ഒരു രാജ്യം അതിന്റെ പൗരന്മാർക്ക് ഭരണഘടനാപരമായ കുറെ അവകാശങ്ങൾ നൽകുന്നുണ്ട്. അതുപോലെ തന്നെ സ്വർഗ്ഗരാജ്യത്തിനും ഒരു ഭരണഘടനയുണ്ട്. അത് ദൈവജനത്തിന് ഉറപ്പു വരുത്തുന്നു അനേകം അവകാശങ്ങളുമുണ്ട്. അതിലേ ആദ്യത്തെ അവകാശമാണ് ‘Right to be a Saint’. മറ്റെല്ലാ അവകാശങ്ങളെയും ആദ്യത്തെ ഒന്നിനോട് സംഗ്രഹിക്കാവുന്നത് മാത്രമാണ്. ഇന്നത്തെ കാലത്തും അനേകർ സംശയത്തിന്റെ നിഴലിൽ കാണുന്ന ഒന്നാണ് ഈ അവകാശം. എന്നോട് തന്നെ പലരും ചോദിച്ചിട്ടുണ്ട്. നമുക്കെങ്ങനെ ജീവിക്കാൻ സാധിക്കും അവരെ പോലെ…. അവർ വിശുദ്ധർ അല്ലേ…? എന്ന്. വിശുദ്ധർ എന്ന് വച്ചാൽ ദൈവത്തിൽ നിന്നും ചില പ്രത്യേക കൃപകൾ ലഭിച്ച വ്യക്തികൾ എന്നാണ് പലരുടെയും ധാരണ. അത് ശരിയാണ് പൂർണമായിട്ടല്ല എന്ന് മാത്രം. ഇതിനെ കുറിച്ചു എഴുതണം എന്ന് ഞാൻ കരുതുന്നു…ആളുകൾ മനസിലാക്കി വച്ചിരിക്കുന്നത് ഇപ്രകാരമായത് കൊണ്ടാണ് തങ്ങൾക്ക് ദൈവം നൽകിയിരിക്കുന്ന ഈ അവകാശത്തെ അവർ വിസ്മരിക്കുന്നത്. ഇതിന് ഒരു മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
ആലോചിച്ചു നോക്കുക. സൂര്യൻ ഭൂമിയിലേക്ക് തന്റെ പ്രകാശം വർഷിക്കുന്നു. അത് ഒന്നിനോടും പക്ഷപാതം കാണിക്കുന്നില്ല. ദുഷ്ടനെന്നോ ശിഷ്ടനെന്നോ വേർതിരിച്ചു പ്രകാശം ചൊരിയുന്നുമില്ല. ഈ പ്രകാശം പതിക്കുമ്പോൾ വയലുകളുടെ സൗന്ദര്യം വർദ്ധിക്കുന്നു. നദിയുടെ തിളക്കം വർദ്ധിക്കുന്നു. ഇതുപോലെ മഴയുടെ കാര്യത്തിലും നോക്കുക. ഏതെങ്കിലും ഒരു സ്ഥലത്ത് മഴ പെയ്യുമ്പോൾ അത് ആ സ്ഥലത്തു നിൽക്കുന്ന ഒരു ചെടിയെ മാത്രം മാറ്റി നിർത്തി ബാക്കിയുള്ളവയെ മാത്രം നനയ്ക്കുന്നില്ല. ഇതു പോലെ തന്നെയാണ് ദൈവം തന്റെ കൃപയും കാരുണ്യവും തന്റെ മക്കളിലേക്ക് പക്ഷപാതമില്ലാതെ ചൊരിയുന്നത്. നന്മ പ്രവർത്തിക്കുന്ന ഹൃദയങ്ങളിൽ അത് പ്രകടമാവുന്നു. അല്ലാത്തതിൽ വരുമ്പോൾ തന്നെ അവ നിർവീര്യമാവുന്നു. ഇത് പരിഹരിക്കാൻ എളുപ്പ വഴി ഒന്ന് മാത്രമാണ് ആത്മാർത്ഥമായി ദൈവത്തെ സ്നേഹിക്കുക അതുപോലെ തന്നെ പരസ്പരം സ്നേഹിക്കുക. അപ്പോൾ നമ്മുടെ ഹൃദയങ്ങൾ ഈ പ്രകാശം കൊണ്ടു ജ്വലിക്കുകയും നമ്മുടെ ശരീരങ്ങൾ ഈ മഴ തുള്ളികൾ കൊണ്ട് നനയുകയും ചെയ്യും. ഇനിയാണ് പ്രത്യേക കൃപയുടെ കാര്യം വരുന്നത്. പ്രഥമ ഘട്ടം തരണം ചെയ്തു കഴിയുമ്പോൾ ദൈവം ആ വ്യക്തിയെ സസൂക്ഷമം വീക്ഷിക്കുന്നു. ഓരോ ആത്മാവിന്റെയും സവിശേഷതകൾ വ്യത്യസ്തമാണ്. കൊച്ചുത്രേസ്യാ പറയുന്നത് പോലെ ഓരോ കൊച്ചു പൂവും റോസാപ്പൂ പോലെയായി തീരാൻ ആഗ്രഹിക്കുന്നുവെങ്കിൽ വസന്തത്തിന് അതിന്റെ മനോഹാരിത നഷ്ടപ്പെടും. ഓരോ പൂവിനും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. മുല്ലപൂവിന്റെ സൗന്ദര്യവും സുഗന്ധവും റോസാപ്പൂവിൽ നിന്ന് വളരെ വ്യത്യസ്തമാണ്. എന്നാൽ ഇവ രണ്ടും ഒന്ന് ഒന്നിനെക്കാൾ മെച്ചമല്ല. ചെളിക്കുണ്ടിൽ വിരിയുന്ന താമരയുടെ സ്ഥാനത്ത് ഇത്തിരിയില്ലാത്ത അരളി പൂവ് വിടർന്നു നിൽക്കുന്നത് കാണാൻ എങ്ങനെയുണ്ടാകും…? അതുപോലെ അരളിയുടെ കൊച്ചു കൊമ്പിൽ താമര വിടരുന്നതും നമുക്ക് ദഹിക്കുകയില്ല. അതുപോലെയാണ് ഓരോ ആത്മാവിന്റെയും കാര്യവും.
വിശുദ്ധരുടെ ജീവിതങ്ങൾ തന്നെ ശ്രദ്ധിക്കാം. സത്യവിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിനും ആത്മീയ ശൈശവം എന്ന പുണ്യം കൊണ്ട് സ്വർഗ്ഗം കീഴടക്കിയ വിശുദ്ധ കൊച്ചുത്രേസ്യായ്ക്കും തങ്ങളുടെ ജീവിത സായാഹ്നത്തിൽ ലഭിച്ചത് ഒരേ ജീവന്റെ കിരീടമാണ്. ഇവിടെ ഒരു കാര്യത്തിൽ മാത്രമാണ് മാറ്റമില്ലാത്തത്. ക്രിസ്തുവിനോടുള്ള ഇരുവരുടെയും സ്നേഹം. മലമുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു നദി മുന്നോട്ട് ഒഴുകും തോറും അതിന് പല കൈവഴികളുമുണ്ടാവുന്നു. എന്ന് കരുതി അതിലെ ജലത്തിന്റെ ഉറവിടത്തിന് മാറ്റം വരുന്നില്ല. സ്വർഗ്ഗീയ മലനിരകളിൽ നിന്ന് ഉത്ഭവിച്ചിറങ്ങുന്ന സ്നേഹമാകുന്ന നദി മുന്നോട്ട് ഒഴുകും തോറും അതിന് പല കൈവഴികളും രൂപപ്പെടുന്നു. ഇവയാണ് ഓരോ വിശുദ്ധരും. വ്യത്യസ്തമായ വഴികളിലൂടെ അവ ഒഴുകുന്നു എന്നിരുന്നാൽ തന്നെയും തങ്ങളുടെ ഉറവിടം അചഞ്ചലമായി നിലകൊള്ളുന്നു.
ഇവിടെ ഞാൻ ഒരു കാര്യം കൂടി ശ്രദ്ധയിൽപെടുത്താം. ഇനി ഒരുപക്ഷേ ദൈവത്തെയും നമ്മുടെ ചുറ്റിലും കാണുന്ന നമ്മുടെ സഹോദരങ്ങളെയും ക്രിസ്തു ആഗ്രഹിക്കുന്നത് പോലെ സ്നേഹിക്കാൻ നമുക്ക് കഴിയാതെ പോവുന്നുണ്ടെങ്കിൽ ഇങ്ങനെ പ്രാർത്ഥിച്ചാൽ മതി. (ഇതെന്റെ എളുപ്പവഴികളാണ്. ഓരോരുത്തർക്കും വ്യത്യസ്തമായ രീതികൾ ഉണ്ടാവാം.) ആദ്യത്തേത് ക്രിസ്തുവിനോട് : “കർത്താവേ മറ്റുള്ളവരോട് എന്റെയുള്ളിൽ ആത്മാർത്ഥമായ സ്നേഹമാണോ അതോ എന്റെ സ്നേഹം ലൗകീകമായവയ്ക്ക് വേണ്ടിയാണോ എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ. എന്നാലും നീ സ്നേഹിച്ചത് പോലെ എല്ലാവരെയും സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയം എനിക്കുണ്ടെന്ന് ഞാൻ അറിയുന്നു. അതിനാൽ എന്നോട് കരുണ തോന്നി എന്നെ സ്നേഹിക്കാൻ പഠിപ്പിക്കണമേ…”
അടുത്തത് പരിശുദ്ധ അമ്മയോട് : “എന്റെ അമ്മേ നീ എല്ലാം അറിയുന്നവളാകുന്നു. നിന്റെ പുത്രനോട് എനിക്കുള്ള സ്നേഹം ആത്മാർത്ഥമാണോ എന്നൊന്നും എനിക്ക് അറിയില്ല. എങ്കിലും അവനെ ആത്മാർത്ഥമായി സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയം എനിക്കുണ്ടെന്ന് ഞാൻ അറിയുന്നു. അതിനാൽ എന്നെ അപ്രകാരം സ്നേഹിക്കാൻ പഠിപ്പിക്കണമേ…”
വിദ്യ അഭ്യസിക്കാൻ തീക്ഷണമായ ആഗ്രഹമുള്ള ഒരു വിദ്യാർത്ഥിയെ ഉത്തമനായ ഒരു ഗുരുനാഥൻ തിരസ്ക്കരിക്കുകയില്ല. അദ്ദേഹം തന്റെ ജ്ഞാനം മുന്നിലുള്ള വിദ്യാർത്ഥിക്ക് പകർന്നു നൽകുന്നു. അങ്ങനെ അവനും ഗുരുവിനെ പോലെയാവുന്നു.
ഈശോ മറിയം യൗസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ആത്മാക്കളെ രക്ഷിക്കേണമേ!
– Love Apostle


Leave a comment