാരുടെ അടുത്തു വന്നു പറഞ്ഞു: നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ, സമയം അടുത്തിരിക്കുന്നു. മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്‍പിക്കപ്പെടുന്നു.46 എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.
യേശുവിനെ ഒറ്റിക്കൊടുക്കുന്നു
(മര്‍ക്കോസ് 14 : 43 – 14 : 50 ) (ലൂക്കാ 22 : 47 – 22 : 53 ) (യോഹന്നാന്‍ 18 : 3 – 18 : 12 )
47 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാനപുരോഹിതന്‍മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു.48 ഒറ്റുകാരന്‍ അവര്‍ക്ക് ഈ അടയാളം നല്‍കിയിരുന്നു. ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ. അവനെ പിടിച്ചുകൊള്ളുക.49 അവന്‍ പെട്ടെന്ന് യേശുവിന്റെ അടുത്തുചെന്ന്, ഗുരോ, സ്വസ്തി എന്നു പറഞ്ഞ് അവനെ ചുംബിച്ചു.50 യേശു അവനോടു ചോദിച്ചു: സ്‌നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു.51 യേശുവിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി ഛേദിച്ചുകളഞ്ഞു.52 യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.53 എനിക്ക് എന്റെ പിതാവിനോട് അപേക്ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്റെ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?54 അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്ധ ലിഖിതം എങ്ങനെ നിറവേറും?55 യേശു ജനക്കൂട്ടത്തോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളുകളും വടികളുമായി നിങ്ങള്‍ എന്നെ ബന്ധിക്കുവാന്‍ വന്നിരിക്കുന്നുവോ? ഞാന്‍ ദിവസവും ദേവാലയത്തിലിരുന്നു നിങ്ങളെ പഠിപ്പിച്ചിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല.56 പ്രവാചകന്‍മാരുടെ ലിഖിതങ്ങള്‍ പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതൊക്കെയും സംഭവിച്ചത്. അപ്പോള്‍ ശിഷ്യന്‍മാരെല്ലാവരും അവനെവിട്ട് ഓടിപ്പോയി.
ന്യായാധിപസംഘത്തിനു മുമ്പില്‍
(മര്‍ക്കോസ് 14 : 53 – 14 : 65 ) (ലൂക്കാ 22 : 54 – 22 : 55 ) (ലൂക്കാ 22 : 63 – 22 : 71 ) (യോഹന്നാന്‍ 18 : 13 – 18 : 14 ) (യോഹന്നാന്‍ 18 : 19 – 18 : 24 )
57 യേശുവിനെ പിടിച്ചു ബന്ധിച്ചവര്‍ പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുത്തേക്ക് അവനെ കൊണ്ടുപോയി. അവിടെ നിയമജ്ഞരും ശ്രേഷ്ഠന്‍മാരും സമ്മേളിച്ചിരുന്നു.58 പ്രധാനപുരോഹിതന്റെ മുറ്റംവരെ പത്രോസ് അവനെ അല്‍പം ദൂരെയായി അനുഗമിച്ചു. അനന്തരം, അവന്‍ അകത്തുകടന്ന് അവസാനം എന്തെന്നു കാണാന്‍ പരിചാരകന്‍മാരോടുകൂടെ ഇരുന്നു.59 പ്രധാനപുരോഹിതന്‍മാരുംന്യായാധിപസംഘം മുഴുവനും യേശുവിനെ മരണത്തിനേല്‍പിച്ചുകൊടുക്കേണ്ടതിന് അവനെതിരെ കള്ളസാക്ഷ്യം അന്വേഷിച്ചു.60 പല കള്ളസാക്ഷികള്‍ വന്നെങ്കിലും അവര്‍ക്കു സാക്ഷ്യമൊന്നും കിട്ടിയില്ല.61 അവസാനം രണ്ടുപേര്‍ മുന്നോട്ടുവന്ന്, ഇപ്രകാരം പറഞ്ഞു: ഈ ദേവാലയം നശിപ്പിക്കാനും മൂന്നു ദിവസംകൊണ്ടു നിര്‍മിക്കാനും എനിക്കു സാധിക്കും എന്ന് ഇവന്‍ പറഞ്ഞിട്ടുണ്ട്.62 പ്രധാന പുരോഹിതന്‍ എഴുന്നേറ്റു നിന്ന് അവനോടു ചോദിച്ചു: നിനക്കു മറുപടിയില്ലേ? ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതെന്ത്?63 യേശുവാകട്ടെ നിശ്ശബ്ദനായിരുന്നു. അപ്പോള്‍ പ്രധാന പുരോഹിതന്‍ അവനോടു പറഞ്ഞു: ജീവിക്കുന്ന ദൈവത്തിന്റെ നാമത്തില്‍ ആണയിട്ടു ഞാന്‍ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ഞങ്ങളോടു പറയുക.64 യേശു അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.65 അപ്പോള്‍ പ്രധാന പുരോഹിതന്‍ മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങള്‍ ഇപ്പോള്‍ കേട്ടുവല്ലോ!66 നിങ്ങള്‍ക്കെന്തുതോന്നുന്നു? അവര്‍ പ്രതിവചിച്ചു: അവന്‍ മരണത്തിനര്‍ഹനാണ്.67 അനന്തരം അവര്‍ അവന്റെ മുഖത്തു തുപ്പുകയും അവനെ അടിക്കുകയും ചെയ്തു.68 ക്രിസ്തുവേ, നിന്നെ അടിച്ചതാരെന്നു ഞങ്ങളോടു പ്രവചിക്കുക എന്നു പറഞ്ഞുകൊണ്ട് മറ്റു ചിലര്‍ അവന്റെ കരണത്തടിച്ചു.
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
(മര്‍ക്കോസ് 14 : 66 – 14 : 72 ) (ലൂക്കാ 22 : 56 – 22 : 62 ) (യോഹന്നാന്‍ 18 : 15 – 18 : 18 ) (യോഹന്നാന്‍ 18 : 25 – 18 : 27 )
69 പത്രോസ് പുറത്തു മുറ്റത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെ സമീപിച്ച്, നീയും ആ ഗലീലിക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു. 70 നീ പറയുന്നതെന്താണെന്നു ഞാന്‍ അറിയുന്നില്ല എന്ന് അവരുടെയെല്ലാം മുമ്പാകെ അവന്‍ നിഷേധിച്ചു പറഞ്ഞു. 71 അവന്‍ കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെ കൂടെയായിരുന്നു. 72 ഞാന്‍ അവനെ അറിയുകയില്ല എന്ന് അവന്‍ വീണ്ടും ആണയിട്ടു നിഷേധിച്ചു.73 കുറെ കഴിഞ്ഞപ്പോള്‍, അടുത്തുനിന്നിരുന്നവര്‍ പത്രോസിനെ സമീപിച്ചു പറഞ്ഞു: നീ അവരില്‍ ഒരുവനാണ് തീര്‍ച്ച; നിന്റെ സംസാരരീതി തന്നെ ഇതു തെളിയിക്കുന്നു. 74 പത്രോസാകട്ടെ, ഞാന്‍ ആ മനുഷ്യനെ അറിയുകയില്ല എന്നു പറഞ്ഞ് ശപിക്കാനും ആണയിടാനും തുടങ്ങി. ഉടനെ കോഴി കൂകി. 75 കോഴി കൂകുന്നതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് യേശു പറഞ്ഞവാക്കുകള്‍ അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു.



Leave a comment