Gospel of St. John Chapter 15 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 15 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 15

മുന്തിരിച്ചെടിയും ശാഖകളും

1 ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.2 എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.3 ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു.4 നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.5 ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.6 എന്നില്‍ വസിക്കാത്തവന്‍മുറിച്ച ശാഖപോലെ പുറത്തെ റിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു.7 നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.8 നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.9 പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുവിന്‍.10 ഞാന്‍ എന്റെ പിതാവിന്റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്‍പന കള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും.11 ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്.12 ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം.13 സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.14 ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്.15 ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.16 നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്‍മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.17 ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു: പരസ്പരം സ്‌നേഹിക്കുവിന്‍.

ലോകം നിങ്ങളെ വെറുക്കും

18 ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍.19 നിങ്ങള്‍ ലോകത്തിന്‍േറ തായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍േറതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു.20 ദാസന്‍യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും.21 എന്നാല്‍, എന്റെ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല.22 ഞാന്‍ വന്ന് അവരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച് അവര്‍ക്ക് ഒഴികഴിവില്ല.23 എന്നെ ദ്വേഷിക്കുന്നവന്‍ എന്റെ പിതാവിനെയും ദ്വേഷിക്കുന്നു.24 മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്തില്ലായിരുന്നുവെങ്കില്‍, അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ എന്നെയും എന്റെ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്തിരിക്കുന്നു.25 അവര്‍ കാരണം കൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.26 ഞാന്‍ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും.27 ആരംഭം മുതല്‍ എന്നോടുകൂടെയുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നല്‍കും.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment