Gospel of St. John Chapter 3 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 3

യേശുവും നിക്കൊദേമോസും.

1 ഫരിസേയരില്‍ നിക്കൊദേമോസ് എന്നുപേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു.2 അവന്‍ രാത്രി യേശുവിന്റെ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ് ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല.3 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.4 നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ?5 യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.6 മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും.7 നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ.8 കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും.9 ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ് ചോദിച്ചു.10 യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്‌സിലാകുന്നില്ലേ?11 സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല.12 ഭൗമിക കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞത് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗീയ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?13 സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.14 മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ,15 തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.16 എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.17 ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.18 അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.19 ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.20 തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല.21 സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

സ്‌നാപകന്റെ ദൗത്യം

22 ഇതിനുശേഷം യേശുവും ശിഷ്യന്‍മാരുംയൂദയാദേശത്തേക്കു പോയി. അവിടെ അവന്‍ അവരോടൊത്തു താമസിച്ച് സ്‌നാനം നല്‍കി.23 സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്‌നാനം നല്‍കിയിരുന്നു. ആളുകള്‍ അവന്റെ അടുത്തു വന്ന് സ്‌നാനം സ്വീകരിച്ചിരുന്നു.24 യോഹന്നാന്‍ ഇനിയും കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്നില്ല.25 അവന്റെ ശിഷ്യന്‍മാരും ഒരു യഹൂദനും തമ്മില്‍ ശുദ്ധീകരണത്തെപ്പററി തര്‍ക്കമുണ്ടായി.26 അവര്‍ യോഹന്നാനെ സമീപിച്ചു പറഞ്ഞു: ഗുരോ, ജോര്‍ദാന്റെ അക്കരെ നിന്നോടുകൂടിയുണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവന്‍ , ഇതാ, ഇവിടെ സ്‌നാനം നല്‍കുന്നു. എല്ലാവരും അവന്റെ അടുത്തേക്കു പോവുകയാണ്.27 യോഹന്നാന്‍ പ്രതിവചിച്ചു: സ്വര്‍ഗത്തില്‍നിന്നു നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല.28 ഞാന്‍ ക്രിസ്തുവല്ല. പ്രത്യുത, അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണ് എന്നു ഞാന്‍ പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്ഷികളാണ്.29 മണവാട്ടിയുള്ളവനാണ് മണവാളന്‍. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്റെ സ്വരത്തില്‍ വളരെ സന്തോഷിക്കുന്നു. അതുപോലെ, എന്റെ ഈ സന്തോഷം ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു.30 അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം.31 ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്.32 അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; എങ്കിലും, അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.33 അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണ് എന്നതിനു മുദ്രവയ്ക്കുന്നു.34 ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.35 പിതാവ് പുത്രനെ സ്‌നേഹിക്കുന്നു. എല്ലാം അവന്റെ കൈകളില്‍ ഏല്‍പിക്കുകയും ചെയ്തിരിക്കുന്നു.36 പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment