Gospel of St. John Chapter 10 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 10 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 10

ആട്ടിന്‍കൂട്ടത്തിന്റെ ഉപമ

1 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്.2 എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്.3 കാവല്‍ക്കാരന്‍ അവനു വാതില്‍ തുറന്നുകൊടുക്കുന്നു. ആടുകള്‍ അവന്റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്റെ ആടുകളെ പേരു ചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു.4 തനിക്കുള്ളതിനെയെല്ലാം പുറത്തിറക്കിയിട്ട് അവന്‍ അവയ്ക്കുമുമ്പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകള്‍ അവനെ അനുഗമിക്കുന്നു.5 അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല്‍ അവ അവരില്‍നിന്ന് ഓടിയകലും-6 യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാല്‍, അവന്‍ തങ്ങളോടു പറഞ്ഞത് എന്തെന്ന് അവര്‍ മനസ്‌സിലാക്കിയില്ല.

നല്ല ഇടയന്‍

7 അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍.8 എനിക്കുമുമ്പേ വന്നവരെല്ലാം കള്ളന്‍മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല.9 ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും.10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.11 ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.12 ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.13 അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്.14 ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.15 ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു.16 ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.17 തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്‌നേഹിക്കുന്നു.18 ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്‌സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്.19 ഈ വാക്കുകള്‍മൂലം യഹൂദരുടെ ഇടയില്‍ വീണ്ടും ഭിന്നതയുണ്ടായി.20 അവനു പിശാചുണ്ട്; അവനു ഭ്രാന്താണ്; എന്തിന് അവന്‍ പറയുന്നതു കേള്‍ക്കണം എന്നിങ്ങനെ അവരില്‍ വളരെപ്പേര്‍ പറഞ്ഞു.21 എന്നാല്‍, മറ്റുള്ളവര്‍ പറഞ്ഞു: ഈ വാക്കുകള്‍ പിശാചുബാധിതന്‍േറതല്ല; പിശാചിന് അന്ധരുടെ കണ്ണുകള്‍ തുറക്കുവാന്‍ കഴിയുമോ?

യേശു ദൈവപുത്രന്‍

22 ജറുസലെമില്‍ പ്രതിഷ്ഠയുടെ തിരുനാളായിരുന്നു. അത് ശീതകാലമായിരുന്നു.23 യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍24 യഹൂദര്‍ അവന്റെ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ധാവസ്ഥയില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക.25 യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം നല്‍കുന്നു.26 എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല.27 എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.28 ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.29 അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.30 ഞാനും പിതാവും ഒന്നാണ്.31 യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു.32 യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്?33 യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു.34 യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?35 വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.36 അങ്ങനെയെങ്കില്‍, പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ?37 ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ.38 എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്‍ക്കുകയും ചെയ്യും.39 വീണ്ടും അവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍നിന്ന് രക്ഷപെട്ടു.40 ജോര്‍ദാന്റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്‌നാനം നല്‍കിയിരുന്ന സ്ഥലത്തേക്ക് അവന്‍ വീണ്ടും പോയി അവിടെ താമസിച്ചു.41 വളരെപ്പേര്‍ അവന്റെ അടുത്തു വന്നു. അവര്‍ പറഞ്ഞു: യോഹന്നാന്‍ ഒരടയാളവും പ്രവര്‍ത്തിച്ചില്ല. എന്നാല്‍, ഈ മനുഷ്യനെപ്പറ്റി യോഹന്നാന്‍ പറഞ്ഞിരുന്നതെല്ലാം സത്യമാണ്.42 അവിടെവച്ച് വളരെപ്പേര്‍ അവനില്‍ വിശ്വ സിച്ചു.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment