Gospel of St. John, Introduction | വി. യോഹന്നാൻ എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, ആമുഖം

യേശുവിന്റെ ശിഷ്യനായ യോഹന്നാനാണ് നാലാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവ് എന്ന് പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഗ്രന്ഥകര്‍ത്താവിനെ യേശുവിന്റെ പ്രേഷ്ടശിഷ്യനായും അവിടുത്തെ ജീവിതത്തിലെ സംഭവങ്ങള്‍ക്കു ദൃക്‌സാക്ഷിയായും ചിത്രീകരിക്കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ സുവിശേഷത്തില്‍ത്തന്നെ കാണുന്നുണ്ട് (യോഹ 19,35; 21,24). എ.ഡി. 95ല്‍ എഫേസോസില്‍ വച്ച് ഇതിന്റെ രചന പൂര്‍ത്തിയായിരിക്കണം എന്നാണു പൊതുവെയുളള പണ്ഡിതമതം. ഈ സുവിശേഷം രചിച്ചതിന്റെ ഉദ്ദേശ്യം ഗ്രന്ഥകര്‍ത്താവു തന്നെ വ്യക്തമാക്കുന്നുണ്ട്. ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തു ആണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ് (20: 30വ31). യേശുവിന്റെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന അവിടുത്തെ വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്റെ ഉളളടക്കം. ഇവയുടെ ബാഹ്യമായ വിശദാംശങ്ങളില്‍ തങ്ങിനില്ക്കാതെ, ആന്തരാര്‍ത്ഥത്തിലേക്കു ചുഴിഞ്ഞിറങ്ങി, യേശുവില്‍ പൂര്‍ത്തിയായരക്ഷാകരരഹസ്യം വെളിപ്പെടുത്താനാണ് ഗ്രന്ഥകര്‍ത്താവിന്റെ ശ്രമം. അങ്ങനെ എല്ലാവരും യേശുവിന്റെ വ്യക്തിത്വത്തെ അതിന്റെ എല്ലാ സവിശേഷതകളോടുംകൂടെ മനസ്സിലാക്കി, വിശ്വാസത്തില്‍ എത്തിച്ചേരണമെന്നും അതുവഴി നിത്യജീവനില്‍ പങ്കുചേരാന്‍ ഇടയാകണമെന്നും അദ്ദേഹം അഭിലഷിക്കുന്നു. ഇക്കാരണത്താല്‍, വിശ്വാസത്തിന്റെ സുവിശേഷം എന്നും ജീവന്റെ സുവിശേഷം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. (ശിഷ്യന്മാരുടെ മുമ്പാകെ പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ഒരു പരമ്പരയായിട്ടാണ് യേശുവിന്റെ പ്രവര്‍ത്തനങ്ങളെ സുവിശേഷകന്‍ കാണുന്നത്. ഈ കാഴ്ചപ്പാടിനിണങ്ങിയ ശൈലിയില്‍ സാംസ്‌കാരികവും മതപരവുമായ സിദ്ധാന്തങ്ങളുടെയും ഭാഷാസങ്കേതങ്ങളുടെയും സഹായത്തോടെ, തന്റെ ക്രിസ്ത്വനുഭവത്തിലെ അടിസ്ഥാനഘടകങ്ങള്‍ വിശദീകരിക്കുകയാണ് അദ്ദേഹം. ഈ പരിശ്രമത്തില്‍ ജ്ഞാനവാദം, ദ്വൈതവാദം, യഹൂദചിന്ത,യവനചിന്ത തുടങ്ങിയ സമകാലീന ചിന്താധാരകളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുള്ളതായി കാണുന്നു. നാലാം സുവിശേഷത്തെ പ്രധാനമായും അടയാളങ്ങളുടെ പുസ്തകം (1,19വ12,50), മഹത്വത്തിന്റെ പുസ്തകം (13,120,31) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിക്കാം. യേശു, പരസ്യജീവിതകാലത്തു പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങളിലൂടെ പിതാവായ ദൈവത്തിന്റെ ആവിഷ്‌കരണമായി തന്നെത്തന്നെ അവതരിപ്പിക്കുന്നതാണ് അടയാളങ്ങളുടെ പുസ്തകത്തിലെ പ്രതിപാദ്യം. കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും പിതാവായ ദൈവത്തിന്റെ മഹത്വത്തിലേയ്ക്കുള്ള യേശുവിന്റെ കടന്നുപോകലാണു മഹത്വത്തിന്റെ പസ്തകത്തില്‍ വിവരിക്കുന്നത്. കൂടാതെ, ഒരു ആമുഖവും (1,1-18) ഒരു അനുബന്ധവും (21,1-25) ഈ സുവിശേഷത്തിനുണ്ട്.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment