Gospel of St. John Chapter 12 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 12 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 12

തൈലാഭിഷേകം
(മത്തായി 26 : 6 – 26 : 13 ) (മര്‍ക്കോസ് 14 : 3 – 14 : 9 )

1 മരിച്ചവരില്‍നിന്നു താന്‍ ഉയിര്‍പ്പിച്ച ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു വന്നു.2 അവര്‍ അവന് അത്താഴം ഒരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ലാസറും ഉണ്ടായിരുന്നു.3 മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു.4 അവന്റെ ശിഷ്യന്‍മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്‌കറിയോത്താ പറഞ്ഞു:5 എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല?6 അവന്‍ ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്.7 യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ ശവസംസ്‌കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ.8 ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാന്‍ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.9 അവന്‍ അവിടെയുണ്ടെന്നറിഞ്ഞ് വലിയ ഒരു ഗണം യഹൂദര്‍ അവിടേക്കു വന്നു. അവര്‍ വന്നത് യേശുവിനെ ഉദ്‌ദേശിച്ചുമാത്രമല്ല; അവന്‍ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച ലാസറിനെ കാണാന്‍കൂടിയാണ്.10 ലാസറിനെക്കൂടി കൊല്ലാന്‍ പുരോഹിതപ്രമുഖന്‍മാര്‍ ആലോചിച്ചു.11 എന്തെന്നാല്‍, അവന്‍ നിമിത്തം യഹൂദരില്‍ വളരെപ്പേര്‍ അവരെ വിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു.

രാജകീയപ്രവേശനം
(മത്തായി 21 : 1 – 21 : 11 ) (മര്‍ക്കോസ് 11 : 1 – 11 : 11 ) (ലൂക്കാ 19 : 28 – 19 : 40 )

12 അടുത്ത ദിവസം, തിരുനാളിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേശു ജറുസലെമിലേക്കു വരുന്നെന്നു കേട്ട്,13 ഈന്തപ്പനയുടെ കൈകള്‍ എടുത്തുകൊണ്ട് അവനെ എതിരേല്‍ക്കാന്‍ പുറപ്പെട്ടു. അവര്‍ വിളിച്ചുപറഞ്ഞു: ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍.14 യേശു ഒരു കഴുതക്കുട്ടിയെക്കണ്ട് അതിന്റെ പുറത്തു കയറിയിരുന്നു.15 സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു.16 അവന്റെ ശിഷ്യന്‍മാര്‍ക്ക് ആദ്യം ഇതു മനസ്‌സിലായില്ല. എന്നാല്‍, യേശു മഹത്വം പ്രാപിച്ചപ്പോള്‍ അവനെപ്പറ്റി ഇക്കാര്യങ്ങള്‍ എഴുതപ്പെട്ടിരുന്നുവെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തുവെന്നും അവര്‍ അനുസ്മരിച്ചു.17 ലാസറിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച അവസരത്തില്‍ അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യം നല്‍കിയിരുന്നു.18 അവന്‍ ഈ അടയാളം പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കുവാന്‍ വന്നത്.19 അപ്പോള്‍ ഫരിസേയര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ. ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു.

ഗ്രീക്കുകാര്‍ യേശുവിനെ തേടുന്നു

20 തിരുനാളില്‍ ആരാധിക്കാന്‍ വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.21 ഇവര്‍ ഗലീലിയിലെ ബേത്‌സയ്ദായില്‍നിന്നുള്ള പീലിപ്പോസിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നു.22 പീലിപ്പോസ് പോയി അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു.23 യേശു പറഞ്ഞു: മനുഷ്യപുത്രന്‍മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.24 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.25 തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും.26 എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.

മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം

27 ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്.28 പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹ ത്വപ്പെടുത്തും.29 അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാല്‍ ചിലര്‍ ഒരു ദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.30 യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്.31 ഇപ്പോഴാണ് ഈ ലോകത്തിന്റെന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും.32 ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും.33 അവന്‍ ഇതു പറഞ്ഞത്, താന്‍ ഏതു വിധത്തിലുള്ള മരണമാണു വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്.34 അപ്പോള്‍ ജനക്കൂട്ടം അവനോടു ചോദിച്ചു: ക്രിസ്തു എന്നേക്കും നിലനില്‍ക്കുന്നു എന്നാണല്ലോ നിയമത്തില്‍ ഞങ്ങള്‍ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രന്‍?35 യേശു അവരോടു പറഞ്ഞു: അല്‍പസമയത്തേക്കുകൂടി പ്രകാശം നിങ്ങളുടെയിടയിലുണ്ട്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്ധകാരത്തില്‍ നടക്കുന്നവന്‍ താന്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയുന്നില്ല.36 നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങള്‍ക്കു പ്രകാശമുള്ളപ്പോള്‍ അതില്‍ വിശ്വസിക്കുവിന്‍.

യഹൂദരുടെ അവിശ്വാസം

37 ഇതു പറഞ്ഞതിനുശേഷം യേശു അവരില്‍നിന്നു പോയി രഹസ്യമായി പാര്‍ത്തു. അവന്‍ വളരെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവര്‍ അവനില്‍ വിശ്വസിച്ചില്ല.38 ഏശയ്യാ പ്രവാചകന്‍ പറഞ്ഞവചനം പൂര്‍ത്തിയാകേണ്ടതിനാണ് ഇത്. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്?39 അതുകൊണ്ട് അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു:40 അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു.41 അവന്റെ മഹത്വം കാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് ഏശയ്യാ ഇങ്ങനെ പ്രസ്താവിച്ചത്.42 എന്നിട്ടും, അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് ഏറ്റുപറഞ്ഞില്ല.43 ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു.44 യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്.45 എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു.46 എന്നില്‍ വിശ്വസിക്കുന്ന വരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.47 എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്.48 എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്‌കരിക്കുകയും ചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ പറഞ്ഞവചനംതന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും.49 എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു.50 അവിടുത്തെ കല്‍പന നിത്യജീവനാണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്‍പിച്ചതുപോലെ തന്നെയാണ്.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment